| Sunday, 7th March 2021, 11:03 am

സ്‌കൂളില്‍ പോയി അടങ്ങിയിരുന്ന് പഠിക്കാനൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു, പനിയാണെന്നൊക്കെ പറഞ്ഞ് മാസങ്ങള്‍ വീട്ടിലിരുന്നിട്ടുണ്ട്; ഹണി റോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുട്ടിക്കാലത്ത് സ്‌കൂളില്‍ പോകാനുള്ള തന്റെ മടിയെ കുറിച്ചും സ്‌കൂളില്‍ പോകാതിരിക്കാനായി കാട്ടിക്കൂട്ടിയ കുസൃതികളെ കുറിച്ചും മനസു തുറക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം ഹണി റോസ്. സ്‌കൂളില്‍ പഠിക്കുന്ന സമയം തൊട്ടേ അടങ്ങിയിരുന്ന് പഠിക്കാനൊക്കെ തനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നെന്നും പനിയാണെന്നൊക്കെ കാരണം പറഞ്ഞ് മാസങ്ങളോളം സ്‌കൂളില്‍ പോകാതെ താന്‍ ഇരുന്നിട്ടുണ്ടെന്നും ഹണി റോസ് ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

പതിവായി കോളേജില്‍ പോകാന്‍ പറ്റാതിരുന്നതില്‍ ഒരു നഷ്ടബോധമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഹണി റോസിന്റെ മറുപടി.
‘സ്‌കൂളില്‍ പഠിക്കുന്ന സമയം തൊട്ടേ എന്നും പോയി അടങ്ങിയിരുന്ന് പഠിക്കാന്‍ എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. എനിക്ക് അങ്ങനെ ഒരു സ്വഭാവമില്ല.

ടെന്‍ത്തിലേക്ക് ജോയിന്‍ ചെയ്യുന്ന സമയത്താണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. അതിന് മുന്‍പ് സ്‌കൂളില്‍ നിന്ന് ക്ലാസ്‌കട്ട് ചെയ്യാന്‍ ഞാന്‍ എന്തെങ്കിലുമൊക്കെ വഴികണ്ടു പിടിക്കുമായിരുന്നു.

പനിയാണന്നൊക്കെ പറഞ്ഞ് ഞാന്‍ മാസങ്ങള്‍ വീട്ടിലിരുന്നിട്ടുണ്ട്. ഒറ്റ മോളായത് കൊണ്ട് ഞാന്‍ പറയുന്ന കൊച്ചുകൊച്ചു കള്ളങ്ങളൊക്കെ അച്ഛനും അമ്മയും വിശ്വസിക്കുമായിരുന്നു. ഡിഗ്രിക്ക് ഞാന്‍ ആലുവ സെന്റ് സേവ്യേഴ്‌സിലാണ് പഠിച്ചത്. പതിവായി കോളേജില്‍ പോയി ട്ടില്ലെങ്കിലും പറ്റുമ്പോഴൊക്കെ പോയിട്ടുണ്ട്.

അവിടെ യൂണിഫോമൊക്കെയായിരുന്നു. കോളേജില്‍ പോകുന്നപോലെ തോന്നില്ല. സ്‌കൂളില്‍ പോകുന്ന അതേ ഫീല്‍. സല്‍വാറും അതിന്റെ മേലൊരു കോട്ടുമായിരുന്നു യൂണിഫോം. യൂണിഫോമിടുമ്പോള്‍ നമ്മുടെ മനസുപോലും മാറിപ്പോകും. ശരിക്കും ഒരു സ്‌കൂള്‍ കുട്ടിയാണെന്നേ തോന്നൂ.

കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷായിരുന്നു മെയിന്‍. പല കാരണങ്ങളാല്‍ എഴുതാന്‍ കഴിയാതെ പോയ പരീക്ഷകളുണ്ടായിരുന്നു. അതൊക്കെ എഴുതി. പ്രൊഫഷനും പഠിത്തവും ഒരുമിച്ച് കൊണ്ടുപോകുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ സെമസ്റ്ററിനും പരീക്ഷകളുണ്ട്. നമ്മള്‍ തലയില്‍ കയറാത്ത ഒരു സബ്ജക്ട് എടുത്താല്‍ തിരക്കുകള്‍ക്കിടയില്‍ പഠിക്കാന്‍ പാടായിരിക്കും. ടീച്ചേഴ്‌സൊക്കെ വളരെ സപ്പോര്‍ട്ടീവായിരുന്നതുകൊണ്ടാണ് ഡിഗ്രി കംപ്ലീറ്റ് ചെയ്യാന്‍ പറ്റിയത്’, ഹണി റോസ് പറയുന്നു.

സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ ഏത് പ്രൊഫഷന്‍ തിരഞ്ഞെടുക്കുമായിരുന്നു എന്ന ചോദ്യത്തിന് കലയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു പ്രൊഫഷനില്‍ തന്നെ ആകുമായിരുന്നെന്നും പെയിന്റിംഗും ഡിസൈനിങ്ങും തനിക്ക് വളരെ ഇഷ്ടമാണെന്നും ഹണി റോസ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Honey Rose About Her Education And School Days

We use cookies to give you the best possible experience. Learn more