| Saturday, 3rd June 2023, 12:02 pm

എന്നെ കണ്ടതും ഓടി വന്ന് സോറി പറഞ്ഞു, അതോടെ എന്റെ ദേഷ്യമൊക്കെ മാറി: ഗ്രേസ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്‌കൂള്‍ ലൈഫില്‍ ഒരുപാട് കുറ്റപ്പെടുത്തലുകള്‍ പലരില്‍ നിന്നും കേട്ടിട്ടുണ്ടെന്നും ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതൊക്കെ വളരെ ഫണ്‍ ആയിട്ടാണ് തോന്നുന്നതെന്നും നടി ഗ്രേസ് ആന്റണി.

തന്നെ ഒരുപാട് ബുള്ളി ചെയ്ത സുഹൃത്ത് പിന്നീട് കണ്ടപ്പോള്‍ സോറി പറഞ്ഞിട്ടുണ്ടെന്നും അതോടെ തന്റെ ദേഷ്യമൊക്കെ മാറിയെന്നും നടി പറഞ്ഞു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗ്രേസ്.

‘സ്‌കൂള്‍ ലൈഫില്‍ ഒരുപാട് കുറ്റപ്പെടുത്തലുകള്‍ പലരില്‍ നിന്നും കേട്ടിട്ടുണ്ട്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എനിക്ക് വളരെ ഫണ്‍ ആയിട്ടാണ് തോന്നുന്നത്. പക്ഷേ ആ ഒരു ഫയര്‍ എനിക്കിപ്പോഴുമുണ്ട്. എല്ലാവരുടേയും ലൈഫില്‍ ഇങ്ങനെയുള്ള സാഹചര്യങ്ങളുണ്ടായിട്ടുണ്ടാവും.

എന്നെ തള്ളി പറഞ്ഞവരെയൊക്കെ ഇപ്പോഴും കാണാറുണ്ട്. പക്ഷേ അവരൊന്നും പ്രത്യേകിച്ച് ചോദിക്കാറുമില്ല, ഞാനൊന്നും പ്രത്യേകിച്ച് പറയാറുമില്ല.

ഞാനെവിടെയും എത്തില്ല എന്ന് പറഞ്ഞ ഒരുപാട് പേരുണ്ട്. എന്നെ ഭയങ്കരമായി ബുള്ളി ചെയ്തിട്ടുള്ളൊരു കുട്ടിയെ ഒരു ദിവസം കണ്ടിരുന്നു. ഞാന്‍ ഒരു പരിപാടി അറ്റന്‍ഡ് ചെയ്യാന്‍ പോയതായിരുന്നു.

എന്നെ കണ്ടതും ഓടി വന്ന് സോറി എന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ ഷോക്കായിപ്പോയിരുന്നു. ഞാനവരില്‍ നിന്നത് പ്രതീക്ഷിച്ചിരുന്നില്ല. എനിക്കവരോടുണ്ടായിരുന്ന ദേഷ്യമൊക്കെ അതോടെ മാറി, ‘ ഗ്രേസ് പറഞ്ഞു.

സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ സിനിമ നടിയാകണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും അതൊരു പ്രൊഫഷനാക്കണമെന്ന് തോന്നിയതിന് ശേഷമാണ് ഡാന്‍സ് പഠിക്കാന്‍ പോയതെന്നും ഗ്രേസ് പറഞ്ഞു.

‘സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ സിനിമ നടിയാകണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്റെ ടീച്ചര്‍മാരെ നിരീക്ഷിച്ചു തുടങ്ങിയപ്പോള്‍ മുതലാണ് അഭിനയഭ്രാന്ത് തുടങ്ങിയത്. ടീച്ചര്‍മാര്‍ കുട്ടികളെ തല്ലുന്നത് പോലെയൊക്കെ ഞാന്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് ചെയ്തുനോക്കുമായിരുന്നു.

റോഡിലൂടെ നടന്ന് പോകുമ്പോഴൊക്കെ ചെടികളൊക്കെ പിടിച്ച് ഇതൊക്കെ കൈ ആണെന്ന് വിചാരിച്ച് അടിച്ചൊക്കെ നോക്കുമായിരുന്നു. നടിയാവണമെന്ന തീരുമാനം എടുത്തതോടെയാണ് ഞാന്‍ ഡാന്‍സ് പഠിക്കാന്‍ പോയത്, ‘ നടി പറഞ്ഞു.


Content Highlights: Actress Grace Antony about her school life

We use cookies to give you the best possible experience. Learn more