| Saturday, 29th May 2021, 3:05 pm

ഒരു പുതുമുഖ താരത്തിന് കിട്ടേണ്ട പ്രധാന്യം എന്റെ കഥാപാത്രത്തിന് കിട്ടിയിട്ടുണ്ട്; വണ്‍ സിനിമയെ കുറിച്ച് ഇഷാനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു പുതുമുഖ താരത്തിന് സിനിമയില്‍ കിട്ടേണ്ട പ്രാധാന്യം തന്റെ കഥാപാത്രത്തിന് വണ്‍ എന്ന സിനിമയില്‍ കിട്ടിയിട്ടുണ്ടെന്നും മമ്മൂട്ടി സാറാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നതെങ്കില്‍ പോലും ഓരോ കഥാപാത്രത്തിനും അവരവരുടേതായ പ്രധാന്യം ചിത്രത്തില്‍ ഉണ്ടെന്നും നടി ഇഷാനി.

താനവതരിപ്പിച്ച കഥാപാത്രം സിനിമയുടെ കഥയുമായി വളരെയടുത്ത് നില്‍ക്കുന്നതുകൊണ്ട് ഒരു ശ്രദ്ധിക്കുന്ന കഥാപാത്രം അവതരിപ്പിച്ച ഫീല്‍ തന്നെയാണ് തനിക്കുള്ളതെന്നും ഇഷാനി വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സിനിമയാണ് ആഗ്രഹമെങ്കില്‍ പോലും എനിക്ക് ഇങ്ങനെയുള്ള ഒരു കഥാപാത്രമാണ് ആദ്യ സിനിമയില്‍ അഭിനയിക്കേണ്ടത് എന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. എല്ലാവരും അംഗീകരിക്കുകയും കണ്ടാല്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ.

വണ്ണിലെ കഥാപാത്രം തീര്‍ച്ചയായും അങ്ങനെ തന്നെയാണ്. ഞാന്‍ വണ്ണിന്റെ സെറ്റില്‍ പോയി രണ്ടാമത്തെ ദിവസം തന്നെ എനിക്ക് മമ്മൂട്ടി സാറുമായുള്ള കോമ്പിനേഷന്‍ സീന്‍ ഉണ്ടായിരുന്നു. മമ്മൂട്ടി സര്‍ കൂടെ അഭിനയിക്കുന്ന താരങ്ങളെ പെട്ടെന്ന് തന്നെ കംഫര്‍ട്ടബിള്‍ ആക്കും. പല സീനുകളും അഭിനയിക്കേണ്ടത് ഇങ്ങനെത്തന്നെയാണെന്ന് പറഞ്ഞു തരും. അതുകൊണ്ട് എനിക്ക് വളരെ സന്തോഷമായിരുന്നു.

ആദ്യ രണ്ടു മൂന്ന് ദിവസത്തെ ഷൂട്ടിങ് കൊച്ചിയില്‍ ആയിരുന്നെങ്കിലും പകുതി മുഴുവന്‍ തിരുവനന്തപുരത്ത് തന്നെയായിരുന്നു. ഞാനും അമ്മയും സെക്രട്ടറിയേറ്റിന്റെ അകത്തൊക്കെ കയറി നടന്നു കണ്ടു. പുറത്ത് നിന്ന് കാണുന്ന രീതിയിലല്ല ഉള്ളില്‍ കയറുമ്പോള്‍. അതൊക്കെ നല്ല എക്‌സ്പീരിയന്‍സായിരുന്നു.

ഞാന്‍ വളരെ ഭാഗ്യവതിയാണെന്ന് തോന്നുന്നുണ്ട്. കാരണം ചെറുപ്പകാലം മുതലേ തന്നെ സിനിമയായിരുന്നു സ്വപ്‌നം എങ്കില്‍പ്പോലും ഇത്ര വലിയ ഒരു ബാനറിന് കീഴില്‍ മമ്മൂക്കയുടെ ചിത്രത്തിലൂടെ ഒരു തുടക്കം കുറിക്കാന്‍ കഴിയും എന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വണ്‍ എന്റെ ആദ്യ ചിത്രം ആയതില്‍ ഞാന്‍ ശരിക്കും അഭിമാനിക്കുന്നുണ്ട്, ഇഷാനി പറഞ്ഞു.

അച്ഛനും അഹാനയുമൊക്കെ സിനിമയില്‍ സജീവമാണെങ്കിലും ഞാന്‍ സിനിമയും ആയി യാതൊരു ബന്ധവും ഇല്ലാത്ത ആളാണ്. അതുകൊണ്ട് സെറ്റില്‍ ആദ്യദിവസം പോയപ്പോള്‍ എനിക്ക് എല്ലാം പുതിയതായിരുന്നു. സെറ്റിലെത്തിയ ദിവസം തന്നെ എനിക്ക് ഒരു സീനില്‍ അഭിനയിക്കാന്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ എല്ലാവരുടെയും പുറകെ നടന്ന് എന്താണ് ഞാന്‍ ചെയ്യേണ്ടത്, ചെയ്യേണ്ടത് എന്ന് ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരു പുതുമുഖതാരം ആയതുകൊണ്ട് എനിക്ക് അവിടെ കാര്യങ്ങള്‍ പറഞ്ഞു തരാന്‍ ആളുകള്‍ ഉണ്ടായിരുന്നു.

ആദ്യ ആക്ഷന്‍ കേട്ടപ്പോള്‍ എന്താണ് ചെയേണ്ടത് എന്ന ടെന്‍ഷന്‍ ആയിരുന്നു കൂടാതെ ആദ്യ ടേക്ക് ഒകെ ആയില്ലെങ്കില്‍ പോലും എന്റെ അഭിനയം നല്ലതാണെന്ന് പറഞ്ഞപ്പോള്‍ അതെനിക്കൊരു അഭിമാനം ആയിരുന്നു, ഇഷാനി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Actress Ishaani Krishna About Her Character In One Movie

We use cookies to give you the best possible experience. Learn more