| Saturday, 6th March 2021, 11:05 am

കുത്തിത്തിരിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നും പറയാനില്ല: വീട്ടിലൊരു ചടങ്ങ് നടക്കുമ്പോള്‍ അതിഥികളോടൊപ്പം നമ്മളും കസേരയില്‍ കയറി ഇരിക്കുമോ; ഹണി റോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടന വേദിയിലെ ഇരിപ്പിട വിവാദം വലിയ ചര്‍ച്ചയായ വിഷയമായിരുന്നു. എന്നാല്‍ ഇരിപ്പിടത്തിന്റെ പേരില്‍ നടന്നത് മുഴുവന്‍ അനാവശ്യ വിവാദമാണെന്ന് പറയുകയാണ് നടിയും അമ്മ എക്‌സിക്യൂട്ടീവ് അംഗവുമായ ഹണി റോസ്.

അവിടെ എന്ത് നടന്നുവെന്ന് മനസിലാക്കാതെ പെട്ടെന്ന് ചാടിക്കയറി ചിലര്‍ കമന്റ് പറഞ്ഞത് ശരിയായില്ലെന്നാണ് ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ഹണി റോസ് പറഞ്ഞത്.

എന്തെങ്കിലുമൊരു വിവാദമുണ്ടാക്കാന്‍ വേണ്ടി ചിലര്‍ ഏതെങ്കിലുമൊരു വിഷയമെടുത്തിടുന്നുവെന്നേയുള്ളൂവെന്നും ഏറ്റവും നന്നായി നടന്ന ഒരു ചടങ്ങിലെ ഒരു ഫോട്ടോ കണ്ടിട്ട് ഒരാവശ്യവുമില്ലാതെ കുത്തിത്തിരിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നും പറയാനില്ലെന്നും ഹണി റോസ് പറയുന്നു.

അന്നത്തെ സംഭവത്തെ കുറിച്ച് ഹണി റോസിന്റെ വാക്കുകള്‍.. ‘ഞാനും ശ്വേതചേച്ചി (ശ്വേതാമേനോന്‍)യും രചനയുമൊക്കെ അമ്മ’യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. ഞങ്ങള്‍ സ്ത്രീ കളെ കൂടാതെ പുരുഷന്മാരുമുണ്ട് അതില്‍. വലിയ ഒരു ചടങ്ങാണ് അവിടെ നടന്നത്. എല്ലാവരും ഓടിനടന്ന് ജോലി ചെയ്യുകയായിരുന്നു. ഞങ്ങളെല്ലാവരും വ്യക്തിപരമായി ക്ഷണിച്ചിട്ട് കൂടിയാണ് പലരും വന്നത്.

ഞങ്ങള്‍ ക്ഷണിച്ച് വരുത്തിയവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ട ചുമതല ഞങ്ങള്‍ക്കുണ്ട്. മീറ്റിംഗ് തുടങ്ങിയ സമയം തൊട്ടേ വേദിയിലിരുന്നവരെല്ലാം ഞങ്ങളോടും വേദിയില്‍ ഒപ്പമിരിക്കാന്‍ പറയുന്നുണ്ടായിരുന്നു. മമ്മുക്ക ഉള്‍പ്പെടെ പലരും ഞങ്ങള്‍ ക്ഷണിച്ചിട്ട് വന്നവരാണ്.

ലാലേട്ടന്‍ അമ്മയുടെ പ്രസിഡന്റാണ്. അങ്ങനെ കുറച്ച് പേരെ വേദിയിലിരുന്നുള്ളൂ. ഞങ്ങളും കൂടി അവിടെ കയറിയിരുന്നാല്‍ ചടങ്ങ് നല്ല രീതിയില്‍ നടക്കണ്ടേ. നമ്മുടെ വീട്ടിലൊരു ചടങ്ങ് നടക്കുമ്പോള്‍ ക്ഷണിക്കപ്പെട്ട അതിഥികളോടൊപ്പം നമ്മളും കസേരയില്‍ കയറി ഇരിക്കുന്നതല്ലല്ലോ പതിവ്.

അങ്ങനെ ഞങ്ങള്‍ നിന്ന ഫോട്ടോസ് കണ്ടിട്ടാണ് പലരും അഭിപ്രായ പ്രകടനം നടത്തിയത്. ഞങ്ങളെല്ലാവരും പിന്നീട് ഒരുമിച്ച് വേദിയിലിരിക്കുന്ന ഫോട്ടോസ് അഭിപ്രായം പറഞ്ഞ പലരും കണ്ടില്ല. കണ്ടെങ്കില്‍ത്തന്നെ അതിനെപ്പറ്റി മിണ്ടിയില്ല.

എന്തെങ്കിലുമൊരു വിവാദമുണ്ടാക്കാന്‍ വേണ്ടി ചിലര്‍ ഏതെങ്കിലുമൊരു വിഷയമെടുത്തിടുന്നുവെന്നേ തോന്നിയുള്ളൂ. ഏറ്റവും നന്നായി നടന്ന ഒരു ചടങ്ങിലെ ഒരു ഫോട്ടോ കണ്ടിട്ട് ഒരാവശ്യവുമില്ലാതെ കുത്തിത്തിരിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നും പറയാനില്ല. അവിടെ എന്താണ് സംഭവിച്ചതെന്ന് അവിടെയുണ്ടായിരുന്നവര്‍ക്കറിയാം. എന്നാലും വാര്‍ത്തകള്‍ വളച്ചൊടിച്ച് വരുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി. ഇപ്പോള്‍ സോ ഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ പലതും അങ്ങനെയാണ്. നമ്മളൊരു കാര്യം പറഞ്ഞാല്‍ അതിനെ വളച്ചൊടിച്ച് വ്യാഖ്യാനിക്കാന്‍ ചിലര്‍ക്ക് നല്ല വിരുതാണ്. എങ്ങനെയും വാര്‍ത്ത സൃഷ്ടിക്കാനാണ് ചിലര്‍ക്കിഷ്ടം.

ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വായിച്ച് പോലും നോക്കാതെ ഹെഡിംഗ് മാത്രം വായിച്ച് അതിനെ വളച്ചൊടിച്ച് വാര്‍ത്ത കൊടുക്കുന്ന മറ്റുചില പോര്‍ട്ടലുകളുമുണ്ട്. വളരെ മോശം കാര്യമാണത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ അങ്ങനെ തന്നെയാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഒരു പോര്‍ട്ടലില്‍ വരുന്ന വാര്‍ത്ത വേറെ പോര്‍ട്ടലില്‍ അവരുടെ ഭാവനകൂടി ചേര്‍ത്തായിരിക്കും വരുന്നത്. അങ്ങനെയങ്ങനെ അവസാനം സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്തകളും പ്രചരിക്കും,’ ഹണി റോസ് പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Actress Honey Rose About AMMA Building Inauguration Controversy

We use cookies to give you the best possible experience. Learn more