മലയാളം, തമിഴ്, തെലുങ്ക് ഉള്‍പ്പടെയുള്ള ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ഹണി റോസ്. പല ഭാഷകളില്‍ അഭിനയിക്കുമ്പോഴും തന്റെ പേര് മാറ്റാന്‍ പലരും പറഞ്ഞിരുന്നുവെന്നും അത്തരത്തില്‍ പേര് മാറ്റിയിട്ടുണ്ടെന്നും പറയുകയാണ് ഹണി റോസ്. എന്നാല്‍ പേര് മാറ്റാന്‍ തനിക്ക് ഒട്ടും താല്‍പര്യമില്ലെന്നും എത്ര തവണ മാറ്റിയാലും ഹണിയെന്ന പേരിലേക്ക് തന്നെ തിരിച്ച് വരുമെന്നും താരം പറഞ്ഞു.
തെലുങ്കില്‍ അഭിനയിക്കുമ്പോള്‍ ഹണിയെന്ന് ഉച്ഛരിക്കാന്‍ അവര്‍ക്ക് അറിയില്ലായിരുന്നുവെന്നും ‘അണി’ എന്നാണ് തന്നെ വിളിച്ചിരുന്നതെന്നും താരം പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഹണി റോസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘വേറെ ഭാഷകളില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ അവര്‍ക്ക് ഹണി എന്ന പേര് പറയാന്‍ അത്ര എളുപ്പമല്ല. അവര്‍ക്കത് കുറച്ച് ബുദ്ധിമുട്ടാണ്. തെലുങ്കില്‍ അവര്‍ ഹണി എന്നല്ല അണി എന്നോ മറ്റോ ആണ് എന്നെ വിളിച്ചിരുന്നത്. അവര്‍ക്കൊക്കെ എന്റെ പേര് ഉച്ഛരിക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. അങ്ങനെ വരുമ്പോള്‍ ഈ പേരൊന്ന് മാറ്റി പിടിക്കാമെന്ന് പലരും പറഞ്ഞിട്ടുണ്ട്.
പക്ഷെ പേര് മാറ്റുന്നതിനോട് എനിക്കൊരിക്കലും താല്‍പര്യമുണ്ടായിരുന്നില്ല. പേര് മാറ്റുന്നത് കുറച്ച് കൂടി നല്ലതായിരിക്കുമെന്നാണ് അവര്‍ പറഞ്ഞത്. അതുകൊണ്ടാണ് തെലുങ്കില്‍ അഭിനയിച്ചപ്പോള്‍ ധ്വനിയെന്ന് പേര് മാറ്റിയിട്ടും വീണ്ടും ഹണിയിലേക്ക് തിരികെ വന്നത്. ആരൊക്കെ എന്തൊക്കെ പേരിട്ടാലും വീണ്ടും ഞാന്‍ ഹണിയിലേക്ക് തന്നെ തിരിച്ചുവരും,’ ഹണി റോസ് പറഞ്ഞു.
സിനിമയിലേക്ക് താന്‍ എത്തിയതിനെ കുറിച്ചും അഭിമുഖത്തില്‍ ഹണി റോസ് പറഞ്ഞു.
‘ഞാന്‍ വരുന്നത് മൂലമറ്റം എന്ന ചെറിയൊരു ഗ്രാമത്തില്‍ നിന്നുമാണ്. ചെറുപ്പത്തിലൊക്കെ സിനിമയില്‍ അഭിനയിക്കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകുമല്ലോ. അതുപോലെ തന്നെയായിരുന്നു എനിക്കും. പിന്നെ ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. ഞാന്‍ സിനിമയിലൊക്കെ വരണമെന്നത് നേരത്തെ തന്നെ തീരുമാനിക്കപ്പെട്ട കാര്യമാണല്ലോ.
സിനിമയിലേക്ക് വരണമെന്ന ഭയാനകമായ ആഗ്രഹമൊന്നും എനിക്കില്ലായിരുന്നു. ചെറിയൊരു താല്‍പര്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. അതായത് പത്താം ക്ലാസ് മുതല്‍ ഞാന്‍ സ്‌കൂളില്‍ പോകാതെയാണ് പഠിച്ചത്. പക്ഷെ ഞാന്‍ ഡിഗ്രിയൊക്കെ പൂര്‍ത്തിയാക്കിയിരുന്നു,’ ഹണി റോസ് പറഞ്ഞു.
content highlight: actress honey rose about her name