കൊച്ചി: വലതുപക്ഷ നിരീക്ഷകന്‍ രാഹുല്‍ ഈശ്വരനെതിരെ വിമര്‍ശനവുമായി അഭിനേത്രി ഹണി റോസ്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അസാമാന്യമായ ഭാഷാനിയന്ത്രണം കൊണ്ട് രാഹുല്‍ ഈശ്വര്‍ നിര്‍വീര്യമാക്കുമെന്ന് ഹണി റോസ് പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഹണി റോസിന്റെ പ്രതികരണം.
ഭാഷയുടെ മുകളിലുള്ള രാഹുലിന്റെ നിയന്ത്രണം കേമമാണെന്നും ഒരു വിഷയത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ രണ്ടു ഭാഗവും ഉണ്ടെങ്കിലേ ചര്‍ച്ചക്ക് പ്രസക്തി ഉള്ളുവെന്നും ഹണി പറഞ്ഞു. അതുകൊണ്ട് തന്നെ രാഹുലുണ്ടെങ്കില്‍ ഒരു പക്ഷത്ത് അതിമനോഹരമായ ഭാഷാനിയന്ത്രണത്തോടെ രാഹുല്‍ നില്‍ക്കുമെന്നും ഹണി റോസ് ചൂണ്ടിക്കാട്ടി.
‘ചര്‍ച്ചകള്‍ക്ക് രാഹുല്‍ ഈശ്വര്‍ എന്നും ഒരു മുതല്‍ക്കൂട്ടാണ്. സ്ത്രീകള്‍ എത്ര വലിയ പ്രശ്‌നം അഡ്രസ് ചെയ്താലും രാഹുല്‍ ഈശ്വര്‍ ഉണ്ടെങ്കില്‍ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും അദ്ദേഹം അവയെ നിർവീര്യമാക്കും,’ ഹണി റോസ്
പക്ഷെ തന്ത്രികുടുംബത്തില്‍ പെട്ട രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി. പൂജാരി ആയിരുന്നുവെങ്കില്‍ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് അദ്ദേഹം ഒരു ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെയെന്നും ഹണി റോസ് പറഞ്ഞു.
കാരണം സ്ത്രീകളെ ഏത് വേഷത്തില്‍ കണ്ടാലാണ് അദ്ദേഹത്തിന്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ. ഭാഷയുടെ കാര്യത്തിലുള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല എന്നാണ് തനിക്ക് മനസിലായതെന്നും ഹണി റോസ് പറഞ്ഞു.
എപ്പോഴെങ്കിലും താങ്കളുടെ മുന്നില്‍ വരേണ്ടിവന്നാല്‍ ഞാന്‍ ശ്രദ്ധിച്ചു കൊള്ളാമെന്നും ഹണി കുറിപ്പില്‍ പറയുന്നു.
ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിലായതിന് പിന്നാലെ നടന്ന ചാനൽ ചർച്ചകളിൽ നടിയുടെ വസ്ത്രധാരണം ഉൾപ്പെടെയുള്ളവയെ വിമർശിച്ചും മറ്റും രാഹുൽ ഈശ്വർ സംസാരിച്ചിരുന്നു. ഇതിനെതിരെ രൂക്ഷമായ വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് രാഹുലിനെതിരെ ഹണി റോസ് രംഗത്തെത്തിയത്.
ബോബി ചെമ്മണ്ണൂരിനെ ഇന്ന് (വ്യാഴാഴ്ച) കോടതിയിൽ ഹാജരാക്കും. ഇന്നലെ (ബുധനാഴ്ച) കോയമ്പത്തൂരിലേക്ക് പോകുന്നതിനിടെ വയനാട്ടിലെ ആയിരം ഏക്കറിന് സമീപത്ത് വെച്ചാണ് ബോബിയെ കസ്റ്റഡിയിലെടുത്തത്.
കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘവും വയനാട്ടിലെ എസ്.പിയുടെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡും ചേര്‍ന്നാണ് ബോബിയെ പിടികൂടിയത്.
Content Highlight: Actress Honey Rose criticizes right wing observer Rahul Easwar