| Wednesday, 17th March 2021, 12:13 pm

രണ്ടാമത്തെ ദിവസം തന്നെ മമ്മൂട്ടി സാറിനൊപ്പമുള്ള സീനായിരുന്നു; ആദ്യചിത്രമായ 'വണ്ണി'ന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ഇഷാനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചേച്ചി അഹാനയ്ക്ക് പിറകെ മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് ചുവടുവെക്കുകയാണ് ഇഷാനി കൃഷ്ണ. മമ്മൂട്ടി നായകനായ വണ്‍ എന്ന ചിത്രത്തിലൂടെയാണ് ഇഷാനി കൃഷ്ണ തന്റെ സിനിമാ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.

ഒരു തുടക്കക്കാരിയുടെ എല്ലാ പതര്‍ച്ചയും തനിക്കുണ്ടായിരുന്നെന്നും എന്നാല്‍ മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ സെറ്റില്‍ തന്നെ കംഫര്‍ട്ടബിള്‍ ആക്കി നിര്‍ത്തിയെന്നും വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇഷാനി പറയുന്നു.

ആദ്യ ചിത്രം തന്നെ മമ്മൂട്ടിയെപ്പോലുള്ള ഒരു വലിയ താരത്തിന്റെ കൂടെ ആയതിന്റെ ത്രില്ലിലാണ് ഇഷാനി. വണ്‍ പോലുള്ള ഇത്രയും വലിയ ഒരു സിനിമയിലൂടെ തുടക്കം കുറിക്കാനായത് തന്റെ ഭാഗ്യമാണെന്ന് ഇഷാനി പറയുന്നു.

‘ ചെറുപ്പകാലം മുതലേ സിനിമയായിരുന്നു മനസില്‍. എങ്കിലും ഇത്രയും വലിയൊരു ബാനറിന്റെ കീഴില്‍ മമ്മൂക്കയുടെ ചിത്രത്തിലൂടെ ഒരു തുടക്കം കുറിക്കാന്‍ കഴിയും എന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

വണ്ണിന്റെ സെറ്റില്‍ പോയി രണ്ടാമത്തെ ദിവസം തന്നെ എനിക്ക് മമ്മൂട്ടി സാറുമായുള്ള കോമ്പിനേഷന്‍ സീന്‍ ഉണ്ടായിരുന്നു. മമ്മൂട്ടി സര്‍ കൂടെ അഭിനയിക്കുന്ന താരങ്ങളെ പെട്ടെന്ന് തന്നെ കംഫര്‍ട്ടബിള്‍ ആക്കും. പല സീനുകളും അഭിനയിക്കേണ്ടത് എങ്ങനെ ആണെന്ന് പറഞ്ഞു തരും. അതുകൊണ്ടൊക്കെ സെറ്റില്‍ എനിക്ക് വളരെ സന്തോഷമായിരുന്നു.

ഒരു പുതുമുഖ താരത്തിന് സിനിമയില്‍ കിട്ടേണ്ട പ്രാധാന്യം എന്റെ കഥാപാത്രത്തിന് ഈ സിനിമയില്‍ കിട്ടുന്നുണ്ട്. മമ്മൂട്ടി സാറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെങ്കില്‍ പോലും ഓരോ കഥാപാത്രത്തിനും അവരവരുടേതായ പ്രാധാന്യം ഉണ്ട്. ഞാന്‍ അവതരിക്കുന്ന കഥാപാത്രം സിനിമയുടെ കഥയുമായി വളരെ അടുത്ത് നില്‍ക്കുന്നതുകൊണ്ട് ഒരു ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം അവതരിപ്പിച്ച ഫീല്‍ തന്നെയാണ് എനിക്ക്, ഇഷാനി പറയുന്നു.

വണ്ണിന് മുന്‍പും സിനിമകളുടെ കഥയുമായി പലരും സമീപിച്ചിരുന്നെങ്കിലും കഥാപാത്രവും പിന്നെ തന്റെ പഠനവും മുന്‍നിര്‍ത്തി പലതും വേണ്ടെന്ന് വെക്കുകയായിരുന്നെന്ന് ഇഷാനി പറയുന്നു.

ബോബി സഞ്ജയുടെ തിരക്കഥയില്‍ മമ്മൂക്കയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന് കേട്ടപ്പോള്‍ അഭിനയിക്കണം എന്ന് തോന്നി. പിന്നെ സിനിമയിലെ തന്റെ കഥാപാത്രത്തിനും പ്രധാന്യം ഉള്ളതുകൊണ്ട് പിന്നീടൊന്നും ചിന്തിച്ചില്ല, ഇഷാനി പറഞ്ഞു.

ഇപ്പോള്‍ മലയാളത്തില്‍ ഉള്ള ഏറ്റവും പ്രായം കൂടിയ വ്യക്തിയായ മധുസര്‍ അടക്കമുള്ള വന്‍ താരനിര തന്നെയാണ് ചിത്രത്തിലുള്ളതെന്നും താന്‍ മാത്രമായിരുന്നു ഒരു പുതിയ താരമെന്നും അതുകൊണ്ട് തന്നെ വണ്‍ എന്ന സിനിമ തനിക്ക് നല്‍കിയത് വലിയ അനുഭവങ്ങളാണെന്നും ഇഷാനി പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Ishaani About Mammootty and her first film One

We use cookies to give you the best possible experience. Learn more