| Friday, 10th September 2021, 3:45 pm

എന്നെ കൊണ്ടുപോയി ഒരു കാരവാന് അകത്തിരുത്തി, ചായയും പലഹാരങ്ങളുമൊക്കെ കൊണ്ടുവെച്ചു; എനിക്കാണെങ്കില്‍ ആകെയൊരു വിമ്മിഷ്ടം; അനുഭവം പങ്കുവെച്ച് ഇന്ദ്രന്‍സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹോം എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് നടന്‍ ഇന്ദ്രന്‍സ്. ചിത്രത്തിലെ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഇതുവരെ കണ്ടുപരിചയിച്ചിരുന്ന ഇന്ദ്രന്‍സ് കഥാപാത്രങ്ങളില്‍ നിന്നുള്ള ഭാവമാറ്റം ഏറെ ആകാംക്ഷയോടെയാണ് സിനിമാ ആസ്വാദകര്‍ കണ്ടിരുന്നത്.

ഒരു പരിധി വരെ തന്റെ വിവരമില്ലായ്മയാണ് ഈ കഥാപാത്രത്തിന് ഗുണകരമായതെന്നാണ് ഇന്ദ്രന്‍സ് തന്നെ പറഞ്ഞിരുന്നത്. അറിയാത്ത കാര്യങ്ങള്‍ക്ക് മുന്നില്‍പ്പെടുമ്പോഴുള്ള ഒരു തപ്പലുണ്ടെന്നും അത് ഈ കഥാപാത്രത്തിന് ഗുണകരമായെന്നുമാണ് താരം പറഞ്ഞത്.

മലയാളത്തിന് പുറമെ തമിഴിലും ചില സിനിമകളില്‍ ഇന്ദ്രന്‍സ് വേഷമിട്ടിട്ടുണ്ട്. തമിഴില്‍ അഭിനയിക്കാന്‍ ചെന്നപ്പോഴുണ്ടായ ഒരു അനുഭവവും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പങ്കുവെക്കുന്നുണ്ട്.

സെറ്റില്‍ വരിവരിയായി നിര്‍ത്തിയിട്ടിരുന്ന കാരവാനില്‍ തന്നെ ഒരാള്‍ കൊണ്ടിരുത്തിയതിനെ കുറിച്ചും അതില്‍ നിന്ന് എങ്ങനെയെങ്കിലുമൊന്ന് പുറത്തു കടക്കാനായി താന്‍ നടത്തിയ ശ്രമത്തെ കുറിച്ചുമാണ് ഇന്ദ്രന്‍സ് പറയുന്നത്.

” തമിഴ് സിനിമ ലൊക്കേഷന്‍ കുറച്ചുകൂടി ആര്‍ഭാടം നിറഞ്ഞതാണ്. സെറ്റില്‍ വരിവരിയായി കാരവാന്‍ കൊണ്ടിട്ടിട്ടുണ്ട്. എന്നേയും ഒരു കാരവാന് അകത്തിരുത്തി. ചായയും പലഹാരങ്ങളുമൊക്കെ കൊണ്ടുവെച്ചു. എനിക്കാണെങ്കില്‍ അതിനകത്ത് ഇരുന്നപ്പോള്‍ ആകെയൊരു വിമ്മിഷ്ടം. ഞാന്‍ പതുക്കെ പുറത്തിറങ്ങി. അപ്പോഴാണ് ഒരാള്‍ അടുത്തുവന്ന് ‘ എന്ന വേണം സര്‍. ഉള്ള ഉക്കാരുങ്ക സാര്‍’ എന്നു പറഞ്ഞ് എന്നെ അകത്തു കയറ്റി. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും പുറത്തിറങ്ങി. അപ്പോഴും അയാള്‍ വന്നുപറഞ്ഞു. ‘ ഉള്ളെ ഉക്കാരുങ്ക സാര്‍’ ഞാന്‍ കഷ്ടപ്പെട്ടുപോയി ഈ കാരവാനെക്കൊണ്ട്,” ഇന്ദ്രന്‍സ് പറഞ്ഞു.

ഇപ്പോള്‍ സെറ്റില്‍ ചെല്ലുമ്പോള്‍ കാരവാനിലിരിക്കാമെന്ന് അവര്‍ പറയും. ഒരു കസേര കിട്ടിയാല്‍ മതി, ഞാന്‍ ഹാപ്പിയാണെന്നാണ് മറുപടി പറയാറ്, ഇന്ദ്രന്‍സ് പറയുന്നു.

പുതിയ തലമുറയോടൊപ്പം ജോലി ചെയ്യുമ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്ന ചോദ്യത്തിന് തന്നോട് എല്ലാവരും ഈ ചോദ്യം ചോദിക്കുന്നുണ്ടെന്നും സത്യത്തില്‍ ഈ തലമുറ മാറ്റത്തെപ്പറ്റി താന്‍ ചിന്തിച്ചിട്ടു തന്നെയില്ലെന്നുമായിരുന്നു ഇന്ദ്രന്‍സിന്റെ മറുപടി. അതിനുള്ള അവസരം തനിക്ക് ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവമെന്നും അദ്ദേഹം പറഞ്ഞു.” എന്റെ മക്കളുടെ പ്രായമുള്ളവരാണ് ഒപ്പം അഭിനയിക്കുന്നത്. സിനിമയുടെ അണിയറയിലുള്ളവരും ഇതേ പ്രായക്കാരാണ്. പക്ഷേ അവരുടെ പെരുമാറ്റത്തിലും ഇടപെടലിലും സ്‌നേഹമുണ്ട്. ബഹുമാനമുണ്ട്. മറിച്ചൊരു അനുഭവം ഉണ്ടായിട്ടില്ല,” ഇന്ദ്രന്‍സ് പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Indrans Share his Tamil Movie Experiance

We use cookies to give you the best possible experience. Learn more