മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിസാം ബഷീര്‍ ഒരുക്കിയ റോഷാക്ക് 2022 മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ്. ബിന്ദു പണിക്കര്‍, ഗ്രേസ് ആന്റണി, ജഗദീഷ്, കോട്ടയം നസീര്‍, ഷറഫുദ്ദീന്‍ എന്നിവരായിരുന്നു ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.
ചിത്രത്തിലേക്ക് ഗ്രേസ് ആന്റണിയെ സജസ്റ്റ് ചെയ്തത് മമ്മൂട്ടിയാണെന്ന് നേരത്തെ സംവിധായകന്‍ നിസാം ബഷീര്‍ പറഞ്ഞിരുന്നു. റോഷാക്കിലേക്ക് നിസാം ബഷീര്‍ തന്നെ വിളിച്ചതിനെ കുറിച്ചും ഇതിനെ പറ്റി പിന്നീട് മമ്മൂട്ടിയോട് സംസാരിച്ചതിനെ കുറിച്ചും പറയുകയാണ് ഒരഭിമുഖത്തില്‍ നടി ഗ്രേസ് ആന്റണി.
നിസാം ബഷീര്‍ വിളിച്ചതിന് ശേഷം അമ്മ മീറ്റിങ്ങില്‍ വെച്ച് മമ്മൂട്ടിയെ നേരിട്ട് കണ്ടതും അദ്ദേഹത്തോട് റോഷാക്കിനെ കുറിച്ച് സംസാരിച്ചതുമായ അനുഭവങ്ങളാണ് അഭിമുഖത്തില്‍ ഗ്രേസ് ആന്റണി പറയുന്നത്.
”നിസാമിക്ക എന്നെ റോഷാക്കിലേക്ക് വിളിച്ച ശേഷം ഒരു ദിവസം അമ്മയുടെ ഒരു മീറ്റിങ്ങില്‍ ഞാന്‍ പോയിരുന്നു. ആദ്യമായാണ് അമ്മയുടെ മീറ്റിങ്ങില്‍ പോയത്. അവിടെ ഒരു സീറ്റില്‍ ഞാന്‍ പോയി ഇരുന്നു. എന്റെ സൈഡില്‍ ഒരു വാക്ക് വേയാണ്. അഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ മമ്മൂക്ക അവിടേക്ക് കേറി വന്നു. അദ്ദേഹം എന്റെയടുത്ത് വന്നു. എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് എന്നോട് ചോദിച്ചു.
ഞാന്‍ ഗ്രേസ് ആന്റണിയാണ് എന്ന് പറഞ്ഞു. അപ്പോള്‍ ശരി കാണാം എന്നും പറഞ്ഞ് പുള്ളി പോയി. ഞാന്‍ അവിടെത്തന്നെ ഇരുന്നു. എന്റെ ചങ്കിടിപ്പ് കൂടി.
ലഞ്ചിന്റെ സമയമായപ്പോള്‍ ഞാന്‍ ചെമ്പന്‍ ചേട്ടന്റെ (ചെമ്പന്‍ വിനോദ്) കൂടെ കഴിക്കാന്‍ പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ മമ്മൂക്ക അവിടേക്ക് വന്നു, എന്റെ ടെന്‍ഷന്‍ പിന്നെയും കൂടി. ഞാന്‍ എഴുന്നേറ്റ് മമ്മൂക്കയുടെ അടുത്തേക്ക് പോയി.
ഇക്കാ നിസാമിക്ക എന്നെ വിളിച്ചിരുന്നു, ഇങ്ങനെ ഒരു പടം ചെയ്യുന്ന കാര്യം എന്നോട് പറഞ്ഞു, എന്ന് ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. അതെന്താ എന്റെ കൂടെ പടം ചെയ്യാന്‍ താല്‍പര്യമില്ലേ, എന്നാണ് ഉടന്‍ മമ്മൂക്ക എന്നോട് ചോദിച്ചത്.
ഞാനെന്താ പറയുക? അയ്യോ ഇക്ക അങ്ങനെയല്ല, എന്ന് പറഞ്ഞു. ഓക്കെ, ബാക്കി കാര്യങ്ങള്‍ അവര്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുമെന്ന് മമ്മൂക്ക പറഞ്ഞു. അത്രയേ പറഞ്ഞുള്ളൂ. പിന്നെ മമ്മൂക്കയെ റോഷാക്കിന്റെ സെറ്റില്‍ വെച്ചാണ് ഞാന്‍ കാണുന്നത്,” ഗ്രേസ് ആന്റണി പറഞ്ഞു.
നിസാം ബഷീര്‍ തന്നെ റോഷാക്കിലേക്ക് വിളിച്ചപ്പോള്‍ തോന്നിയ കാര്യങ്ങളും അഭിമുഖത്തില്‍ ഗ്രേസ് ആന്റണി പറയുന്നുണ്ട്.
”ഒരു ആക്ടര്‍ എന്നുള്ളതൊക്കെ മാറ്റിവെക്കാം. മലയാള സിനിമയെ ഇഷ്ടപ്പെടുന്ന ഒരു ശരാശരി മലയാളിയെന്ന രീതിയില്‍ മലയാളത്തിന്റെ സ്വന്തം മമ്മൂക്കയുടെ കൂടെ തുല്യ പ്രാധാന്യമുള്ള ഒരു ശക്തമായ കഥാപാത്രം ചെയ്യാന്‍ കിട്ടിയ അവസരം എന്ന് പറഞ്ഞാല്‍… അത് ഇമാജിന്‍ ചെയ്യാന്‍ പോലും പറ്റുന്നില്ല.
നിസാമിക്ക വിളിച്ചിട്ട് ഞാന്‍ കെട്ട്യോളാണെന്റെ മാലാഖ ചെയ്ത സംവിധായകനാണ്, പുതിയ ഒരു സിനിമ ചെയ്യുന്നുണ്ട്, മമ്മൂക്കയാണ് നായകന്‍, ഇങ്ങനെയൊരു ക്യാരക്ടറുണ്ട് എന്ന് പറഞ്ഞു. സൈഡിലൂടെ നടന്നുപോകുന്ന അമ്മൂമ്മേടെ നാത്തൂന്റെ മോള്‍ടെ മോളായിരിക്കും അല്ലെങ്കില്‍ അപ്പുറത്തെ വീട്ടിലെ ചേച്ചിയുടെ അനിയത്തിയുടെ റോളോ ഒക്കെ ആയിരിക്കും എനിക്ക് എന്നാണ് ഞാന്‍ വിചാരിച്ചത്.
മമ്മൂക്ക തന്നെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍. അപ്പോള്‍ പ്രൊഡക്ഷനും ഒക്കെയാണ്, പടം എന്തായാലും ഇറങ്ങും. ഓക്കെ ഇക്കാ പറയൂ, ഞാന്‍ എന്താണ് ചെയ്യേണ്ടത്, എന്ന് ചോദിച്ചു.
മമ്മൂക്കയുടെ പെയറായിട്ടാണ് ഞാന്‍ എന്ന് നിസാമിക്ക പറഞ്ഞു. ഏ… മമ്മൂക്കയുടെ പെയറായി ഞാനോ, എന്നാണ് ഞാന്‍ ആദ്യം ചോദിച്ചത്. മമ്മൂക്ക ഇത് അറിഞ്ഞോ എന്ന് ചോദിച്ചു. മമ്മൂക്കയാണ് ഗ്രേസിന്റെ കാര്യം പറഞ്ഞതെന്ന് നിസാമിക്ക പറഞ്ഞു.
ഞാന്‍ ഫുള്‍ സൈലന്റായി. സത്യമാണ്, നേരിട്ട് കാണുമ്പോള്‍ ഗ്രേസ് തന്നെ മമ്മൂക്കയോട് ചോദിച്ച് നോക്കൂ എന്ന് നിസാമിക്ക പറഞ്ഞു. അപ്പോള്‍ തന്നെ കഥയും കഥാപാത്രവുമൊക്കെ കേട്ടിട്ട് ഞാന്‍ ഓകെ പറഞ്ഞു,” താരം കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിനായിരുന്നു റോഷാക്ക് തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന്റെ മേക്കിങ്ങും അവതരണവും വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടിരുന്നു. ഇതുവരെ കാണാത്ത ഗെറ്റപ്പിലെത്തിയ മമ്മൂട്ടി സിനിമയെ വേറൊരു തലത്തില്‍ എത്തിച്ചുവെന്നും ഹോളിവുഡ് രീതിയില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും വരെ ചില പ്രേക്ഷക പ്രതികരണങ്ങള്‍ വന്നിരുന്നു.
Content Highlight: Actress Grace Antony talks about an experience with Mammootty