കാസ്റ്റിങ് കൗച്ച് വരെ എത്തിയിട്ടില്ലെങ്കിലും അത്തരത്തിലൊരു അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്ന് നടിയും അവതാരികയുമായ ജുവല്‍ മേരി. ഒരു ഫേമസ് നടന്റെ സിനിമയില്‍ അഭിനയിക്കണം എന്ന് പറഞ്ഞായിരുന്നു അയാള്‍ തന്നെ വിളിച്ചതെന്നും, എന്നാല്‍ ‘ദേശാടനക്കിളികള്‍ കരയാറില്ല’ എന്ന സിനിമയുടെ കഥയാണ് പറഞ്ഞതെന്നും ജുവല്‍ പറഞ്ഞു.
സിനിമയില്‍ പുതിയതല്ലേയെന്നും അതുകൊണ്ട് അഡ്ജസ്റ്റ്‌മെന്റ് ചെയ്യാന്‍ തയാറാണോയെന്നും അയാള്‍ ചോദിച്ചെന്ന് താരം പറഞ്ഞു. എന്നാല്‍ അയാളെ താന്‍ ചീത്ത പറഞ്ഞില്ലെന്നും സുവിശേഷ പ്രസംഗം നടത്തി ഉപദേശിച്ച് വിടുകയായിരുന്നെന്നും ജുവല്‍ മേരി പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഈ സംഭവത്തെ കുറിച്ച് ജുവല്‍ മേരി സംസാരിച്ചത്.
‘കാസ്റ്റിങ് കൗച്ച് വരെയൊന്നും അന്ന് എത്തിയിരുന്നില്ല. എന്നാല്‍ എനിക്ക് അത്തരത്തിലൊരു ഫോണ്‍ കോള്‍ വന്നിരുന്നു. ഒരു പുള്ളിയാണ് എന്നെ വിളിച്ചത്. ആരാണെന്ന്എ നിക്ക് അറിയില്ല. ഒരു ഫേമസ് നടന്റെ പേര് പറഞ്ഞിട്ട് അയാളുടെ സിനിമയിലാണ് അഭിനയിക്കേണ്ടതെന്നും പറഞ്ഞു. എന്നാല്‍ കഥ കേള്‍ക്കാമെന്ന് ഞാന്‍ പറഞ്ഞു. സിനിമയുടെ വണ്‍ ലൈന്‍ ഇപ്പോള്‍ തന്നെ പറയാമെന്ന് പുള്ളി പറഞ്ഞു.
കഥ പറഞ്ഞ് തുടങ്ങിയപ്പോള്‍ ഇത് എവിടെയോ കേട്ടതുപോലെ എനിക്ക് തോന്നി. ദേശാടനക്കിളികള്‍ കരയാറില്ല എന്ന സിനിമയുടെ കഥയാണ് അയാള്‍ പറയുന്നത് എന്ന് എനിക്ക് പിന്നീടാണ് മനസിലായത്. ഞാന്‍ ആ സിനിമയൊന്നും കണ്ടിട്ടില്ലെന്നാണ് പുള്ളി കരുതിയത്. കഥയൊക്കെ പറഞ്ഞ് കഴിഞ്ഞിട്ട് പുള്ളി പറഞ്ഞു. താന്‍ സിനിമയില്‍ പുതിയതല്ലേ, എന്തെങ്കിലും അഡ്ജസ്റ്റ്‌മെന്റൊക്കെ ചെയ്യാന്‍ പറ്റുമോയെന്ന്.
ഞാനൊരു പതിനഞ്ച് മിനിട്ട് പുള്ളിയോട് സുവിശേഷ പ്രസംഗമൊക്കെ പറഞ്ഞു. ചേട്ടാ നിങ്ങള്‍ ഇങ്ങനെയൊന്നും പറയാന്‍ പാടില്ലെന്നും, ആരോടാണ് പറയുന്നതെന്ന് ഓര്‍ക്കണമെന്നും അയാളോട് ഞാന്‍ പറഞ്ഞു. അങ്ങനെ കുറേ ഉപദേശം ഞാന്‍ കൊടുത്തു. അവസാനം പുള്ളിക്ക് തന്നെ മതിയായി. ഇത് ചോദിക്കേണ്ടായിരുന്നു എന്നുവരെ പുള്ളി കരുതി. പിന്നീട് പുള്ളിയുടെ അഡ്രസ് പോലുമുണ്ടായിട്ടില്ല.
ഞാന്‍ അയാളെ ചീത്തയൊന്നും പറഞ്ഞില്ല. നിങ്ങള്‍ക്ക് ഇതൊക്കെ എങ്ങനെ കഴിയുന്നു എന്നാണ് ചോദിച്ചത്. ശരിക്കും പറഞ്ഞാല്‍ ഞാന്‍ അന്ന് പേടിച്ച് പോയിരുന്നു. ഇന്നത്തെ അത്രയും ധൈര്യം എനിക്ക് അന്നുണ്ടായിരുന്നില്ല. അങ്ങനെ പേടിയും വെപ്രാളവും കൂടിയാണ് അയാളെ ഒരു പതിനഞ്ച് മിനിട്ട് ഞാന്‍ ഉപദേശിച്ചത്,’ ജുവല്‍ മേരി പറഞ്ഞു.
content highlight: actress jewel mary about casting couch