| Tuesday, 25th May 2021, 3:44 pm

എന്താണ് സിനിമയെന്നും എങ്ങനെയാണ് അഭിനയിക്കേണ്ടതെന്നും തിരിച്ചറിഞ്ഞത് കുമ്പളങ്ങി നൈറ്റ്‌സിന്റെ സെറ്റില്‍വെച്ചാണ്; ഗ്രേസ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കരിയറിലെ രണ്ടാമത്തെ സിനിമയായ കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് ഗ്രേസ് ആന്റണി എന്ന നടിയെ മലയാളികള്‍ അറിഞ്ഞുതുടങ്ങിയത്. ചിത്രത്തിലെ സിമി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

തീരെ പരിമിതമായ തന്റെ സിനിമാ ധാരണകളെയും വ്യക്തിത്വത്തെയുമെല്ലാം മാറ്റിമറിച്ച സിനിമയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ് എന്ന് പറയുകയാണ് ഗ്രേസ് ആന്റണി.

എന്താണ് സിനിമ എന്നും എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്നും താന്‍ തിരിച്ചറിഞ്ഞത് കുമ്പളങ്ങി നൈറ്റ്‌സിന്റെ സെറ്റില്‍വെച്ചാണെന്നും ഗ്രേസ് ആന്റണി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.’ ആരുമൊന്നും പറഞ്ഞുതന്നിട്ടല്ല ആ പഠനം നടന്നത്. ഒരുകൂട്ടം ചെറുപ്പക്കാര്‍ സിനിമയോട് കാട്ടുന്ന ആത്മാര്‍ഥതയും പാഷനുമൊക്കെ എന്നെയും ആഴത്തില്‍ സ്പര്‍ശിച്ചു. ഓരോ സീനിന്റെയും പരിപൂര്‍ണതയ്ക്ക് വേണ്ടി അവര്‍ ചെയ്യുന്ന അധ്വാനം ഞാന്‍ അടുത്തറിഞ്ഞു.

ഏറ്റവും നല്ല റിസല്‍ട്ട് നല്‍കാന്‍ അതൊക്കെ എന്നെയും പ്രേരിപ്പിച്ചിട്ടുണ്ടാകാം. തിരക്കഥയുടെ അതേ ഓര്‍ഡറില്‍ ഷൂട്ട് ചെയ്ത സിനിമയായിരുന്നു അത്. മുഴുവന്‍ അഭിനേതാക്കളും എല്ലാ സമയവും സെറ്റില്‍ തന്നെയുണ്ടായിരുന്നു.

രാത്രിജീവികളായിരുന്നു ഞങ്ങളൊക്കെ. കൂടുതല്‍ സീനുകളും രാത്രിയിലാണ് ചിത്രീകരിച്ചിരുന്നത്. കൂടെ അഭിനയിക്കുന്നവരെല്ലാം മികച്ച നടീനടന്‍മാരാണ്. ആ സിനിമയിലെ ചെറിയ സീനില്‍ വരുന്നവര്‍ക്കുപോലും എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടാകും.

ഫഹദ് ചേട്ടന്റെ ഭാര്യയായാണ് അഭിനയിക്കുന്നത് എന്ന് ആദ്യമറിഞ്ഞപ്പോള്‍ ശരിക്കും പേടിച്ചു. അദ്ദേഹത്തിന്റെ റേഞ്ചിനൊപ്പം കട്ടയ്ക്ക് നില്‍ക്കാനാകുമോ എന്നായിരുന്നു ടെന്‍ഷന്‍. പിന്നെ സംവിധായകന്‍ മധുവേട്ടനും തിരക്കഥാകൃത്ത് ശ്യാമേട്ടനുമൊക്കെ സിമിയെക്കുറിച്ച് എനിക്ക് വിശദമായി പറഞ്ഞുതന്നു. ഗ്രേസിന് ഗംഭീരമായി ഇത് ചെയ്യാന്‍ പറ്റുമെന്ന് അവരൊക്കെ ഉറപ്പിച്ചു പറഞ്ഞതോടെ കണ്ണും പൂട്ടി അഭിനയിച്ചു. അങ്ങനെയാണ് സിമിയുടെ കഥാപാത്രം സംഭവിച്ചത്.

സീന്‍ ഓര്‍ഡറില്‍ത്തന്നെ സിനിമ ചിത്രീകരിക്കുന്നതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും നേട്ടമുണ്ടെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരു കഥ ഡെവലപ് ചെയ്യുന്നത് എങ്ങനെയാണെന്ന് കൃത്യമായി നമുക്ക് മനസ്സിലാവും എന്നതാണ് ഇതിന്റെ നേട്ടമെന്നായിരുന്നു ഗ്രേസിന്റെ മറുപടി.

ചില സിനിമകളില്‍ ക്ലൈമാക്‌സ് ആയിരിക്കും ആദ്യം ചിത്രീകരിക്കുക. ചിലപ്പോള്‍ ഫൈറ്റ് സീന്‍ എടുത്തശേഷമാകും അതിലേക്ക് നയിച്ച സീനിന്റെ ഷൂട്ട് നടക്കുക. അപ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് അഭിനേതാക്കളുടെ മനസ്സില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.

അല്ലെങ്കില്‍ പിന്നെ തിരക്കഥ മുഴുവനായി വായിച്ചു മനസ്സിലാക്കണം. എല്ലായ്‌പ്പോഴും അത് നടന്നുകൊള്ളണമെന്നില്ല. സീന്‍ ഓര്‍ഡറില്‍ത്തന്നെ ചിത്രീകരിച്ചതുകൊണ്ട് സിമിയെ കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഷമ്മിയുടെ പെരുമാറ്റത്തിലെ പ്രശ്‌നങ്ങള്‍ അവള്‍ കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കുന്നതും ഒടുവിലൊരു പൊട്ടിത്തെറിയിലേക്ക് പോകുന്നതുമെല്ലാം അതേ ക്രമത്തില്‍ അവതരിപ്പിക്കാന്‍ പറ്റി, ഗ്രേസ് ആന്റണി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Actress Grace Antony About Kumbalangi Knights movie

We use cookies to give you the best possible experience. Learn more