| Saturday, 28th October 2023, 4:46 pm

'മകൾക്ക് സിനിമ കിട്ടിയെന്നായിരുന്നു വിചാരിച്ചത്, പക്ഷെ മഹേഷ്‌ വിളിച്ചത് എന്നെ'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

29 വർഷങ്ങൾക്ക് ശേഷം മാലിക് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തിയ നടിയാണ് ജലജ. മഹേഷ്‌ നാരായണൻ ഒരുക്കിയ മാലിക്കിൽ ശക്തമായ കഥാപാത്രമായിരുന്നു ജലജ അവതരിപ്പിച്ചത്.

ഫഹദ് ഫാസിലിന്റെ അമ്മയായി ജലജ അഭിനയിച്ചപ്പോൾ ജലജയുടെ തന്നെ യൗവനം അഭിനയിച്ചത് സ്വന്തം മകൾ ദേവി തന്നെയായിരുന്നു.

ദേവിയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു മാലിക്. മാലിക്കിലേക്ക് താനും മകളും എത്തിച്ചേർന്നതിനെ കുറിച്ച് പറയുകയാണ് ജലജ. മൈൽ സ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയായിരുന്നു ജലജ.

‘മാലിക്കിനായി മഹേഷ്‌ നാരായണൻ എന്നെ വിളിച്ചപ്പോൾ ഞാൻ കരുതിയത് അമ്മുവിന് വേണ്ടിയുള്ള പടമായിരിക്കും അതെന്നാണ്. ഞാൻ അന്ന് കേരളത്തിൽ ഉണ്ടായിരുന്നില്ല. ഒരിക്കൽ ഐ. എഫ്.എഫ്. കെ ക്ക്‌ പോയപ്പോഴാണ് ഞാൻ മഹേഷിനെ ആദ്യമായി പരിചയപെടുന്നത്. ഞാൻ അന്ന് മഹേഷിനോട് പറഞ്ഞിരുന്നു എന്റെ മകൾ അഭിനയിക്കാൻ ആഗ്രഹിക്കുന്നുണ്ട്, നല്ല പടങ്ങൾ വരുകയാണെങ്കിൽ തീർച്ചയായും വിളിക്കണമെന്ന്.

പിന്നീട് ഒരു ദിവസം മഹേഷ്‌ വിളിച്ചപ്പോൾ അമ്മുവിന് ഒരു റോൾ കിട്ടിയെന്ന് ഞാൻ ഉറപ്പിച്ചു. മോള് ഫ്രീയാണല്ലോയെന്ന് പറഞ്ഞപ്പോഴാണ് ഇത്‌ ചേച്ചിക്കുള്ള പടമാണെന്ന് പറയുന്നത്. പെട്ടെന്ന് അത് കേട്ടപ്പോൾ ഞാൻ ഒന്ന് സംശയത്തിലായി. പക്ഷെ മഹേഷിന്റെ പടം ആയതുകൊണ്ട് ഞാൻ ഹാപ്പി ആയിരുന്നു.

കഥ കേട്ടപ്പോൾ ഇതെനിക്ക് ചെയ്യാൻ പറ്റുമോയെന്ന് തോന്നി. അത് ഞാൻ മഹേഷിനോടും ചോദിച്ചു. ഞാൻ ഇത്‌ വരെ ചെയ്യാത്ത രീതിയിലുള്ള വേഷമായിരുന്നു അത്. എല്ലാത്തിനും ഉപരി എനിക്ക് മഹേഷിൽ പൂർണമായ വിശ്വാസം ഉണ്ടായിരുന്നു. എനിക്ക് ഈ വേഷം ചെയ്യാൻ പറ്റുമെന്ന് മഹേഷിന് തോന്നുന്നുണ്ടെങ്കിൽ എനിക്കും അതൊരു ധൈര്യമായിരുന്നു.

അപ്പോഴാണ് എന്റെ ചെറുപ്പക്കാലം അഭിനയിക്കാൻ മകൾക്കൊരു ചെറിയ വേഷമുണ്ടെന്ന് പറയുന്നത്. ചേച്ചിക്ക് പ്രശ്നമില്ലെങ്കിൽ നമുക്കങ്ങനെ ചെയ്യാമോയെന്ന് ചോദിച്ചു. ഒരു സിനിമയിൽ അഭിനയിക്കണമെന്നത് അമ്മുവിന്റെയും വലിയ ആഗ്രഹമായിരുന്നു. അതിന് മാലിക് പോലൊരു നല്ല സിനിമ കാരണമായി അങ്ങനെയാണ് മാലിക്കിൽ ഞങ്ങൾ രണ്ട് പേരും എത്തുന്നത്,’ ജലജ പറയുന്നു.

റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയുന്ന ഒറ്റ എന്ന ചിത്രത്തിലും ഒരു പ്രധാന വേഷത്തിൽ ജലജ എത്തുന്നുണ്ട്.

Content Highlight: Actress Jalaja Talk About Her Role In Malik Movie

We use cookies to give you the best possible experience. Learn more