മലയാളസിനിമയിലെ നിരവധി താരങ്ങള്‍ക്കെതിരെ ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയിലുള്ള ബോഡി ഷെയിമിങ് നടക്കുന്നുണ്ട്. നിവിന്‍ പോളി, ഹണി റോസ്, അപര്‍ണ ബാലമുരളി തുടങ്ങി നിരവധി പേര്‍ ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടുമുണ്ട്.
തമാശ, കക്ഷി അമ്മിണിപ്പിള്ള എന്നീ സിനിമകളും ബോഡി ഷെയിമിങ് പ്രമേയമായി കഥ പറഞ്ഞവയാണ്.
സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് നേരിടേണ്ടി വരുന്ന ബോഡി ഷെയിമിങ് കമന്റുകളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹണി റോസ്. ഡ്രസിങ് രീതിയെ ട്രോള്‍ ചെയ്യുന്നതിനെ കുറിച്ചും അതിന്റെ ഫോട്ടോകള്‍ എടുത്ത് മോശം കമന്റുകള്‍ ചോര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുന്നതിനെ കുറിച്ചുമെല്ലാം താരം സംസാരിക്കുന്നുണ്ട്.
സ്വയം സെര്‍ച്ച് ചെയ്ത് ഇതെല്ലാം നോക്കാറുണ്ടോ, ഇത്തരം മോശം കാര്യങ്ങള്‍ കാണാറുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടി.
”സെര്‍ച്ച് ചെയ്യുന്നൊന്നുമില്ല. പക്ഷെ സ്വാഭാവികമായും നമ്മുടെ മുമ്പിലേക്ക് ഇതെല്ലാം വരുമല്ലോ.
തുടക്കസമയത്തൊക്കെ എനിക്കും ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഇതെന്താണ് ഇങ്ങനെ, ഇതെങ്ങനെ ഹാന്‍ഡില്‍ ചെയ്യും, എന്തുകൊണ്ടാണ് ഇതിങ്ങനെ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നത് എന്നൊക്കെ ചിന്തിക്കുമായിരുന്നു.
പിന്നെ നോക്കുമ്പോള്‍, ഇക്കാര്യത്തില്‍ നമ്മള്‍ എന്ത് ചെയ്യാനാണ്, എന്ത് തെളിയിക്കാനാണ് എന്ന് മനസിലായി.
ബോഡി ഷെയിമിങ്ങിന്റെ അങ്ങേയറ്റമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പക്ഷെ പരാതി കൊടുക്കുക, എന്നല്ലാതെ നമുക്ക് വേറെ ഓപ്ഷനൊന്നുമില്ലല്ലോ. എത്രയെന്ന് വെച്ചാണ്…എന്ത് ചെയ്യാനാണ്?
ഇത് എഴുതുന്ന ആളുകള്‍ തന്നെ സ്വയം ചിന്തിക്കേണ്ടതാണ്, ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന്. നമ്മള്‍ പോസിറ്റീവ് അന്തരീക്ഷത്തില്‍ ജീവിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. പേഴ്‌സണല്‍ അറ്റാക്കെന്നൊക്കെ പറയുമ്പോള്‍ അത് വളരെ മോശമാണ്.
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരില്‍ തന്നെ വളരെ ചെറിയൊരു വിഭാഗം ആളുകളില്‍ നിന്ന് മാത്രമാണ് ഇത്തരത്തിലുള്ള പെരുമാറ്റം ഉണ്ടാകുന്നത്,” ഹണി റോസ് പറഞ്ഞു.
അതേസമയം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്റര്‍ ആണ് ഹണി റോസിന്റേതായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.
Content Highlight: Actress Honey Rose talks about body shaming