ന്യൂദൽഹി: പേരക്കുട്ടികളെ നോക്കേണ്ടതിനാൽ എപ്പോഴും മണ്ഡലത്തിൽ പോയി കാര്യങ്ങൾ അന്വേഷിക്കാൻ സാധിക്കുന്നില്ലെന്ന് നടിയും ബി.ജെ.പി എം.പിയുമായ ഹേമ മാലിനി. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു എം.പിയുടെ പരാമർശം. എം.പി എന്നതിന് പുറമെ തന്റെ മറ്റ് റോളുകൾ കൂടി മണ്ഡലത്തിലുള്ളവരെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും ഹേമ മാലിനി കൂട്ടിച്ചേർത്തു. രാഷ്ട്രീയക്കാരി, അമ്മ, മുത്തശ്ശി എന്നീ റോളുകൾ കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ടുകളെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ഹേമ മാലിനിയുടെ പ്രതികരണം.
മക്കൾ മുംബൈയിൽ ഇല്ലാത്ത അവസരങ്ങളിൽ പേരക്കുട്ടികളെ നോക്കേണ്ടിവരും. പിന്നെ എന്റെ ഡാൻസ് പ്രാക്ടീസും ഉണ്ട്. അമ്മയെന്ന നിലയിൽ തനിക്ക് ചില റോളുകൾ ഉണ്ടെന്നും ഹേമ മാലിനി പറയുന്നു.
“തിരക്ക് പിടിച്ച് ജീവിതത്തിൽ വളരെ അധികം ടൈം മാനേജ്മെന്റ് ആവശ്യമാണ്. എനിക്ക് ഒരുപാട് അഡ്ജസ്റ്റ്മെന്റുകൾ ചെയ്യേണ്ടതായി വരുന്നുണ്ട്. പെട്ടെന്ന് മണ്ഡലത്തിലേക്ക് വിളിച്ചാൽ എപ്പോഴും തിരക്കിട്ട് അവിടേക്ക് ഓടിപ്പോകാൻ സാധിക്കില്ല. ജീവതത്തിലെ മറ്റ് കടമകൾ മണ്ഡലത്തിലെ ജനങ്ങളെ എനിക്ക് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അമ്മയെന്ന നിലയിൽ എനിക്ക് ചില റോളുകൾ ഉണ്ട്.
ചിലപ്പോൾ മഥുരയിലേക്ക് പോകാൻ കഴിയാറില്ല. കാരണം ഈ സമയങ്ങളിൽ എനിക്ക് എന്റെ പേരക്കുട്ടികളെ നോക്കേണ്ടതുണ്ട്. പിന്നെ എന്റെ ഡാൻസ് പ്രാക്ടീസും ഉണ്ട്. പക്ഷേ മഥുരയിലായിരിക്കുമ്പോൾ പൂർണമായും ഞാൻ മഥുരക്ക് വേണ്ടിയായിരിക്കും പ്രവർത്തിക്കുന്നത്,” ഹേമ മാലിനി പറഞ്ഞു.
2014ലാണ് യു.പിയിലെ മഥുരയിൽ നിന്നും ഹേമ മാലിനി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആർ.എൽ.ഡി നേതാവായ ജയന്ത് ചൗധരിയെ പരാജയപ്പെടുത്തിയായിരുന്നു ഇവരുടെ വിജയം.
2019ലും മികച്ച ഭൂരിപക്ഷത്തിലാണ് ഹേമ മണ്ഡലത്തിൽ നിന്നും വിജയിച്ചത്. അതേസമയം ഇക്കുറി മഥുരയിൽ ബി.ജെ.പി നടി കങ്കണയെ പരീക്ഷിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. തന്റെ രാഷ്ട്രീയ പ്രവേശം പ്രേക്ഷകർ ആഗ്രഹിക്കുകയാണെങ്കിൽ ഉണ്ടാകുമെന്ന് നേരത്തേ കങ്കണ പറഞ്ഞിരുന്നു.
Content Highlight: Actress hemamalini says that she have to look after grandchildren