| Friday, 28th April 2023, 8:35 am

എന്റെ അഭിനയം ഡ്രാമാറ്റിക്കാണെന്നും ഓവറാണെന്നുമൊക്കെ അദ്ദേഹം പറഞ്ഞു, കണ്ണൊക്കെ നിറഞ്ഞ് ഞാന്‍ ഇറങ്ങിപ്പോയി: ഗ്രേസ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫേക്ക് ഓഡീഷന് പോയി കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് നടി ഗ്രേസ് ആന്റണി. റിയല്‍ ഓഡീഷനാണെങ്കില്‍ അഭിനയിക്കേണ്ട സീന്‍ അവര്‍ തരുമെന്നും ഫേക്കാണെങ്കില്‍ നമ്മളോട് ഇഷ്ടമുള്ളത് അഭിനയിക്കാന്‍ പറയുകയാണ് ചെയ്യുകയെന്നും ഗ്രേസ് പറഞ്ഞു.

സെക്കന്റ് ഓഡീഷന് പോയിട്ട് അവിടെ നിന്നും തന്നെ ഒരുപാട് ചീത്ത വിളിച്ചിട്ടുണ്ടെന്നും കരഞ്ഞു കൊണ്ടാണ് അന്ന് ഇറങ്ങി പോന്നതെന്നും താരം പറഞ്ഞു. ധന്യ വര്‍മയുമൊത്തുള്ള അഭിമുഖത്തിലാണ് ഗ്രേസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഫേക്ക് ഓഡീഷനാണെങ്കില്‍ എന്തെങ്കിലും ചെയ്യാന്‍ അറിയുന്നത് ചെയ്യാന്‍ പറയും. പക്ഷെ റിയല്‍ ഓഡീഷന് നമുക്ക് കൃത്യമായിട്ട് അഭിനയിക്കേണ്ട സീന്‍ അവര്‍ തരും. ഹാപ്പി വെഡ്ഡിങ്ങിന്റെ ഫസ്റ്റ് ഓഡീഷനില്‍ അങ്ങനെയാണ് ഉണ്ടായത്.

മറ്റൊരു സിനിമക്കായി ഓഡീഷന് ചെന്നപ്പോള്‍ ആദ്യം എന്നെക്കുറിച്ച് പറയാന്‍ പറഞ്ഞു. അത് കഴിഞ്ഞപ്പോള്‍ എനിക്ക് അറിയാവുന്ന എന്തെങ്കിലും ചെയ്യാന്‍ പറഞ്ഞു. അപ്പോഴാണ് നാടകം ചെയ്യുന്നത് കൊണ്ട് അതിലെ ഒരു സീന്‍ ഞാന്‍ അഭിനയിച്ചത്.

ഞാന്‍ ഇത് ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ ഓഡീഷന്‍ ചെയ്യുന്ന ആള്‍ പെട്ടെന്ന് നിര്‍ത്താന്‍ പറഞ്ഞു. എന്ത് ഡ്രാമാറ്റിക് ആണ്, എന്ത് ഓവറാണെന്നൊക്കെ എന്നെ നോക്കി പറഞ്ഞു. ഞാന്‍ ആകെ ടെന്‍ഷനായി. സാര്‍ എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞ് തന്നില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു.

ഇങ്ങനെയാണോ അഭിനയിക്കുക, താന്‍ ഭയങ്കര ഓവറാണ്, പൊക്കോണം എന്ന് എന്നോട് പറഞ്ഞു. അപ്പോഴും ഫേക്കാണെന്ന് എനിക്ക് മനസിലായില്ല. എന്റെ കണ്ണൊക്കെ നിറഞ്ഞ് ഞാന്‍ ഇറങ്ങിപ്പോയി. കിട്ടില്ലെന്ന് ഞാന്‍ പപ്പയോട് പറഞ്ഞു. പിന്നെയാണ് മനസിലായത് ഫേക്ക് ഓഡീഷനാണെന്ന്,” ഗ്രേസ് ആന്റണി പറഞ്ഞു.

ബിജി ബാല സംവിധാനം ചെയ്ത പടച്ചോനെ ഇങ്ങള് കാത്തോളിയാണ് ഗ്രേസിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ശ്രീനാഥ് ഭാസിയെ പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ ഇന്ദു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ആന്‍ ശീതള്‍, സണ്ണി വെയ്ന്‍, മാമുക്കോയ, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനവേഷങ്ങളില്‍ അഭിനയിച്ചത്.

content highlight: actress grace antony about fake audition

We use cookies to give you the best possible experience. Learn more