കുമ്പളങ്ങി നൈറ്റ്സിലൂടെ പ്രേക്ഷമനസില്‍ ഇടം നേടിയ ഗ്രേസ് ആന്റണി കനകം കാമിനി കലഹത്തിലൂടെ വീണ്ടും മലയാളസിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ്. ചിത്രത്തില്‍ ഗ്രേസ് അവതരിപ്പിച്ച ഹരിപ്രിയ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ആദ്യമായി നിവിന്‍ പോളിക്കൊപ്പം അഭിനയിച്ച താരം ചിത്രത്തില്‍ നിവിന്‍ മികച്ച പിന്തുണയാണ് നല്‍കിയതെന്നും പറയുന്നു. മാതൃഭൂമിക്ക് അനുവദിച്ച് അഭിമുഖത്തിലാണ് നിവിന്‍ പോളിക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ ഗ്രേസ് പങ്ക് വെച്ചത്.
ആശയവിനിമയം നടത്താന്‍ ഏറെ എളുപ്പമുള്ള നടനാണ് നിവിന്‍ ചേട്ടന്‍. നമ്മള്‍ പറയുന്നത് കേള്‍ക്കാന്‍ മനസുള്ള ഒരു സഹപ്രവര്‍ത്തകന്‍ ഒരു കലാകാരന് വലിയ പിന്തുണയാണ്. ഒരു കഥാപാത്രം എന്നതില്‍ നിന്ന് മാറി ഒരു വ്യക്തിയായി നമ്മള്‍ ചിത്രീകരണ സ്ഥലത്തിരിക്കുമ്പോള്‍ പല ഇമോഷന്‍സിലൂടെയാകും കടന്ന് പോകുന്നുണ്ടാവുക.
കനകം കാമിനിയുടെ ചിത്രീകരണത്തിനിടയില്‍ തന്നെ ഞാന്‍ മൂഡൗട്ട് ആയി ഇരിക്കുന്ന സമയത്ത് നിവിന്‍ ചേട്ടന്‍ വന്ന് ചോദിക്കും എന്ത് പറ്റിയെന്ന്. പുള്ളി വന്ന് രണ്ട് വര്‍ത്തമാനം ഒക്കെ പറയുമ്പോഴേക്കും നമ്മള്‍ ഓകെ ആയിട്ടുണ്ടാകും.
സെറ്റും അങ്ങനെ തന്നെയായിരുന്നു. അതൊക്കെ തന്നെയാണ് നിവിന്‍ എന്ന നടനില്‍ നിന്നും നിര്‍മാതാവില്‍ നിന്നും നമുക്ക് കിട്ടുന്ന പിന്തുണ. കംഫര്‍ട്ടബിളായി അഭിനയിക്കാന്‍ പറ്റുന്ന സഹതാരമാണെന്നും ഇനിയും നിവിന്‍ ചേട്ടനൊപ്പം സിനിമകള്‍ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും ഗ്രേസ് തുറന്ന് പറഞ്ഞു.
2016 ല്‍ ഹാപ്പി വെഡ്ഡിങ്സ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ഗ്രേസ് കുമ്പളങ്ങി നൈറ്റ്സിലെ സിമിയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ നവംബര്‍ 9 ന് റിലീസ് ചെയ്ത കനകം കാമിനി കലഹത്തിലെ ഗ്രേസിന്റെ അഭിനയം ഏറെ നിരൂപക പ്രശംസ ഏറ്റ് വാങ്ങിയിരുന്നു.
നിവിനും ഗ്രേസിനുമൊപ്പം വിനയ് ഫോര്‍ട്ട്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ് ‘കനകം കാമിനി കലഹം’.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം