| Sunday, 29th May 2022, 8:11 am

തടിയുള്ളവരെ എന്താ സുന്ദരികളെന്ന് വിളിക്കാത്തത്; ആരോ അളന്നുവെച്ച ഒരു വാര്‍പ്പിനുള്ളിലേക്ക് കേറി നിന്നാല്‍ മാത്രമേ സുന്ദരിയാകുകയുള്ളു എന്നുണ്ടോ: ജുവല്‍ മേരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തടിയുള്ളവരെ എന്താ ആരും സുന്ദരികളെന്നും സുന്ദരന്മാരെന്നും വിളിക്കാത്തതെന്ന് നടിയും അവതാരികയുമായ ജുവല്‍ മേരി. ‘തടികുറച്ചു മെലിഞ്ഞു സുന്ദരിയായി’ തുടങ്ങിയ തലക്കെട്ടില്‍ വരുന്ന വാര്‍ത്തകള്‍ക്കെതിരെയായിരുന്നു ജുവല്‍ മേരി വിമര്‍ശനമുയര്‍ത്തിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അവരുടെ പ്രതികരണം.

അഴകിനെ അളക്കുന്ന സ്‌കെയില്‍ ചെറുതാണെന്നും ആരോ അളന്നുവെച്ച ഒരു വാര്‍പ്പിനുള്ളിലേക്ക് കേറി നില്‍ക്കാന്‍ സാധിക്കുന്ന ആ ഒരു ദിവസമേ സുന്ദരിയാവുള്ളൂ എന്ന് വിചാരിച്ചാല്‍ ആയുസില്‍ അനുഗ്രഹം പോലെ കിട്ടുന്ന എത്രയോ ദിവസങ്ങള്‍ നമ്മള്‍ നമ്മളെ വെറുത്തുകഴിയേണ്ടി വരുമെന്നും ജുവല്‍ കുറിപ്പിലൂടെ ഓര്‍മിപ്പിച്ചു.

‘തടിയുള്ള പെണ്ണുങ്ങളെ, ആണുങ്ങളെ എന്താ ആരും സുന്ദരികളെന്നും സുന്ദരന്മാരെന്നും വിളിക്കാത്തത്!

തടികുറച്ചുമെലിഞ്ഞു സുന്ദരിയായി! ഇത് ഇന്നൊരു വാര്‍ത്തയാണ്! മനുഷ്യരെത്ര തരമാണ്, എത്ര നിറത്തില്‍, എത്ര വിധത്തില്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ കോടിക്കണക്കിനു മനുഷ്യര്‍. എന്നിട്ടു സൗന്ദര്യം അളക്കാന്‍ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു ഉമ്മാക്കി സ്‌കെയില്‍.

തൊലിക്ക് കീഴെ മാംസവും മേദസുമുള്ള എന്നെ പോലുള്ള തടിച്ചികളെയും തടിയന്മാരെയും കെട്ടിപ്പിടിക്കണം അത്രയും ഊഷ്മളമായി നിറവോടെയുള്ള ആലിംഗനങ്ങള്‍.

ആരോ അളന്നുവെച്ച ഒരു വാര്‍പ്പിനുള്ളിലേക്ക് കേറി നില്‍ക്കാന്‍ സാധിക്കുന്ന ആ ഒരു ദിവസമേ ഞാന്‍ സുന്ദരിയാവുള്ളൂ വിചാരിച്ചാല്‍ ആയുസില്‍ അനുഗ്രഹം പോലെ കിട്ടുന്ന എത്രയോ ദിവസങ്ങള്‍ നമ്മള്‍ നമ്മളെ വെറുത്തു കഴിയേണ്ടി വരും.

കണ്ണാടിക്കു മുന്നില്‍ നിന്ന് നിങ്ങളുടെ ഉടലിനെ പച്ചയായിട്ട് ഒന്ന് കാണു! എന്തൊരു അത്ഭുതമാണ്. എത്ര സാധ്യതകളാണ് .ഇരിക്കുന്ന, നടക്കുന്ന, സ്വപ്നം കാണുന്ന, ഓരോ പിടിയും രുചിച്ചു കഴിക്കുന്ന ജീവിതത്തെ പ്രണയിക്കുന്ന അത്ഭുത ഉടലുകള്‍!

അഴകിനെ അളക്കുന്ന സ്‌കെയില്‍ എത്ര ചെറുതാണല്ലേ? ഓടിച്ചു ദൂരെക്കള. നമുക്ക് നമ്മളെ തന്നെ സ്‌നേഹിക്കാം, ഊഷ്മളമായി പരസ്പരം സ്‌നേഹം പങ്കുവെയ്ക്കാം, എന്റെ കണ്ണില്‍ എല്ലാരും സുന്ദരന്മാരും സുന്ദരികളും ആണ്, കൊടിയ ചിരികളും, തടിച്ച ഉടലുകളും, മെല്ലിച്ച മനുഷ്യരും പേശി ബലമുള്ളവരും കൊന്ത്രപല്ലുള്ളവരും അനേകായിരം നിറങ്ങളില്‍ ഉള്ള ഓരോ മനുഷ്യ ജീവിയും പരസ്പരം പങ്കു വച്ചും അനുമോദിച്ചും സ്‌നേഹിച്ചും കഴിയുന്ന ഒരു ഭൂമിയാണ് ഞാന്‍ കണ്ട കിനാശ്ശേരി. എന്ന് സുന്ദരിയായ ഒരു തടിച്ചി,’ ജുവല്‍ മേരി എഴുതി.

സ്ത്രീപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ശബ്ദസന്ദേശത്തിലും ജുവല്‍ നേരത്തെ പ്രതികരണമറിയിച്ചിരുന്നു. പെണ്‍മക്കളെ അറവുമാടുകളെപ്പോലെയാണ് പലരും കാണുന്നതെന്നും ഗാര്‍ഹിക പീഡനം സാധാരണ പ്രശ്‌നമായി കണക്കാക്കുന്നതാണ് ഏറ്റവും വലിയ പ്രശ്‌നമെന്നായിരുന്നു അവരുടെ പ്രതികരണം
മരിച്ചിട്ടു നീതി കിട്ടിയിട്ട് എന്ത് കാര്യമെന്നും ജുവല്‍ ചോദിച്ചിരുന്നു.

CONTENT HIGHLIGHTS: Actress Jewel Mary says that no one calls fat people beautiful and handsome.

We use cookies to give you the best possible experience. Learn more