ഇത്രയും വലിയ ചടങ്ങു നടക്കുമ്പോള്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഉണ്ടാകും അതിനിടയില്‍ ഇരിക്കാന്‍ കഴിഞ്ഞു എന്ന് വരില്ല; പ്രതികരണവുമായി ഹണി റോസ്
Social Media
ഇത്രയും വലിയ ചടങ്ങു നടക്കുമ്പോള്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഉണ്ടാകും അതിനിടയില്‍ ഇരിക്കാന്‍ കഴിഞ്ഞു എന്ന് വരില്ല; പ്രതികരണവുമായി ഹണി റോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th February 2021, 11:40 am

കൊച്ചി: താര സംഘടനയായ അമ്മയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തില്‍ മറുപടിയുമായി നടിയും അമ്മ എക്‌സിക്യൂട്ടീവ് മെമ്പറുമായ ഹണി റോസ്.

ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേദിയില്‍ പുരുഷന്മാര്‍ മാത്രം ഇരുന്നതും സ്ത്രീകള്‍ സൈഡില്‍ നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

വിവിധ ഇടങ്ങളില്‍ നിന്ന് വിമര്‍ശനവും ഇതിനെതിരെ ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായാണ് ഹണി റോസ് എത്തിയിരിക്കുന്നത്. ഒരംഗത്തെപ്പോലും ആരും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും പല തവണ വേദിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടും തിരക്കുകളാല്‍ സ്വയം മാറിനിന്നതാണെന്നും ഹണി പറഞ്ഞു.

മനോരമ ഓണ്‍ലൈനിനോടായിരുന്നു ഹണിയുടെ പ്രതികരണം. ‘ഈ പറയുന്ന വിവാദ കുറിപ്പ് ഞാന്‍ കണ്ടിട്ടില്ല, ഇങ്ങനെ ഒരു വിവാദത്തെപ്പറ്റി അറിഞ്ഞതുമില്ല, പിന്നെ അതിനെപ്പറ്റി അഭിപ്രായം പറയാന്‍ കഴിയില്ലല്ലോ.

അമ്മയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങായിരുന്നു അവിടെ നടന്നത്. എന്നെയോ മറ്റൊരു മെമ്പറെയോ അവിടെ ആരും മാറ്റി നിര്‍ത്തിയിട്ടില്ല, ഇവിടെ വന്നു ഇരിക്കൂ എന്ന് മറ്റു കമ്മറ്റി മെമ്പേര്‍സ് പറഞ്ഞതാണ്.’ എന്നായിരുന്നു ഹണിയുടെ പ്രതികരണം.

‘എക്സിക്യൂട്ടിവ് മെമ്പര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ അവിടെ ചില ജോലികള്‍ ഉണ്ടായിരുന്നു. എല്ലാ കമ്മറ്റി മെമ്പേഴ്സിനും അവരുടേതായ ജോലികള്‍ ഉണ്ടായിരുന്നു.

ഇത്രയും വലിയ ചടങ്ങു നടക്കുമ്പോള്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഉണ്ടാകും അതിനിടയില്‍ ഇരിക്കാന്‍ കഴിഞ്ഞു എന്ന് വരില്ല. ചില കാര്യങ്ങള്‍ ചെയ്തിട്ട് ഓടി വന്നു നില്‍ക്കുമ്പോഴാണെന്നു തോന്നുന്നു ഈ പറയുന്ന ചിത്രം എടുത്തത്. ഇടക്ക് ഞങ്ങള്‍ ഇരിക്കുകയും ചെയ്‌തെന്നും ഹണി പറഞ്ഞു.

താനും രചനയും മാത്രമല്ല പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ മറ്റു കമ്മറ്റി മെമ്പേഴ്സും അവിടെ നില്‍പ്പുണ്ടായിരുന്നു. ഇങ്ങനെയൊരു വിഷയം ഇത് കഴിഞ്ഞു ഉണ്ടാകും എന്ന് കരുതിയല്ലല്ലോ തങ്ങള്‍ അവിടെ നിന്നത്. സ്ത്രീകള്‍ അവിടെ നിന്നൂ എന്നത് മാത്രം ഫോക്കസ് ചെയ്യുന്നതുകൊണ്ടാണ് ഈ പ്രശ്നം. സ്ത്രീകള്‍ എന്ന നിലയില്‍ ഒരു വിവേചനവും അമ്മയില്‍ ഇല്ല. അമ്മ എല്ലാ അംഗങ്ങളെയും ഒരുപോലെയാണ് കാണുന്നത്.’ എന്നും ഹണി റോസ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Conten Highlights: Actress Honey Rose response AMMA Building Inauguration and  sitting controversy