| Wednesday, 12th October 2022, 2:46 pm

വേതനത്തിന്റെ കാര്യത്തില്‍ നടിമാരേക്കാള്‍ ബുദ്ധിമുട്ടനുഭവിക്കുന്ന നടന്മാരുണ്ട്; ഇവിടെ ഒരു സിസ്റ്റമില്ല: ജോളി ചിറയത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ അഭിനേതാക്കള്‍ക്ക് ലഭിക്കുന്ന വേതനത്തിലെ ഏറ്റക്കുറച്ചിലുകളും ഉച്ചനീചത്വങ്ങളും അടുത്ത കാലത്ത് ഏറെ ചര്‍ച്ചയായിരുന്നു. ഒരേ തൊഴില്‍ ചെയ്യുന്നവര്‍ തമ്മില്‍ ലിംഗപരമായ വിവേചനങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അര്‍ഹിക്കുന്ന ന്യായമായ വേതനം പലര്‍ക്കും ലഭിക്കുന്നില്ലെന്നും നിരവധി പേര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് നടി ജോളി ചിറയത്ത്. വിചിത്രം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് ക്യാരക്ടര്‍ റോളുകള്‍ ചെയ്യുന്ന അഭിനേതാക്കള്‍ക്ക് നേരിടേണ്ടി വരുന്ന വിവേചനത്തെ കുറിച്ച് നടി സംസാരിച്ചത്.

മികച്ച വേഷങ്ങള്‍ ചെയ്യുമ്പോഴും അര്‍ഹിക്കുന്ന വേതനം ലഭിക്കുന്നില്ലെന്ന് തോന്നിയിട്ടുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ജോളി ചിറയത്ത്.

‘നല്ലൊരു ചോദ്യമാണിത്. വേണമെങ്കില്‍ ഒരു ടാക്ടിക്കല്‍ ഉത്തരം എനിക്ക് പറയാം. പക്ഷെ ഞാന്‍ അതിന് ആഗ്രഹിക്കുന്നില്ല. അര്‍ഹിക്കുന്ന വേതനം എന്നത് മാത്രമല്ല ഇവിടെ വിഷയം.

പൊതുവെ ക്യാരക്ടര്‍ റോളുകള്‍ ചെയ്യുന്ന ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വേതനത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. സ്ത്രീയായതുകൊണ്ടല്ല അത് സംഭവിക്കുന്നത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്.

ഞങ്ങളേക്കാള്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ക്യാരക്ടര്‍ റോളുകള്‍ ചെയ്യുന്ന പുരുഷന്മാര്‍ ഇന്‍ഡസ്ട്രിയിലുണ്ട്. അതൊരു സ്‌ട്രെക്ച്ചറിന്റെ പ്രശ്‌നമാണ്. ഇവിടുത്തെ ഇന്‍ഡസ്ട്രിക്ക് സ്‌ട്രെക്ച്ചറില്ല. വ്യവസ്ഥയുള്ളപ്പോഴേ അതിനകത്ത് നിന്ന് എന്തെങ്കിലും ഡിമാന്‍ഡ് ചെയ്യാന്‍ പറ്റു.

തൊഴില്‍ഘടനയില്ലാത്ത സ്ഥലത്ത് പല കാര്യങ്ങളും ഉന്നയിക്കാന്‍ സാധിക്കില്ല. അതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. സമൂഹത്തിലെ വികാസത്തിന്റെ ഭാഗമായിട്ടേ അതുണ്ടാകുകയുള്ളു. ഇപ്പോള്‍ നിങ്ങള്‍ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത് തന്നെ എനിക്ക് സന്തോഷമാണ്. അല്ലെങ്കില്‍ വളരെ പെരിഫെറലായിട്ടുള്ള കാര്യങ്ങള്‍ പറഞ്ഞുപോകുന്ന രീതിയാണല്ലോ. അതും വേണ്ടതാണ്.

അതേസമയം ഇത്തരത്തിലുള്ള ജെനുവിനായ ചോദ്യങ്ങള്‍ വരുമ്പോഴല്ലേ നമുക്ക് ഈ വിഷയങ്ങളേ കുറിച്ച് സംസാരിക്കാനും കാണുന്ന പ്രേക്ഷകര്‍ക്കും ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്കും ഇതേ കുറിച്ച് ചിന്തിക്കാനും കഴിയൂ.

അര്‍ഹിക്കുന്ന വേതനം ലഭിക്കാത്ത പ്രശ്‌നം ശരിക്കുമുള്ളതാണ്. പക്ഷെ ആ വേതനത്തിന് വേണ്ടി ഞങ്ങള്‍ക്ക് എവിടെയും ഡിമാന്‍ഡ് ചെയ്യാന്‍ പറ്റാത്ത അവസ്ഥയുണ്ട്. പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ മാറിവരുന്നുണ്ട്. നമുക്ക് എത്രയാണ് വേണ്ടതെന്ന ചോദ്യമെങ്കിലും ഉണ്ടാകുന്നുണ്ട്. മുമ്പ് ഇത്രയാണ് നിങ്ങള്‍ക്കുള്ളത് എന്ന് പറയുകയായിരുന്നു. കൂടുതല്‍ ചോദിക്കാനോ പറയാനോ കഴിയുമായിരുന്നില്ല.

പിന്നെ, ഞാന്‍ സിനിമയില്‍ ഒരു തുടക്കക്കാരിയാണ്. അഞ്ചോ ആറോ വര്‍ഷമേ ആയിട്ടുള്ളു. അതുകൊണ്ട് ഇന്‍ഡസ്ട്രിയെ മൊത്തത്തില്‍ വിലയിരുത്താന്‍ എനിക്ക് കഴിയില്ലായിരിക്കാം. എന്നാല്‍ ഇപ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍ മുമ്പ് എന്തായിരിക്കാമെന്നത് ആലോചിക്കാമല്ലോ. ആ യാഥാര്‍ത്ഥ്യബോധം എനിക്കുണ്ട്,’ ജോളി ചിറയത്ത് പറഞ്ഞു.

അതേസമയം ജോളി ചിറയത്ത് അഭിനയിക്കുന്ന പുതിയ ചിത്രമായ വിചിത്രം ഒക്ടോബര്‍ 14നാണ് തിയേറ്ററുകളിലെത്തുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അച്ചു വിജയനാണ് സംവിധാനം.

ഷൈന്‍ ടോം ചാക്കോ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കേതകി നാരായണ്‍ തുടങ്ങി നിരവധി പേര്‍ ഭാഗമാകുന്നുണ്ട്. നിഖില്‍ രവീന്ദ്രനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അര്‍ജുന്‍ ബാലകൃഷ്ണനാണ് ഛായാഗ്രഹണവും ജുബൈര്‍ മുഹമ്മദ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

നേരത്തെ തന്നെ പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും വിചിത്രം ശ്രദ്ധ നേടിയിരുന്നു. പേരിനോട് നീതി പുലര്‍ത്തുന്ന വെറൈറ്റി വര്‍ക്കെന്നായിരുന്നു ട്രെയ്‌ലറിനോട് പ്രേക്ഷകര്‍ പ്രതികരിച്ചത്.

പ്രമേയം കൊണ്ടും അവതരണം കൊണ്ടും തീര്‍ത്തും വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും വിചിത്രമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

Content Highlight: Actress Jolly Chirayath about the salary discrimination in film industry

We use cookies to give you the best possible experience. Learn more