| Monday, 7th November 2022, 11:07 pm

ആ ഇന്‍സിഡന്റിന് ശേഷം മെസേജ് അയച്ചവരുടെ പ്രശ്‌നങ്ങള്‍ കേട്ടപ്പോള്‍ ഞെട്ടി, ഞാന്‍ ഇവിടെ നാലഞ്ച് പ്രസംഗം നടത്തിയത് കൊണ്ടൊന്നും നന്നാകാന്‍ പോകുന്നില്ല: ഗ്രേസ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയുടെ പ്രൊമോഷന് വേണ്ടി കോഴിക്കോട് എത്തിയപ്പോള്‍ ആള്‍ക്കുട്ടത്തിനിടയില്‍ വെച്ച് ഗ്രേസ് ആന്റണിക്കും ഒപ്പമുണ്ടായിരുന്ന മറ്റൊരു നടിക്കും മോശം അനുഭവം നേരിടേണ്ടി വന്നിരുന്നു.

അങ്ങനെയൊരു അനുഭവം നേരിട്ടതിന് ശേഷം നിരവധി ആളുകള്‍ തനിക്ക് മെസേജ് അയച്ചിരുന്നുവെന്നും അവരൊന്നും തങ്ങള്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് ആരോടും പറഞ്ഞിട്ടില്ലെന്നും ഗ്രേസ് പറഞ്ഞു. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം താരം പറഞ്ഞത്.

”ഒരു സ്ത്രീയോട് പെരുമാറുന്നതില്‍ ആളുകള്‍ കുറച്ച് കൂടെ ശ്രദ്ധിക്കണമെന്ന് തോന്നിയിട്ടുണ്ട്. ഞാന്‍ ഒരു സെലിബ്രിറ്റിയായത് കൊണ്ട് പറയുകയല്ല. ആ ഒരു ടാഗ് മാറ്റി വെക്കൂ. നാലഞ്ച് പേര് അറിയുന്ന എനിക്കും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നെങ്കില്‍ അതല്ലാത്ത ഒരാളുടെ അവസ്ഥ ആലോചിച്ച് നോക്കു.

എനിക്ക് അങ്ങനെയൊരു ഇന്‍സിഡന്റ് ഉണ്ടായതിന് ശേഷം എത്ര പെണ്‍കുട്ടികളാണെന്നോ മെസേജ് അയച്ചത്. അവരൊന്നും നേരിട്ട ബുദ്ധിമുട്ടുകള്‍ ആരോടും പറഞ്ഞിട്ടില്ല. അവരുടെ പ്രശ്‌നങ്ങള്‍ അറിഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ വണ്ടറായി പോയി. എന്റെ പ്രശ്‌നങ്ങളൊന്നും ഒന്നുമല്ലെന്ന് തോന്നി. അപ്പോഴാണ് നമ്മള്‍ ആലോചിക്കുന്നത് ഈ കാര്യത്തെക്കുറിച്ച്.

എജുക്കേഷന്റെ പ്രശ്‌നമാണോ അതോ ചെയ്യുന്നവരുടെ മാനസിക നിലയുടെ പ്രശ്‌നമാണോയെന്ന്. സൊസൈറ്റിയുടേയും ചിലപ്പോള്‍ വീട്ടുകാരുടെ പ്രശ്‌നമാണോയെന്ന് പോലും നമുക്ക് തോന്നും. എനിക്ക് പറയാനുള്ളത് നമുക്ക് ഇപ്പോള്‍ ഉള്ള ആള്‍ക്കാരെ ഒന്നും നന്നാക്കാന്‍ പറ്റില്ല.

ഞാന്‍ ഇവിടെ നിന്ന് നാലഞ്ച് പ്രസംഗം നടത്തിയത് കൊണ്ടൊന്നും ആരും നന്നാകാന്‍ പോകുന്നില്ല. നമുക്ക് പറ്റുന്ന ഒരു കാര്യം നമുക്ക് ചുറ്റുമുള്ളവരെയും നമ്മുടെ കുട്ടികളെയും കാര്യം പറഞ്ഞ് മനസിലാക്കുകയെന്നതാണ്.

നമ്മുടെ വീട്ടില്‍ നിന്ന് തന്നെ നമ്മള്‍ തുടങ്ങണം. ഒരാളെയെങ്കിലും നമ്മള്‍ മാറ്റിയാല്‍ അടുത്ത ആലെ അയാള്‍ മാറ്റും. ഒരുപാട് ഇന്‍സിഡന്റ് ഇവിടെ നടക്കുന്നുണ്ട്. എല്ലാവര്‍ക്കും പ്രതികരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല,” ഗ്രേസ് ആന്റണി പറഞ്ഞു.

അതേസമയം ‘പടച്ചോനെ ങ്ങള് കാത്തോളി’ എന്ന പുതിയ സിനിമയുടെ പ്രമോഷനുവേണ്ടി താരം വീണ്ടും കോഴിക്കോട്ടെത്തിയിരുന്നു. കഴിഞ്ഞ തവണ അങ്ങനെയൊരു അനുഭവം ഉണ്ടായതിന് ശേഷം ഇനി കോഴിക്കോടേക്ക് വരുമെന്ന് താന്‍ കരുതിയിരുന്നുല്ലെന്നും ഏതോ ഒരാള്‍ ചെയ്തതിന് കോഴിക്കോടുള്ള മനുഷ്യരുടെ സ്‌നേഹം കണ്ടില്ലെന്ന് നടിക്കുകയെന്നും താരം പറഞ്ഞു.

content highlight: actress grace antony about kozhikode inciddent

We use cookies to give you the best possible experience. Learn more