| Friday, 21st October 2022, 1:37 pm

മൂന്ന് വര്‍ഷത്തിന് ശേഷമാണ് എന്റെ ഒരു സിനിമ തിയേറ്ററില്‍ കാണുന്നത്; കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ സന്തോഷമെന്ന് ഹണി റോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോണ്‍സ്റ്റര്‍ എന്ന ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്ന് നടി ഹണി റോസ്. ചിത്രത്തില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടുവെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ലാലേട്ടനോടാണ് തനിക്ക് നന്ദി പറയാനുള്ളതെന്നും ഹണി റോസ് പറഞ്ഞു. മോണ്‍സ്റ്ററിന്റെ ആദ്യഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഹണി റോസ്. മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായാണ് താന്‍ അഭിനയിച്ച ഒരു സിനിമ തിയേറ്ററില്‍ കാണുന്നതെന്നും താരം പറഞ്ഞു.

‘ഒത്തിരി ഒത്തിരി സന്തോഷമുണ്ട്. എന്റെ ഒരു മൂവി ഞാന്‍ തിയേറ്ററില്‍ കാണുന്നത് മൂന്ന് വര്‍ഷത്തിന് ശേഷമാണ്. അത് ഇത്രയും വലിയൊരു കഥാപാത്രമായതിലും ഇത്രയും വലിയൊരു ടീമിനൊപ്പം വര്‍ക്ക് ചെയ്യാനായതിലും ഒരുപാട് സന്തോഷമുണ്ട്. അതൊരു ദൈവാനുഗ്രഹമായി കാണുന്നു.

പിന്നെ ലാല്‍ സാറിനൊപ്പം ഇങ്ങനെ ഒരു വേഷം ചെയ്യാനായതില്‍ സന്തോഷമുണ്ട്. കഥാപാത്രം നന്നായെന്ന് ആളുകള്‍ പറയുന്നതില്‍ സന്തോഷം. ദൈവാനുഗ്രഹമായാണ് അതിനെ കാണുന്നത്.

ലാലേട്ടനൊപ്പം ഇതിന് മുന്‍പും വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും സ്‌ക്രീന്‍ സ്‌പേസ് കിട്ടിയ ഒരു അവസരം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. ഈ കഥയുടെ തീം വ്യത്യസ്തമാണ്. മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാനായെന്ന് വിശ്വസിക്കുന്നു.

പിന്നെ ചിത്രം ആശീര്‍വാദ് പ്രൊഡ്യൂസ് ചെയ്യുമെന്നത് തന്നെ സര്‍പ്രൈസിങ് ആയിട്ടുള്ള കാര്യമായിരുന്നു. നന്ദി പറയാനുള്ളത് ലാല്‍ സാറിനോടും ആന്റണി സാറിനോടും വൈശാഖ് ചേട്ടനോടുമാണ്. എല്ലാവരും പടം കാണണം. എല്ലാവര്‍ക്കും തീര്‍ച്ചയായും ഇഷ്ടപ്പെടും. സാധാരണ കാണുന്ന രീതിയിലുള്ള ഒരു ചിത്രമല്ല മോണ്‍സ്റ്ററെന്നും ഹണി റോസ് പറഞ്ഞു.

പ്രേക്ഷകര്‍ക്കൊപ്പം ആദ്യ ഷോ കണ്ടത് വല്ലാത്തൊരു അനുഭവമായിരുന്നെന്നും പല കാര്യങ്ങളും തിയേറ്ററില്‍ കണ്ടപ്പോഴാണ് സന്തോഷമായതെന്നും ചില കാര്യങ്ങളില്‍ വൈശാഖ് എടുത്ത തീരുമാനം ശരിയായെന്ന് മനസിലായെന്നും ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ദീപക് ദേവും പ്രതികരിച്ചു.

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് മോണ്‍സ്റ്റര്‍. വൈശാഖ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുലിമുരുകന് ശേഷം എത്തിയ ചിത്രമായതിനാല്‍ തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍.

എന്നാല്‍ പുലിമുരുകനെപ്പോലെ ഒരു മാസ്സ് സിനിമയല്ല മോണ്‍സ്റ്ററെന്നും രണ്ടിനേയും ഒരുതരത്തിലും താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്നും സംവിധായകന്‍ വൈശാഖ് പറഞ്ഞിരുന്നു.

Content Highlight: Actress Honey Rose Comment after Monster Movie Release and her Character

We use cookies to give you the best possible experience. Learn more