സ്‌പോയിലര്‍ അലര്‍ട്ട്…..
ബിജിത് ബാല സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പടച്ചോനെ ഇങ്ങള് കാത്തോളീ. ശ്രീനാഥ് ഭാസി നായകനായ ചിത്രത്തില്‍ ഇന്ദു എന്ന കഥാപാത്രത്തെയാണ് ഗ്രേസ് ആന്റണി അവതരിപ്പിക്കുന്നത്. സിനിമയുടെ തുടക്കത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമാണ് ഇന്ദു.
ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കുറച്ചു പുരുഷന്മാര്‍ക്കിടയിലെ ഏക വനിതയായാണ് ഇന്ദുവിനെ അവതരിപ്പിക്കുന്നത്. ട്രെയിലറില്‍ പ്രധാന കോമഡി കഥാപാത്രമാണെന്ന് തോന്നിപ്പിക്കുന്ന ഇന്ദു പക്ഷെ സിനിമയില്‍ അങ്ങനെ അല്ല. ഹരീഷ് കണാരനൊപ്പമുള്ള ചില കോമ്പിനേഷന്‍ സീനുകളില്‍ ലൈറ്റ് ഹ്യൂമര്‍ കമന്റുകള്‍ മാത്രമാണ് ഗ്രേസ് പറയുന്നത്.
ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന ദിനേശന്‍ എന്ന കഥാപാത്രത്തിന്റെ സുഹൃത്തുക്കളില്‍ ഒരാളായ ഇന്ദുവിന് ദിനേശനോട് പ്രണയമുണ്ട്. ദിനേശന് എപ്പോഴൊക്കെ പണത്തിനു ആവശ്യം വരുന്നോ അപ്പോഴൊക്കെ സഹായിക്കുന്നത് ഗ്രേസിന്റെ കഥാപാത്രമാണ്. ദിനേശനും കുടുംബത്തിനും എന്ത് ആവശ്യമുണ്ടെങ്കിലും ഇന്ദു ഒപ്പമുണ്ടാകും.
ഇതൊക്കെ എപ്പോള്‍ തിരിച്ചു തരും എന്ന് ചോദിക്കുമ്പോള്‍ തന്നില്ലെങ്കില്‍ നിന്നെ ഞാന്‍ കല്യാണം കഴിച്ചോളാം എന്ന് ദിനേശനും പറയുന്നുണ്ട്. സ്ത്രീധനത്തില്‍ കൂട്ടിക്കോളൂ എന്ന് പറയുന്ന ഒരു ധ്വനി അതില്‍ തോന്നാം.
ഇന്ദുവിന് തന്നോട് പ്രണയമുണ്ടെന്ന് അറിയാത്ത ദിനേശന്‍ മറ്റൊരു കുട്ടിയുമായി പ്രണയത്തിലാവുന്നുണ്ട്. ഉള്ളിന്റെ ഉള്ളില്‍ ദിനേശനോടുള്ള ഇഷ്ടം ഇന്ദു സൂക്ഷിക്കുന്നത് കൊണ്ട് ഏത് പ്രതിസന്ധിയിലും ദിനേശന് ഒപ്പം ഇന്ദു ഉണ്ടാവുന്നുണ്ട്.
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുന്നതോടെ പ്രണയത്തിലായ കുട്ടിയില്‍ നിന്നും ദിനേശന്‍ അകലും. വീട്ടുകാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും ഇഷ്ടമില്ലാത്ത ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ദിനേശനോട് ഇന്ദു ആവശ്യപ്പെടുന്നുണ്ട്.
തൊട്ടടുത്ത സീനില്‍ ഇന്ദുവിനെ വീടിന്റെ പുറക് വശത്തേക്ക് വിളിച്ച് വരുത്തി ഹരീഷ് കണാരന്‍ അവളുടെ മുഖത്ത് അടിക്കുന്നു. സൗഹൃദത്തിന്റെ നാല് വചനങ്ങള്‍ പറഞ്ഞുകൊണ്ട് ഹരീഷ് കണാരന്‍ പോകുന്നു. മായാജാലം എന്നു പറയാം ആ ഒരൊറ്റ അടിയില്‍ ഇന്ദു പുതിയ മനുഷ്യനായി. പിന്നീട് പരസ്പരം അകന്ന് ഇരിക്കുന്ന ദിനേശനെയും ആന്‍ ശീതളിന്റെ കഥാപാത്രത്തെയും ഒന്നിപ്പിക്കാന്‍ മുമ്പില്‍ നില്‍ക്കുന്നത് ഇന്ദു ആയിരിക്കും.
ഒരു സ്ത്രീയുടെ മുഖത്ത് അടിക്കുമ്പോള്‍ തിയേറ്ററില്‍ കയ്യടി വീഴുമെന്ന ചിന്തയില്‍ നിന്നും ഡയറക്ടര്‍ മുന്നിലേക്ക് പോയിട്ടില്ലെന്ന് ഈ സീന്‍ വ്യക്തമാക്കുന്നുണ്ട്. സിനിമയിലെ മറ്റ് കഥാപാത്രങ്ങളേക്കാള്‍ മനസില്‍ നില്‍ക്കുന്നത് ഇന്ദുവാണ്. ഗ്രേസിന്റെ പെര്‍ഫോമന്‍സാണ് അതില്‍ എടുത്ത് പറയേണ്ടത്.
മുഴുനീള കഥാപാത്രമായിട്ടും സിനിമയില്‍ വലിയ പ്രാധാന്യം ഇന്ദുവിനുള്ളതായിട്ട് തോന്നുന്നില്ല. പക്ഷെ ഗ്രേസിന്റെ പെര്‍ഫോമന്‍സ് കൊണ്ട് സിനിമയിലെ മറ്റ് കഥാപാത്രങ്ങളേക്കാളും പ്രേക്ഷകരുടെ മനസില്‍ നില്‍ക്കുക ഇന്ദുവാണ്. സിനിമയില്‍ ഇത്തരമൊരു കഥാപാത്രത്തെ കൊണ്ടുവന്നതിലൂടെ എന്താണ് സംവിധായകന്‍ ഉദ്ദേശിച്ചതെന്ന് അപ്പോഴും വ്യക്തമല്ല.
content highlight: actress grace antony performance in the movie padachone ingalu katholee