Entertainment news
ലാല്‍ സാറിനെക്കുറിച്ച് അങ്ങനെയൊരു സ്റ്റേറ്റ്‌മെന്റ് ഞാന്‍ പറഞ്ഞിട്ടില്ല; അദ്ദേഹം എന്തിന് എന്നെ ഹെല്‍പ് ചെയ്യണം: ഹണി റോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 12, 03:32 pm
Sunday, 12th February 2023, 9:02 pm

സിനിമാ ഇന്‍ഡസ്ട്രിയില്‍ തന്നെ സഹായിക്കുന്നത് മോഹന്‍ലാലാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് നടി ഹണി റോസ്. സ്വപ്‌നത്തില്‍ പോലും അങ്ങനെയൊരു സ്‌റ്റേറ്റ്‌മെന്റ് ആലോചിച്ചിട്ടില്ലെന്നും എന്നാല്‍ ആ രീതിയില്‍ ആളുകള്‍ വാക്കുകളെ വളച്ചൊടിച്ചുവെന്നും താരം പറഞ്ഞു.

താന്‍ ഏറ്റവും ബഹുമാനിക്കുന്ന വ്യക്തിയാണ് മോഹന്‍ ലാലെന്നും അദ്ദേഹത്തിന് തന്നെ സഹായിക്കേണ്ട ആവശ്യമില്ലെന്നും ഹണി റോസ് പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഇന്‍ഡസ്ട്രിയില്‍ ലാല്‍ സാറാണ് എന്നെ ഹെല്‍പ്പ് ചെയ്യുന്നതെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. അങ്ങനെയൊരു സ്റ്റേറ്റ്‌മെന്റ് ഞാന്‍ സ്വപ്‌നം കണ്ടിട്ട് പോലുമില്ല. രാവിലെ എഴുന്നേറ്റ് നോക്കുമ്പോഴാണ് ഹണി അത് പറഞ്ഞു, ഇത് പറഞ്ഞു എന്നൊക്കെ കാണുക.

ലാലേട്ടനെക്കുറിച്ച് അങ്ങനെയൊരു സ്റ്റേറ്റ്‌മെന്റ് ഞാന്‍ പറഞ്ഞിട്ടില്ലെന്ന് അത് കഴിഞ്ഞും ഞാന്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന വ്യക്തിയാണ് ലാല്‍ സാര്‍.

എത്ര വര്‍ഷമായി മലയാള സിനിമയില്‍ അദ്ദേഹം വര്‍ക്ക് ചെയ്യുന്നു. അദ്ദേഹം എന്തിനാണ് എന്നെ ഹെല്‍പ് ചെയ്ത് കൊണ്ടിരിക്കുന്നത്. എപ്പോഴും സ്ട്രഗിള്‍ ചെയ്തിട്ടാണ് ഞാന്‍ വളര്‍ന്ന് വന്നത്. ഇപ്പോഴും സ്ട്രഗിള്‍ ഉണ്ട്. എന്നില്‍ ഏറ്റവും പ്രതീക്ഷയും വിശ്വാസവും എനിക്ക് തന്നെയാണ്,” ഹണി റോസ് പറഞ്ഞു.

മോണ്‍സ്റ്ററാണ് ഹണി റോസിന്റെ ഏറ്റവും ഒടുവില്‍ ഇറങ്ങിയ മലയാള ചിത്രം. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഭാമിനി എന്ന കഥാപാത്രമായാണ് ഹണി റോസ് അഭിനയിച്ചത്.

content highlight: actress honey rose about mohanlal