താന്‍ പറഞ്ഞ കാര്യം മാധ്യമങ്ങളില്‍ തെറ്റായി വന്നതിനെ പറ്റി പറയുകയാണ് നടി ഗ്രേസ് ആന്റണി. ടൈല്‍സിന്റെ കോണ്‍ട്രാക്ട് വര്‍ക്ക് എടുത്ത് ചെയ്യുന്നയാളാണ് അച്ഛനെന്നും എന്നാല്‍ ഇന്റര്‍വ്യു ആയി വന്നപ്പോള്‍ കൂലിപ്പണിക്കാരന്‍ എന്ന ലെവലിലേക്കായെന്നും ഗ്രേസ് പറഞ്ഞു. പറയുന്നത് മാറ്റി കൊടുക്കുന്ന രീതിയെ പറ്റിയാണ് താന്‍ ഇവിടെ പറയുന്നതെന്നും ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ ഗ്രേസ് പറഞ്ഞു.
‘പപ്പ വീടുകളിലൊക്കെ കോണ്‍ട്രാക്ട് എടുത്ത് ടൈല്‍സ് വര്‍ക്ക് ചെയ്യുന്ന ആളാണ്. ഞാന്‍ അങ്ങനെ തന്നെ സ്‌പെസിഫൈ ചെയ്താണ് പറഞ്ഞത്. പക്ഷേ ഇന്റര്‍വ്യു ആയി വന്നപ്പോള്‍ കൂലിപ്പണിക്കാരന്‍ എന്നൊക്കെയുള്ള ലെവലിലേക്ക് പോയി. നമ്മള്‍ പറയുന്ന കാര്യമല്ല പുറത്തേക്ക് വരുന്നത്. അത് വേറെ സൈഡാണ്, അത് പറയാന്‍ നിക്കുകയാണെങ്കില്‍ വേറെ രീതിക്ക് പോകും.
അമ്മയും അച്ഛനും കലാകാരന്മാരാണ്. അമ്മ പാട്ടുപാടുകയും ഡാന്‍സ് കളിക്കുകയും ചെയ്യുമായിരുന്നു. പക്ഷെ അന്ന് അമ്മയെ പാട്ടും ഡാന്‍സും പഠിപ്പിക്കാനൊന്നും സാമ്പത്തികമുണ്ടായിരുന്നില്ല, അതുകൊണ്ട് അമ്മ കളിച്ചില്ല. പപ്പ അടിപൊളിയായിട്ട് ഡാന്‍സ് കളിക്കും. പപ്പ ബ്രേക്ക് ഡാന്‍സൊക്കെ കളിക്കുന്നത് കണ്ടാല്‍ നമ്മള്‍ നോക്കി നിന്നുപോകും. ഞങ്ങളുടെ നാട്ടില്‍ ചെറിയ ഫങ്ഷന്‍സൊക്കെ വരുമ്പോള്‍ സാരിയൊക്കെ ഉടുത്ത് ഡാന്‍സ് കളിക്കുക പപ്പയായിരുന്നു.
അത്ര അടിപൊളിയായിട്ടാണ് പപ്പ കളിക്കുക. പിന്നെ മൈക്കല്‍ ജാക്സന്റെ ഡാന്‍സൊക്കെ പപ്പ ചെയ്യും. ഫാമിലിയില്‍ എന്ത് ഫങ്ഷന്‍ വന്നാലും പപ്പയാണ് ഡാന്‍സ് കളിക്കുന്നത്,’ ഗ്രേസ് പറഞ്ഞു.
വളരെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കുടുംബമായിരുന്നു തന്റേതെന്നും ഗ്രേസ് പറഞ്ഞു. ‘വീട്ടില്‍ ഞങ്ങള്‍ രണ്ട് പെണ്‍കുട്ടികളാണ്. അമ്മക്ക് ജോലിയില്ല. അമ്മ ഹൗസ് വൈഫായി ഇരിക്കുവാണ്. ഒരാളുടെ വരുമാനം കൊണ്ട് രണ്ട് പെണ്‍കുട്ടികളെ പഠിപ്പിച്ചുകൊണ്ട് വരാനുള്ള ബുദ്ധിമുട്ടുണ്ട്.
ഇതില്‍ പ്രശ്‌നമെന്താണെന്ന വെച്ചാല്‍ ഇതിനിടക്ക് എന്റെ ഡാന്‍സ് ഫീസും വരുന്നുണ്ട്. കോസ്റ്റിയൂംസ് ഒക്കെ എക്‌സ്‌പെന്‍സീവാണ്. പിന്നെ ഡ്രെസിന്റെ വാടക, ഓര്‍ണമെന്റ്‌സിന്റെ വാടക, മേക്കപ്പ്, കച്ചേരിക്ക് വരുന്നവര്‍ക്ക് കൊടുക്കേണ്ട പൈസ ഇതെല്ലാം കൂടി മാനേജ് ചെയ്യാന്‍ പറ്റുന്നില്ല. അതാണ് ഏറ്റവും വലിയ പ്രശ്‌നം. പക്ഷേ ഇതൊട്ട് വിട്ടുകളയാനും പറ്റുന്നില്ല,’ ഗ്രേസ് പറഞ്ഞു.
Content Highlight: Actress Grace Antony is speaking about what she said was misrepresented in the media