മലയാള സിനിമയുടെ ഒരു കാലഘട്ടത്തിലെ ഏറ്റവും മികച്ച നടികളിലൊരാളായിരുന്ന ജലജ വര്‍ഷങ്ങള്‍ക്ക് ശേഷം അതിഗംഭീരമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലികില്‍ കേന്ദ്ര കഥാപാത്രമായ അലി ഇക്കയുടെ ഉമ്മയായ ജമീലയായാണ് ജലജയെത്തിയിരിക്കുന്നത്.
വേദനകള്‍ നിറഞ്ഞ ജീവിതത്തെ, ഉള്‍ക്കരുത്തോടെ നേരിടുന്ന സ്ത്രീകഥാപാത്രമായിട്ടാണ് മാലികില്‍ ജലജയെത്തുന്നത്. ചെറുപ്രായത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട ശേഷം രണ്ട് മക്കളെയും സ്വന്തം അധ്വാനത്തിലൂടെ വളര്‍ത്തിക്കൊണ്ടുവരുന്ന അധ്യാപക കഥാപാത്രമാണ് ജലജയുടേത്.
മകന്‍ ചെയ്ത കുറ്റകൃത്യത്തിനെതിരെ പറയാന്‍ ആരും തയ്യാറാകാതാകുമ്പോളും ജലജ അവതരിപ്പിച്ച ഉമ്മ സാക്ഷി പറയാന്‍ തയ്യാറാകുകയാണ്. മാലികില്‍ സ്വന്തം ആദര്‍ശത്തില്‍ നിന്നും അണുവിട വ്യതിചലിക്കാതെ തുടക്കം മുതല്‍ അവസാനം വരെ ഈ ഉമ്മ നിലകൊള്ളുകയാണ്.
മാലികില്‍ വളരെ കുറഞ്ഞ സീനുകളില്‍ മാത്രമാണ് ജലജ എത്തുന്നതെങ്കിലും തന്റെ എല്ലാ സീനുകളും നടി കയ്യടക്കത്തോടെ അഭിനയിച്ചിട്ടുണ്ട്. നിരാശയും ദേഷ്യവും സങ്കടവുമെല്ലാമാണ് പ്രധാനമായും ഉമ്മ കഥാപാത്രത്തില്‍ നിറയുന്നതെങ്കിലും ഇടയ്ക്ക് വരുന്ന ചില വൈകാരികമാറ്റങ്ങളെ ഒട്ടും അതിശയോക്തിയില്ലാതെ ജലജ അവതരിപ്പിച്ചിരിക്കുകയാണ്.
അഭിനയിച്ച് പാകം വരുക എന്നു പറഞ്ഞാല്‍ അത് ജലജയില്‍ കാണാമെന്നും, ഒരിക്കല്‍ മികച്ച നടിയായിരുന്ന ഒരാള്‍ എത്ര നാള്‍ അഭിനയരംഗത്തു നിന്നു വിട്ടുനിന്നാലും ആ കഴിവില്‍ ലവലേശം കുറവ് വരികയില്ലെന്ന് ഈ നടി തെളിയിച്ചിരിക്കുകയാണെന്നുമാണ് മാലികിന് വരുന്ന പല കമന്റുകളിലും പറയുന്നത്.
മകനായ സുലൈമാനെ കൊല്ലാന്‍ പോകുന്നയാളോട് സംസാരിക്കുന്ന രംഗത്തിലെയും പൊലീസിനോട് താന്‍ മകനെതിരെ സാക്ഷി പറയുമെന്ന് പറയുന്ന രംഗത്തിലെയും തിരക്കഥയുടെയും ഡയലോഗിന്റെയും ഭംഗി അതിന്റെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ ജലജക്കായി എന്നും അഭിപ്രായങ്ങളില്‍ പറയുന്നു.
ഫഹദ് ഫാസില്‍ ചെയ്ത അലി ഇക്കയുടെ മാസ് പഞ്ച് ഡയലോഗുകളോളം തന്നെ ഹീറോയിക് പരിവേഷമാണ് ജലജയുടെ കഥാപാത്രത്തിന്റേതെന്നും, അതിഭാവുകത്വമില്ലാതെ ആ ഹീറോയിക് ഭാവം സ്‌ക്രീനില്‍ കൊണ്ടുവരാന്‍ നടിക്കായെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
എഴുപതുകളോടെ അവസാനത്തോടെ മലയാള സിനിമയിലെത്തി തൊണ്ണൂറുകള്‍ വരെ സിനിമയില്‍ ശക്തമായ സാന്നിധ്യമായി തുടര്‍ന്ന നടിയായിരുന്നു ജലജ. ഹരിഹരന്റെ ഇവനെന്റെ പ്രിയപുത്രനായിരുന്നു ജലജയുടെ ആദ്യ സിനിമ.
പിന്നീട് ജി. അരവിന്ദന്റെയും കെ.ജി. ജോര്‍ജിന്റെയും അടൂര്‍ ഗോപാലകൃഷ്ണന്റെയും ചിത്രങ്ങളില്‍ ജലജ തുടര്‍ച്ചയായി അഭിനയിച്ചു. ചെയ്ത കഥാപാത്രങ്ങളില്‍ മിക്കതും സങ്കടങ്ങളും അതീവ നിരാശയും നിറഞ്ഞതായതിനാല്‍ മലയാള സിനിമയിലെ ദുഖപുത്രിയായിട്ടു കൂടി ജലജ അറിയപ്പെട്ടിരുന്നു.
1980കളുടെ തുടക്കത്തില്‍ പതിനേഴോളം ചിത്രങ്ങളിലാണ് ജലജ ഓരോ വര്‍ഷവും അഭിനയിച്ചു കൊണ്ടിരുന്നത്. കൊമേഴ്‌സ്യല്‍ ഹിറ്റുകളിലും സമാന്തര സിനിമകളിലും നടി ഒരുപോലെ തിളങ്ങി നിന്ന സമയമായിരുന്നു അത്.
ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത് 1981ലിറങ്ങിയ വേനല്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിം ഫെയര്‍ അവാര്‍ഡും ജലജ നേടിയിരുന്നു. മലയാള സിനിമയിലെ പ്രഗത്ഭരായ ഒട്ടുമിക്ക സംവിധായകരുടെയും ചിത്രങ്ങളില്‍ കേന്ദ്ര കഥാപാത്രമായെത്താന്‍ അവസരം ലഭിച്ച നടി കൂടിയായിരുന്നു ജലജ.
ഇതേ സമയത്ത് മൂന്നോളം തമിഴ് ചിത്രങ്ങളിലും ജലജ അഭിനയിച്ചിരുന്നു. 1992ലിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം സ്‌നേഹസാഗരമാണ് ജലജ അവസാനം ചെയ്ത ചിത്രം. 1993ല്‍ വിവാഹത്തിന് പിന്നാലെ സിനിമയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. ബഹ്‌റൈനിലായിരുന്നു പിന്നീട് താമസിച്ചിരുന്നത്.
2014ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസകാര നിര്‍ണ്ണയ കമ്മിറ്റിയില്‍ ജൂറി അംഗമായി ജലജ എത്തിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actress Jalaja’s return to Malayalam Cinema in Malik