തന്റെ പരിമിതികളെ കുറിച്ചും അതിനെ മറി കടക്കാനുള്ള ശ്രമത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി ഹണി റോസ്. പെട്ടെന്ന് ആത്മവിശ്വാസം ഇല്ലാതാകുന്ന ഒരാളാണ് താനെന്നും എന്നാല്‍ അത് പരിഹരിച്ച് മുന്നോട്ടു പോകാനും തനിക്ക് പറ്റുമെന്നുമാണ് ഹണി റോസ് പറയുന്നത്. സ്വയം ബൂസ്റ്റ് ചെയ്ത് മുന്നോട്ട് പോകുന്ന ആളാണ് താനെന്നും പലപ്പോഴും നോ പറയാന്‍ പോലും ബുദ്ധിമുട്ടാറുണ്ടെന്നും താരം പറഞ്ഞു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹണി റോസ്.
‘ പെട്ടെന്ന് ആത്മവിശ്വാസം ഇല്ലാതാകുന്ന ആളാണ് ഞാന്‍. പക്ഷേ അത് പരിഹരിച്ച് മുന്നോട്ടു പോകാനും എനിക്ക് പറ്റും. ഞാന്‍ എന്നെ തന്നെ ബൂസ്റ്റ് ചെയ്താണ് മുന്നോട്ടു പോകുന്നത്. പലപ്പോഴും കഥാപാത്രങ്ങള്‍ കിട്ടുമ്പോള്‍ ഞാനിതു ചെയ്താല്‍ ശരിയാകുമോ എന്ന തോന്നല്‍ ഉണ്ടാകും. പക്ഷേ എനിക്കിതു പറ്റുമെന്ന് സ്വയം പറഞ്ഞ് വിശ്വസിപ്പിക്കും. ഒറ്റയടിക്ക് ഒരു കഥ കേട്ട് ഇതെനിക്ക് പറ്റും എന്ന് പറയാനുള്ള ആത്മവിശ്വാസം ഇപ്പോഴുമില്ല. ഈ സംഘര്‍ഷം എപ്പോഴും മനസില്‍ നടന്നുകൊണ്ടിരിക്കും.
അതുപോലെ നോ പറയുന്നതും അത്ര എളുപ്പമല്ല. നമുക്ക് നോക്കാം, ആലോചിക്കട്ടെ എന്നൊക്കെയേ പറയാന്‍ പറ്റൂ. അങ്ങനെ പറഞ്ഞു പെട്ടുപോയ സാഹചര്യങ്ങളുമുണ്ട്,’ ഹണി റോസ് പറഞ്ഞു.
ധരിക്കുന്ന വസ്ത്രത്തെ കുറിച്ചും നേരിടുന്ന വിമര്‍ശനങ്ങളെ കുറിച്ചുമൊക്കെ ഹണി അഭിമുഖത്തില്‍ സംസാരിച്ചു.
‘ എന്റെ കാര്യത്തില്‍ എന്തു ധരിക്കണം, എങ്ങനെ ധരിക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് ഞാന്‍ തന്നെയാണ്. ആദ്യ സിനിമയില്‍ സ്ലീവ് ലെസ് ധരിക്കേണ്ടി വന്നപ്പോള്‍ കരഞ്ഞയാളാണ് ഞാന്‍. പക്ഷേ ഇപ്പോള്‍ എനിക്കറിയാം, ധരിക്കുന്ന വസ്ത്രത്തിനല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് കുഴപ്പമെന്ന്. ഞാന്‍ ഒരു സര്‍ജറിയും ചെയ്തിട്ടില്ല. ഒരു നടിയായിരിക്കുക, ഗ്ലാമര്‍ മേഖലയില്‍ ജോലി ചെയ്യുക ഇതൊന്നും അത്ര എളുപ്പമുള്ള പണിയല്ല. സൗന്ദര്യ സംരക്ഷണത്തിന് വര്‍ക്ക് ഔട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും പിന്തുടരും. സൗന്ദര്യത്തിന്റെ രഹസ്യമെന്നുമൊക്കെ പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല.,’ ഹണി പറഞ്ഞു.
വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ താരം അഭിമുഖത്തില്‍ സംസാരിച്ചു. ‘അച്ഛനും അമ്മയും വര്‍ഷങ്ങളായി എന്നോട് വിവാഹത്തിന്റെ കാര്യം പറയാറുണ്ട്. ഒരു ബന്ധം അതിന്റെ സ്വാഭാവികമായ രീതിയില്‍ വിവാഹത്തിലേക്കെത്തണം എന്നാണ് എന്റെ ആഗ്രഹം. അറേഞ്ച്ഡ് മാര്യേജ് എനിക്ക് മനസുകൊണ്ട് അംഗീകരിക്കാന്‍ പറ്റിയിട്ടില്ല. ഒരാളെ നിര്‍ബന്ധിച്ച് അതിലേക്ക് കൊണ്ടുവരികയല്ലേ.
ഒരു പരിചയവുമില്ലാത്ത ഒരാളെ വിവാഹം കഴിക്കുന്നു, പിന്നീട് അയാളെ ഇഷ്ടപ്പെടാന്‍ ശ്രമിക്കുന്നു.. സ്‌നേഹം, പ്രണയം എന്നൊക്കെ പറഞ്ഞാല്‍ അത് സംഭവിക്കേണ്ട കാര്യമാണ്. പക്ഷേ അത്തരമൊരു ഓപ്ഷന്‍ എനിക്കിപ്പോഴില്ല താനും.
നല്ലൊരു സൗഹൃദം ഉണ്ടാക്കിയെടുക്കുന്നതുപോലും എനിക്ക് വലിയ ബുദ്ധിമുട്ടാണ്. അത്ര പെട്ടെന്ന് ഒരാളെ വിശ്വസിക്കാന്‍ പ്രയാസമാണ്. അതുകൊണ്ടാകും ഒരു റിലേഷന്‍ഷിപ്പിലേക്ക് ഞാനിതുവരെ എത്താതിരുന്നത്. എന്നെങ്കിലും ഞാനതിലേക്ക് എത്തിയേക്കാം,’ ഹണി റോസ് പറഞ്ഞു.
Content Highlight: Actress honey Rose about her negatives and inhibitions