| Saturday, 3rd June 2023, 4:31 pm

നന്ദി പറയുന്നത് ഈ ഇന്‍ഡസ്ട്രിയോടാണ്: ഗ്രേസ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ അറിയപ്പെടുന്ന സംവിധായകനായ റാമിന്റെ ഏറ്റവും പുതിയ സിനിമയാണ് ‘ഏഴ് കടല്‍ ഏഴ് മലൈ’. നിവിന്‍ പോളി, സൂരി, അഞ്ജലി എന്നിവര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ മലയാളത്തിലും തമിഴിലുമായാണ് റിലീസ് ചെയ്യുന്നത്.

ഗ്രേസ് ആന്റണിയും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡയറക്ടര്‍ റാമുമായുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി ഗ്രേസ് ആന്‍ണി.

‘ഒരു സുപ്രഭാതത്തില്‍ എനിക്കൊരു കോള്‍ വന്നു. നിവിന്‍ ചേട്ടനായിരുന്നു (നിവിന്‍ പോളി) അത്. തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് ചോദിച്ചു. ‘പേരന്‍പി’ന്റെ സംവിധായകന്റെ സിനിമയാണെന്നും പറഞ്ഞു.

കൊച്ചിയിലായിരുന്നു റാം സര്‍ ഉണ്ടായിരുന്നത്. ഞാന്‍ പിറ്റേ ദിവസം തന്നെ കൊച്ചിക്ക് പോയി റാം സാറിനെ മീറ്റ് ചെയ്തു.

സര്‍ കഥയുടെ വണ്‍ ലൈന്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ തന്നെ ഞാന്‍ ഓക്കെ പറഞ്ഞു. കാരണം, ഞാന്‍ അങ്ങനെയൊരു കഥാപാത്രം ഇതുവരെ ചെയ്തിട്ടില്ല. സര്‍ പറഞ്ഞു, സാറിന്റെ കയ്യില്‍ സ്‌ക്രിപ്റ്റില്ലെന്നും സ്‌ക്രിപ്റ്റ് അയച്ചുതരാമെന്നും.

അതിനുശേഷം സ്‌ക്രിപ്റ്റ് സമാധാനമായി വായിച്ചു. എനിക്ക് വളരെ സന്തോഷമായി. നമ്മുടെ മലയാള സിനിമ കണ്ടിട്ട് തമിഴിലെ ഒരു ലീഡ് റോളിലേക്ക് വിളിച്ചതില്‍ വളരെ അഭിമാനം തോന്നി. ശരിക്കും നന്ദി പറയുന്നത് ഈ ഇന്‍ഡസ്ട്രിയോടാണ്, ‘ നടി പറഞ്ഞു.

ഡയറക്ടര്‍ റാം മലയാള സിനിമയുടെ വലിയ ഫാനാണെന്നും അദ്ദേഹം എല്ലാ മലയാള സിനിമയും കാണാറുണ്ടെന്നും ഗ്രേസ് പറഞ്ഞു. റാമിനോടൊത്ത് വര്‍ക്ക് ചെയ്തത് തനിക്ക് ഡിഫറന്റ് എക്‌സ്പീരിയന്‍സായിരുന്നെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘സര്‍ മലയാള സിനിമയുടെ വലിയ ഫാനാണ്. എല്ലാ മലയാള സിനിമയും അദ്ദേഹം കാണും. എനിക്ക് ഭയങ്കര ഡിഫറന്റ് ആയൊരു എക്‌സ്പീരിയന്‍സായിരുന്നു ആ മനുഷ്യന്റെ കൂടെ വര്‍ക്ക് ചെയ്തത്.

എനിക്ക് തമിഴൊന്നും അങ്ങനെയറിയില്ലായിരുന്നു. പക്ഷേ ഞാന്‍ ആ സിനിമയുടെ സെറ്റില്‍ പോയി വളരെ പെട്ടെന്ന് തന്നെ തമിഴ് പറയാനൊക്കെ സാധിച്ചു, ‘ ഗ്രേസ് പറഞ്ഞു.


Content Highlights: Actress Grace Antony about Director Ram

We use cookies to give you the best possible experience. Learn more