കൊച്ചി: ഒരു കാലഘട്ടത്തിലെ ഏറ്റവും മികച്ച നടികളിലൊരാളായിരുന്ന ജലജ വര്‍ഷങ്ങള്‍ക്ക് ശേഷം അതിഗംഭീരമായ തിരിച്ചുവരവ് നടത്തിയ ചിത്രമാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്. വേദനകള്‍ നിറഞ്ഞ ജീവിതത്തെ, ഉള്‍ക്കരുത്തോടെ നേരിടുന്ന സ്ത്രീകഥാപാത്രമായിട്ടാണ് മാലികില്‍ ജലജയെത്തുന്നത്.
‘മഹേഷ് വിളിച്ചപ്പോള്‍ തന്നെ ഞാന്‍ ചോദിച്ചു ദേവിയ്ക്ക് ആണോ എന്ന്. ചേച്ചിയ്ക്കാണ് ഇതില്‍ റോളുള്ളതെന്ന് മഹേഷ് പറയുകയായിരുന്നു. വളരെ ശക്തമായ കഥാപാത്രമാണെന്ന് മഹേഷ് പറഞ്ഞു.
പക്ഷെ ദേവിയ്ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ ഇതില്‍ ചെറിയൊരു വേഷം ചെയ്യാമെന്നും ചേച്ചിയുടെ ചെറുപ്പകാലമാണ് അതെന്നും മഹേഷ് പറഞ്ഞു. എന്നാല്‍ ശരി നമുക്ക് നോക്കാമെന്ന് ഞാന്‍ പറഞ്ഞു.
അങ്ങനെ മഹേഷ് സ്‌ക്രിപ്റ്റ് കൊണ്ടുതന്നു. വായിച്ചപ്പോള്‍ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അപ്പോഴും ചെയ്യണോ വേണ്ടേ എന്നൊക്കെ സംശയമുണ്ടായിരുന്നു,’ ജലജ പറഞ്ഞു.
മാലികില്‍ ഫഹദിന്റെ കഥാപാത്രത്തിന്റെ അമ്മയായ ജമീല എന്ന വേഷമാണ് ജലജ ചെയ്തത്. സുലൈമാന്‍ അലിയെന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്.
റോസ്ലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിമിഷ സജയനും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, തുടങ്ങി നിരവധി കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് നടത്തിയത്.
ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം വലിയ നിരൂപക ശ്രദ്ധയാണ് നേടുന്നത്. ചിത്രം റിലീസായതോടെ ബീമാപ്പള്ളി വെടിവെയ്പ്പ് അടക്കമുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും തുടക്കമായിട്ടുണ്ട്.