'അഭിനയിക്കണമെന്ന് പറഞ്ഞതിന് ആറുമാസം ഹണിയോട് വഴക്കിട്ടു, ഭക്ഷണം കഴിക്കാന്‍ വരുമ്പോള്‍ എഴുന്നേറ്റ് പോവുമായിരുന്നു'
Entertainment news
'അഭിനയിക്കണമെന്ന് പറഞ്ഞതിന് ആറുമാസം ഹണിയോട് വഴക്കിട്ടു, ഭക്ഷണം കഴിക്കാന്‍ വരുമ്പോള്‍ എഴുന്നേറ്റ് പോവുമായിരുന്നു'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th January 2023, 3:27 pm

സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിന്റെ പേരില്‍ താരത്തോട് മിണ്ടാതെ നടന്നിരുന്നുവെന്ന് ഹണി റോസിന്റെ അച്ഛന്‍. ആറുമാസത്തോളം ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ വരാതെയും വീട്ടില്‍ വഴക്കിട്ടും നടന്നിരുന്നുവെന്നും താരത്തിന്റെ അച്ഛന്‍ പറഞ്ഞു.

മുമ്പ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചിട്ട് ഒടുവില്‍ ഹണി റോസിന് പകരം മറ്റൊരു നടിക്ക് ആ സിനിമ കൊടുത്തതാണ് തന്നെ വേദനിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അന്ന് ഹണി റോസും ഒരു പാട് വിഷമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ അച്ഛന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”അവള്‍ക്ക് സിനിമയില്‍ അഭിനയിക്കണം എന്ന് പറഞ്ഞതിന്റെ പേരില്‍ ഞാന്‍ ആറ് മാസം ആരോടും മിണ്ടാതെ നടന്നു. ഭക്ഷണം കഴിക്കാന്‍ വരുമ്പോള്‍ എഴുന്നേറ്റ് പോകുമായിരുന്നു. ഒടുവില്‍ ഹണി റോസ് ചോദിച്ചപ്പോള്‍ സമ്മതിക്കേണ്ടി വന്നു.

ഞാന്‍ എല്ലാവരുമായിട്ട് ഭയങ്കര വഴക്കായിരുന്നു. ആര്‍ക്കും ഈ കഥകള്‍ ഒന്നും അറിയില്ല. അതിനെല്ലാം ഒരു കാരണമുണ്ട്. സിനിമാക്കാരെ എനിക്ക് അറിയില്ലല്ലോ. ഇതിന് മുമ്പ് മോളെ ഒരു സിനിമയിലേക്ക് വേണ്ടി പറഞ്ഞ് വെച്ചിരുന്നു. പക്ഷെ സമയം ആയപ്പോള്‍ അവര്‍ പിന്നെ ഞങ്ങളോട് സിനിമയെക്കുറിച്ച് ഒന്നും മിണ്ടിയില്ല.

ഹണി റോസിന് പകരം വേറെ ആര്‍ക്കോ അവര്‍ ആ സിനിമ കൊടുത്തു. അതെന്റെ മകള്‍ക്ക് ഭയങ്കര വിഷമമായി. ആ വിഷമം കണ്ടപ്പോള്‍ എനിക്ക് അതിലും വിഷമം വന്നു.

പിന്നെയും മോള്‍ താല്‍പര്യം കാണിച്ചപ്പോള്‍ ഒന്ന്, രണ്ട് സംവിധായകരുടെ അടുത്ത് ഞാന്‍ പോയിരുന്നു. അതില്‍ വിനയന്‍ സാര്‍ ഓക്കെ പറഞ്ഞു. അങ്ങനെയാണ് ഒടുവില്‍ സമ്മതിച്ചത്,” ഹണി റോസിന്റെ അച്ഛന്‍ പറഞ്ഞു.

തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ വീരസിംഹ റെഡ്ഡിയാണ് ഹണിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഈ മാസം 12നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനത്തിനെത്തിയത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കര്‍ യലമന്‍ചിലിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

content highlight: actress Honey Rose’s father said that the star was kept silent because she expressed her desire to act in the film