| Friday, 9th September 2022, 4:21 pm

ഇത്രയായിരുന്നു എന്റെ ആദ്യ പ്രതിഫലം; വിനയന്‍ സാറാണ് കയ്യില്‍വെച്ചു തന്നത്; വിവാഹത്തെ കുറിച്ചും മനസുതുറന്ന് ഹണി റോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദ്യ സിനിമയെ കുറിച്ചും ആദ്യത്തെ പ്രതിഫലത്തെ കുറിച്ചുമൊക്കെ മനസുതുറന്ന് നടി ഹണി റോസ്. തന്റെ ആദ്യ സിനിമയായ ബോയ് ഫ്രണ്ടില്‍ അഭിനയിച്ചപ്പോഴാണ് ആദ്യമായി ഒരു തുക പ്രതിഫലമായി ലഭിച്ചതെന്നാണ് ഹണി റോസ് പറയുന്നത്. വിനയന്‍ സാറായിരുന്നു ആ തുക തന്റെ കയ്യില്‍ വെച്ചുതന്നതെന്നും ഹണി റോസ് പറഞ്ഞു.

അത്യാവശ്യം പ്രതിഫലമൊക്കെ പറഞ്ഞ് വാങ്ങിക്കാവുന്ന മാനസികാവസ്ഥയായി കഴിഞ്ഞോ എന്ന ചോദ്യത്തിന് ഇപ്പോള്‍ നമുക്ക് അങ്ങനെ വലിയ പ്രശ്‌നമൊന്നും ഇല്ലെന്നും പ്രതിഫലം പറയുന്നതില്‍ കുഴപ്പമൊന്നും ഇല്ലെന്നുമായിരുന്നു ഹണി റോസിന്റെ മറുപടി.

എന്റെ ആദ്യ പ്രതിഫലം പതിനായിരം രൂപയായിരുന്നു. വിനയന്‍ സാറിന്റെ മൂവിയായ ബോയ്ഫ്രണ്ടില്‍ അഭിനയിച്ചപ്പോഴായിരുന്നു ആ തുക ലഭിച്ചത്. പ്രതിഫലം ആദ്യമായി കയ്യിലേക്ക് വെച്ചുതന്നത് വിനയന്‍ സാര്‍ തന്നെയായിരുന്നു. അദ്ദേഹമാണ് ഒരു കവറില്‍ ഇട്ട് പണം കയ്യില്‍ തന്നതെന്നും ഹണി റോസ് പറഞ്ഞു.

വിവാഹ ശേഷം നടിമാര്‍ കരിയര്‍ ഉപേക്ഷിക്കുന്നതിനെ കുറിച്ചും തന്റെ വിവാഹ സങ്കല്‍പ്പങ്ങളെ കുറിച്ചുമെല്ലാം ഹണി റോസ് പരിപാടിയില്‍ സംസാരിച്ചു.

ഉടനെ വിവാഹം കഴിക്കാനുള്ള ആലോചനയുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നും എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നുമായിരുന്നു ഹണി റോസിന്റെ മറുപടി.

വിവാഹത്തെ കുറിച്ച് അങ്ങനെ എന്തെങ്കിലും സങ്കല്‍പ്പമുണ്ടോ അതോ ഇന്‍ഡസ്ട്രിയില്‍ കുറേക്കാലം കൂടി നിന്നിട്ട് വിവാഹം മതിയെന്നാണോ എന്ന ചോദ്യത്തിന് ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നതും വിവാഹവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നായിരുന്നു ഹണി റോസിന്റെ മറുപടി.

തീര്‍ച്ചയായും വിവാഹം കഴിച്ചാലും ഞാന്‍ സിനിമയില്‍ തുടരും. എനിക്ക് ഒരിക്കലും മനസിലാവാത്ത ഒരു കാര്യമാണ് എന്തുകൊണ്ട് സിനിമ നിര്‍ത്തിയിട്ട് പലരും പോകുന്നു എന്ന്. ഈ ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യാന്‍ പറ്റുക എന്നത് നമുക്ക് കിട്ടുന്ന ഒരു അനുഗ്രഹമാണ്, ഹണി റോസ് പറഞ്ഞു.

സിനിമയില്‍ തുടരുന്നത് ഇഷ്ടമില്ലാത്ത ആളാണ് വരുന്നതെങ്കിലോ എന്ന ചോദ്യത്തിന് ഒരിക്കലും അങ്ങനെ ഒരാള്‍ വരില്ലെന്നായിരുന്നു ഹണി റോസിന്റെ മറുപടി. തീര്‍ച്ചയായും നമ്മള്‍ ആളെ മനസിലാക്കിയിട്ടല്ലേ വിവാഹത്തിലേക്ക് കടക്കുള്ളൂ. അല്ലാതെ ഒരു പരിചയവുമില്ലാത്ത ഒരാളെ ആരും വിവാഹം കഴിക്കാന്‍ നില്‍ക്കില്ലല്ലോ. നില്‍ക്കേണ്ട ആവശ്യവുമില്ല.

തീര്‍ച്ചയായും പരസ്പരം മനസിലാക്കി അദ്ദേഹത്തിന്റെ ഒരു സപ്പോര്‍ട്ട് ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ട് മാത്രം അതിലേക്ക് പോകുക, ഹണി റോസ് പറഞ്ഞു.

2005ല്‍ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണി റോസ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്സ്, ബിഗ് ബ്രദര്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ തുടര്‍ന്ന് അഭിനയിച്ചു. ‘അക്വാറിയം’ ആണ് ഹണി റോസിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്ററിലാണ് താരം ഒടുവില്‍ അഭിനയിച്ചത്.

We use cookies to give you the best possible experience. Learn more