| Thursday, 29th December 2022, 8:32 pm

ഇത്രയും പ്രിവിലേജുണ്ടായിട്ടും അങ്ങനെ ചെയ്തപ്പോള്‍ എനിക്ക് മമ്മൂക്കയോട് വീണ്ടും പ്രേമം തോന്നി: ജുവല്‍ മേരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി സിനിമയില്‍ കാണുന്നതിനേക്കാള്‍ സുന്ദരനാണ് നേരിട്ട് കാണാനെന്ന് നടിയും അവതാരകയുമായ ജുവല്‍ മേരി. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും സുന്ദരന്‍ മമ്മൂട്ടിയാണെന്നും അദ്ദേഹം ചെയ്യുന്ന സിനിമകളും എടുക്കുന്ന നിലപാടുകളും മറ്റുള്ളവരുടെ ചിന്തകള്‍ക്കും അപ്പുറത്താണെന്നുമാണ് ജുവല്‍ പറഞ്ഞത്.

ജൂഡ് ആന്റണിയുടെ മുടിയേക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞത് കണ്ടപ്പോള്‍ അദ്ദേഹത്തിനോട് തനിക്ക് വീണ്ടും പ്രേമം തോന്നിയെന്നും ജുവല്‍ പറഞ്ഞു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ജുവല്‍ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത്.

”ഞാന്‍ കണ്ടതില്‍ ഏറ്റവും സുന്ദരന്‍ മമ്മൂക്കയാണ്. എന്ത് സുന്ദരനാണ് അദ്ദേഹം. സിനിമയില്‍ കാണുന്നത് പോലെയല്ല. നേരിട്ട് കാണാന്‍ അതിലും സുന്ദരനാണ്. മമ്മൂക്കയെ കാണുമ്പോള്‍ ഒന്നും ചോദിക്കാന്‍ തോന്നില്ല. അദ്ദേഹത്തെ വെറുതെ നോക്കി ഇരിക്കാന്‍ തോന്നും.

സൗന്ദര്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മമ്മൂക്ക ചെയ്യുന്ന സിനിമകളായാലും അദ്ദേഹത്തിന്റെ തീരുമാനങ്ങളായാലും എല്ലാം നമ്മളുടെ ചിന്തയുടെ അപ്പുറത്താണ്. ഇത്രയും കാലം അദ്ദേഹം സൂര്യനായി ഉദിച്ച് നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ അതിന്റെ മേലെ ഒരു സൂര്യന്‍ കൂടി വന്ന് നില്‍ക്കുന്നത്. അത്രക്കും പ്രകാശം പരത്തുന്ന നിലയിലേക്കാണ് മമ്മൂക്ക ഇപ്പോള്‍ വന്ന് നില്‍ക്കുന്നത്.

ബാക്ക് ടു ബാക്ക് സിനിമകളുടെ സെലക്ഷനുകള്‍, എടുക്കുന്ന പൊളിറ്റിക്കല്‍ സ്റ്റാന്റുകള്‍ എല്ലാം കൊണ്ടും അദ്ദേഹം പ്രകാശം പരത്തുന്നു. ഇപ്പോള്‍ തന്നെ ജൂഡിന്റെ കാര്യത്തില്‍ അദ്ദേഹം ഒരു കമന്റ് പറഞ്ഞു, ആളുകള്‍ അത് പോയിന്റ് ഔട്ട് ചെയ്തപ്പോള്‍ തിരുത്തി മാപ്പ് പറഞ്ഞു. ഇത്രയും വലിയ പ്രിവിലേജില്‍ നിന്നിട്ടും അദ്ദേഹം കാണിച്ചത് കണ്ടപ്പോള്‍ എനിക്ക് മമ്മൂക്കയോട് വീണ്ടും പ്രേമം തോന്നി.

ഉട്ടോപ്യയിലെ രാജാവ്, പത്തേമാരി എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത് ജുവല്‍ മേരിയായിരുന്നു. ഉട്ടോപ്യയില്‍ ഉമ ദേവി എന്ന കഥാപാത്രവും പത്തേമാരിയില്‍ നളിനി എന്ന കഥാപാത്രവുമായാണ് ജുവല്‍ എത്തിയത്. സുരേഷ് ഗോപിയുടെ പാപ്പനിലാണ് അവസാനമായി ജുവല്‍ അഭിനയിച്ചത്.

content highlight: actress jewel mary about mammootty

We use cookies to give you the best possible experience. Learn more