അവതാരകയായും അഭിനേത്രിയായുമൊക്കെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് ജുവല്‍ മേരി. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ഗോവിന്ദ് പത്മസൂര്യയോടൊപ്പം സഹഅവതാരകയായെത്തിയാണ് ജുവല്‍ ആദ്യമായി പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നത്.
മമ്മൂട്ടിയുടെ നായികയായി പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ജുവലിന്റെ അഭിനയരംഗത്തേക്കുള്ള കടന്നുവരവ്. പിന്നീട് ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയിലും മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു. തന്റെ അവതാരക ജീവിതത്തിലെ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് മമ്മൂക്കയും ഫാമിലിയുമൊത്ത് തനിക്കുണ്ടായ ഒരനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ജുവലിപ്പോള്‍. മൈല്‍സ്റ്റോണ്‍മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ജുവല്‍ ഇക്കാര്യം പറഞ്ഞത്.
മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തിനെ അവാര്‍ഡ് ഫങ്ഷനിടെ സ്റ്റേജിലേക്ക് വിളിച്ചതിനെ കുറിച്ചാണ് ജുവല്‍ സംസാരിക്കുന്നത്.
”അവാര്‍ഡ് ഫങ്ക്ഷന് നടന്നപ്പോള്‍ ചാനലിന്റെ ഭാഗത്ത് നിന്നും റിക്വസ്റ്റ് ഉണ്ടായിരുന്നു, ദുല്‍ഖറിന് സുല്‍ഫത്ത് മാം അവാര്‍ഡ് കൊടുക്കണമെന്ന്. അത് പക്ഷെ അവരോട് പറഞ്ഞിട്ടില്ല. മാം സ്റ്റേജില്‍ വരുന്നത് വളരെ റെയര്‍ ആയിട്ടാണ്.
ഞാന്‍ ഒന്ന് ശ്രമിച്ച് നോക്കാമെന്ന് പറഞ്ഞാണ് സ്റ്റേജില്‍ കയറിയത്. അങ്ങനെ ഞാന്‍ അനൗണ്‍സ് ചെയ്തു, ഈ അവാര്‍ഡ് കൊടുക്കാന്‍ വേണ്ടി സുല്‍ഫത്ത് മാം വരണമെന്ന്. മമ്മൂക്ക അപ്പോള്‍ തന്നെ ഓണ്‍ ക്യാമറയില്‍ പറഞ്ഞു, പറ്റില്ലെന്ന്. ഞാന്‍ ആകെ തകര്‍ന്നു.
ഞാന്‍ തിരിച്ച് എക്‌സ്പ്രഷനൊന്നും ഇടാതെ വെയിറ്റ് ചെയ്തു. പിന്നെ ഇതൊരു ഷോ ആണെന്നും ലൈവ് ഓഡിയന്‍സ് കുറച്ചേ ഉള്ളൂവെന്നും ഇത് എഡിറ്റ് ചെയ്യാന്‍ പറ്റുമെന്നുള്ള ഒരു ധൈര്യത്തില്‍ ആണ് വെയിറ്റ് ചെയ്ത് നിന്നത്.
ദുല്‍ഖര്‍ അമ്മയുടെ കയ്യിലൊക്കെ കയറിപ്പിടിച്ചു, പോവണ്ടായെന്നുള്ള രീതിയില്‍ തടസപ്പെടുത്തി. ഞാന്‍ പറഞ്ഞത് അവര്‍ക്കാര്‍ക്കും ഇഷ്ടപ്പെട്ടില്ല. അപ്പോഴും അവര്‍ക്ക് അറിയില്ല അവാര്‍ഡ് കൊടുക്കേണ്ടത് ദുല്‍ഖറിനാണെന്നത്. അത് ഞാന്‍ പറഞ്ഞിരുന്നില്ല. അങ്ങനെ ഞാന്‍ മൂന്നാമതും സുല്‍ഫത് മാമിനെ സ്റ്റേജിലേക്ക് വിളിച്ചു.
അന്നേരം മമ്മൂക്കയുടെ മുഖമൊക്കെ ആകെ മാറി. ഒരു കയ്യടിയൊക്കെ കൊടുത്താല്‍ മാം വരുമെന്നൊക്കെ ഞാന്‍ പറഞ്ഞു, ആളുകള്‍ കയ്യടിച്ചു. അവസാനം ഒരുതരത്തില്‍ വിളിച്ച് സ്റ്റേജില്‍ കൊണ്ടുവന്നു. അവരുടെ എല്ലാവരുടെയും മുഖം അപ്‌സറ്റായിരുന്നു.
എന്നിട്ട് ഞാന്‍ അവാര്‍ഡ് അനൗണ്‍സ് ചെയ്തു, ദുല്‍ഖറിനാണെന്ന്. അപ്പോള്‍ എല്ലാവരുടെയും ഭാവം മാറി, മുഖത്ത് ഭയങ്കര സന്തോഷം വന്നു. അമ്മയുടെ കയ്യില്‍ നിന്ന് അങ്ങനെ ഒരവാര്‍ഡ് വാങ്ങാന്‍ പറ്റിയപ്പോള്‍ ദുല്‍ഖറിനും ഭയങ്കര സന്തോഷമായി. കാരണം അതുപോലുള്ള നല്ലൊരു മൊമന്റ്‌റ് അല്ലേ അത് ?
പിന്നെ ഞാന്‍ നോക്കുമ്പോള്‍ മമ്മൂക്ക അത് വീഡിയോ എടുക്കുന്നുണ്ട്. മമ്മൂക്ക അത്രേയുള്ളു. ആ സ്‌പോട്ടില്‍ തന്നെ അത് തീര്‍ന്നു. അതുകഴിഞ്ഞ് ഡിന്നറിന്റെ സമയത്ത് ഞാന്‍ മാമിന്റെ അടുത്ത് സംസാരിച്ചു. ഞാന്‍ സോറി പറയാന്‍ ചെന്നപ്പോള്‍ മാം പറഞ്ഞു, മോളേ, എനിക്ക് ഇത്തിരി ടെന്‍ഷനൊക്കെ വരും അതുകൊണ്ടാണ് എന്ന്. പക്ഷെ അത് നല്ലതായിരുന്നു കേട്ടോ എന്നും പറഞ്ഞു. അപ്പൊ എനിക്ക് സന്തോഷമായി,” ജുവല്‍ പറഞ്ഞു.
ജോഷിയുടെ സംവിധാനത്തിലിറങ്ങിയ സുരേഷ് ഗോപി ചിത്രമായ പാപ്പന്‍ ആണ് ജുവലിന്റേതായി ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം.
Content Highlight: Actress Jewel Mary about Mammootty and his wife Sulfath