ഏറെ നാളായി മലയാള സിനിമയിലുള്ള ഒരാളായാണ് ഗ്രേസ് ആന്റണിയെന്ന നടിയെ പ്രേക്ഷകര്‍ കാണുന്നത്. ഇതുവരെ വെറും പത്തോളം സിനിമകളില്‍ മാത്രമാണ് ഗ്രേസ് അഭിനയിച്ചതെന്ന് അറിയുമ്പോള്‍ പലര്‍ക്കും അതൊരു അത്ഭുതമാണ്.
അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും മികച്ചതും അതിലുപരി വ്യത്യസ്തവുമാക്കാന്‍ ഗ്രേസിന് സാധിച്ചിട്ടുണ്ട്. ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഗ്രേസ് പിന്നീട് കുമ്പളങ്ങി നൈറ്റ്‌സിലെ സിമിയായും ഹലാല്‍ ലൗ സ്റ്റോറിയിലെ സുഹറയായും പ്രേക്ഷകരെ വിസ്മയിപ്പിച്ചു.
ഇപ്പോള്‍ തിയേറ്ററുകളില്‍ ഓടുന്ന സാജന്‍ ബേക്കറിയില്‍ സാജന്റെ ഭാര്യയായാണ് ഗ്രേസ് അഭിനയിച്ചത്. നിവിന്‍ പോളി നായകനായ കനകം കാമിനി കലഹം എന്ന ചിത്രമാണ് ഗ്രേസിന്റേതായി അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം.
താന്‍ സ്ഥിരം ചെയ്യുന്ന വേഷങ്ങളില്‍ നിന്നും അല്പം വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലേതെന്നും ഏറെ പ്രതീക്ഷയുള്ള കഥാപാത്രമാണ് ഇതെന്നും സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ഗ്രേസ് പറയുന്നുണ്ട്.
ഇതുവരെ ചെയ്ത സിനിമകളിലൊക്കെ അല്പം മുതിര്‍ന്ന വേഷങ്ങള്‍ ചെയ്തതുകൊണ്ടാവാം താന്‍ അല്പം പ്രായമുള്ള സ്ത്രീയാണെന്നാണ് എല്ലാവരും കരുതിയിരുന്നതെന്നും ലോക്ക് ഡൗണ്‍ കാലത്ത് യൂട്യൂബില്‍ ചെയ്ത ഡാന്‍സ് വീഡിയോ കണ്ടപ്പോഴാണ് പലര്‍ക്കും തന്റെ യഥാര്‍ത്ഥ പ്രായം മനസിലായതെന്നും അതിന് ശേഷം വന്ന പ്രോജക്ടുകളിലൊക്കെ ചെറുപ്പമുള്ള റോളുകളാണ് കിട്ടിയതെന്നും ഗ്രേസ് അഭിമുഖത്തില്‍ പറയുന്നുണ്ട്.
ലോക്ക് ഡൗണ്‍ കാലത്ത് ചില ഡാന്‍സ് വീഡിയോകളൊക്കെ യൂട്യൂബില്‍ ചെയ്തല്ലോ, ഒരു ഷോട്ട് ഫിലിമും സംവിധാനം ചെയ്തിരുന്നുവല്ലേ എന്ന ചോദ്യത്തിന് ഷൂട്ടിങ്ങൊക്കെ മുടങ്ങി വീട്ടില്‍ വെറുതെയിരിക്കുമ്പോള്‍ രസത്തിന് ചെയ്ത വീഡിയോകളാണ് അത് എന്നായിരുന്നു ഗ്രേസിന്റെ മറുപടി.
‘പക്ഷേ അതുകൊണ്ട് ഒരു ഗുണമുണ്ടായി. ഇതുവരെ ചെയ്ത സിനിമകളിലൊക്കെ അല്പം മുതിര്‍ന്ന വേഷങ്ങള്‍ ചെയ്തതുകൊണ്ടാവാം ഞാനല്പം പ്രായമുള്ള സ്ത്രീയാണെന്നാണ് എല്ലാവരും കരുതിയത് എന്ന് തോന്നുന്നു. സത്യത്തിലെനിക്ക് 23 വയസ്സേ ആയിട്ടുള്ളൂ. ഡാന്‍സ് വീഡിയോ കണ്ടപ്പോഴാണ് എന്റെ യഥാര്‍ത്ഥ പ്രായം ആളുകള്‍ക്ക് പിടികിട്ടിയത് (ചിരിക്കുന്നു). അതിന് ശേഷം വന്ന പ്രോജക്ടുകളിലൊക്കെ ചെറുപ്പമുള്ള റോളുകളാണ് കിട്ടിയത്.
ഷോട്ട് ഫിലിമും അതുപോലെ ബോറടി മാറ്റാന്‍ ചെയ്തതാണ്. K-nowledge എന്ന ആ ഷോട്ട് ഫിലിമിന്റെ സംവിധാനവും നിര്‍മാണവും തിരക്കഥയുമൊക്കെ ഞാന്‍ തന്നെയായിരുന്നു. ചെറിയൊരു വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു.
എട്ട് മാസത്തിനുള്ളില്‍ 30 ലക്ഷത്തിലേറെ പേര്‍ ആ കുഞ്ഞു സിനിമ കണ്ടു എന്നതില്‍ ഏറെ സന്തോഷം. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ തന്നെ തിരക്കഥകള്‍ എഴുതാറുണ്ട്. അതെന്റെ ഹോബി കൂടിയായിരുന്നു. എഴുത്തുകാരുടെ ഭാഗത്തുനിന്ന് ഓരോ കഥാപാത്രങ്ങളെയും എങ്ങനെ കാണുന്നു എന്നറിയാന്‍ വലിയ താത്പര്യം പണ്ടേയുണ്ട്. അങ്ങനെയാണ് എഴുതിനോക്കാന്‍ തുടങ്ങിയത്.
സംവിധായകര്‍ അതിനെ എങ്ങനെ കാണുന്നു എന്നും ഇപ്പോള്‍ ആലോചിക്കും. അതില്‍നിന്ന് വിഭിന്നമായാണ് നടീനടന്‍മാര്‍ ഓരോ കഥാ പാത്രങ്ങളെയും കാണുന്നത് എന്നുമറിയാം. എന്നെങ്കിലുമൊരു മുഴുനീള സിനിമയ്ക്ക് തിരക്കഥയൊരുക്കുക എന്നതാണ് ഇപ്പോള്‍ മനസ്സിലുള്ള സ്വപ്‌നം,’ ഗ്രേസ് പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actress Grace Antony About Her Films and Characters