| Wednesday, 7th September 2022, 2:13 pm

ആദ്യ ഷെഡ്യൂള്‍ നന്നായി പോയി, പിന്നീട് അദ്ദേഹത്തിന്റെ സ്വഭാവം മാറിത്തുടങ്ങി; സംവിധായകനില്‍ നിന്നും നേരിട്ട മോശം അനുഭവം പങ്കുവെച്ച് ഹണി റോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയുടെ തുടക്കകാലത്ത് ഒരു സംവിധായകനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് നടി ഹണി റോസ്. അന്നത്തെ ആ ഷോക്കില്‍ നിന്ന് റിക്കവറാവാന്‍ താന്‍ കുറേ സമയമെടുത്തെന്നും തന്റെ ആത്മവിശ്വാസത്തെയൊക്കെ അത് ബാധിച്ചെന്നും ഹണി റോസ് പറഞ്ഞു. ഫ്‌ളവേഴ്‌സ് ചാനലിലെ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു താരം.

‘ സിനിമയുടെ തുടക്കകാലത്തായിരുന്നു ആ സംഭവം. ആ സിനിമയുടെ ആദ്യത്തെ ഷെഡ്യൂള്‍ 15 ദിവസമായിരുന്നു. അത് ഭയങ്കര രസമായിട്ട് പോയി. ഒരു പ്രശ്‌നവുമില്ല. ഒരു ബുദ്ധിമുട്ടുമില്ല. എല്ലാവരുമായിട്ട് ഹാപ്പിയായി ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു. എന്നാല്‍ സെക്കന്റ് ഷെഡ്യൂള്‍ ആയപ്പോഴേക്കും ഇദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ കുറച്ച് മാറ്റങ്ങള്‍ വന്നു.

നമുക്ക് മെസ്സേജുകള്‍ അയക്കും. എന്തെങ്കിലുമൊക്കെ കാര്യങ്ങള്‍ പറഞ്ഞിട്ടുള്ള മെസ്സേജുകള്‍ ആയിരിക്കാം. അപ്പോള്‍ നമ്മള്‍ അതിന് മറുപടി കൊടുക്കില്ല. അതിന്റെ ആവശ്യം ഇല്ല എന്നതുകൊണ്ടാണ് മറുപടി കൊടുക്കാത്തത്. അതിന് ശേഷം പിറ്റേ ദിവസം സെറ്റില്‍ വന്നാല്‍ അതിന്റെ റിയാക്ഷന്‍സ് ഭയങ്കരമായിരിക്കും.

ഭയങ്കരമായിട്ട് ചീത്ത് വിളിക്കുക പോലുള്ള കാര്യങ്ങള്‍. നമ്മള്‍ ഇത് അറിയുന്നില്ല. നമ്മള്‍ സാധാരണ പറയുന്നതുപോലെ ഗുഡ് മോണിങ് സാര്‍ എന്ന് പറഞ്ഞാല്‍ തിരിച്ചുപറയില്ല. നമ്മള്‍ അവിടെ നില്‍ക്കുന്നതായിട്ടേ പരിഗണിക്കില്ല. കേള്‍ക്കാഞ്ഞിട്ടായിരിക്കുമെന്ന് കരുതി ഒന്ന് രണ്ട് തവണ കൂടി നമ്മള്‍ പറയും. യൂണിറ്റെല്ലാം ഇത് നോക്കി നില്‍ക്കുകയാണ്. പുള്ളി തിരിഞ്ഞു നോക്കുക പോലുമില്ല.

പിന്നെ എന്തെങ്കിലും ചെറിയ ചെറിയ മിസ്റ്റേക്കിന് പോലും ഭയങ്കരമായിട്ട് ഷൗട്ട് ചെയ്യുകയും ചീത്ത വിളിക്കുകയൊക്കെ ചെയ്യും. അതും എത്രയോ ആളുകള്‍ക്ക് മുന്‍പിലാണ്. പുതിയൊരു വ്യക്തി, നമുക്ക് അത്രയൊന്നും പരിചയമില്ലാത്ത ഇന്‍ഡസ്ട്രി. ആ സമയത്താണ് ഇത്.

അങ്ങനെ ഞങ്ങള്‍ സിനിമയുടെ പ്രൊഡ്യൂസറുടെ അടുത്തൊക്കെ പരാതി പറഞ്ഞു. പക്ഷേ അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ പറ്റില്ല. ഈ രീതി എന്റെ അടുത്ത് മാത്രമാണ്. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട് അത് പുള്ളി ഒരു പ്രണയം പോലെയങ്ങ് മാറ്റി. ബിഹേവിയര്‍ അങ്ങനെ മാറി. നമ്മള്‍ വേറെ ഒരാളുടെ അടുത്ത് സംസാരിച്ചാല്‍ ഇദ്ദേഹത്തിന് പ്രശ്‌നമാകും. അപ്പോഴേക്കും ആളെ വിട്ടിട്ട് എന്തിനാണ് അങ്ങനെ സംസാരിക്കുന്നത് എന്നൊക്കെ ചോദിക്കും. അതൊരു വല്ലാത്ത എക്‌സ്പീരിയന്‍സായിരുന്നു. അച്ഛനും അമ്മയുമൊക്കെ കൂടെയുണ്ടായിരുന്നു. പക്ഷേ കൂടുതലൊന്നും ചെയ്യാനുള്ള അറിവില്ല. അസോസിയേഷന്‍ വഴി പോകാനുള്ള ധൈര്യമൊന്നും അന്ന് കാണിച്ചില്ല. ആ സിനിമയാണെങ്കില്‍ നന്നായി പോയതുമില്ല,’ ഹണി റോസ് പറഞ്ഞു.

പിന്നീട് ആ സംവിധായകനെ കാണുകയോ ഏതെങ്കിലും സിനിമയില്‍ സഹകരിക്കേണ്ടി വരികയോ ചെയ്തിരുന്നോ എന്ന ചോദ്യത്തിന് പിന്നീട് ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു ഹണി റോസിന്റെ മറുപടി. അയാളെ കുറിച്ച് പിന്നെ ഒരറിവുമില്ല. പക്ഷേ അതില്‍ നിന്നൊക്കെ റിക്കവറാവാന്‍ ഞാന്‍ കുറേ സമയമെടുത്തു. എന്റെ കോണ്‍ഫിഡന്‍സിനെയൊക്കെ അത് മോശമായി ബാധിച്ചു. പ്രത്യേകിച്ച് തുടക്ക സമയമായതുകൊണ്ട്.

അതിന് ശേഷം ഒരു കാര്യം ചെയ്യുമ്പോള്‍ എനിക്ക് അത് പറ്റുമോ എന്നൊക്കെയുള്ള ആത്മവിശ്വാസക്കുറവുണ്ടായി. അന്ന് സിനിമയില്‍ അങ്ങനെ സൗഹൃദമൊന്നുമില്ല. അന്നും ഇന്നും അത്ര വലിയ സൗഹൃദങ്ങള്‍ സിനിമയില്‍ ഇല്ല. പക്ഷേ ഇന്നാണെങ്കില്‍ ഒരു രീതിയിലും അങ്ങനെയൊരാള്‍ എന്നെ ട്രീറ്റ് ചെയ്യില്ല,’ ഹണി റോസ് പറഞ്ഞു.

Content Highlight: Actress Honey Rose share a bad experiance she faced on a director

We use cookies to give you the best possible experience. Learn more