| Tuesday, 21st February 2023, 8:25 pm

ഇല്ലാത്ത കാര്യങ്ങളെ കുറിച്ച് പറഞ്ഞ് നടക്കാനാണ് ജനങ്ങള്‍ക്കിഷ്ടം; എന്റെ പേഴ്‌സണല്‍ കാര്യങ്ങളില്‍ ഇടപെടരുത്: ഗൗതമി നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാജീവിതത്തിനിടയില്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി ഗൗതമി നായര്‍. സെക്കന്റ് ഷോ എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി പിന്നീട് സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്തിരുന്നു. ഇപ്പോള്‍ വീണ്ടുമൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് താരം.

ജനങ്ങള്‍ അനാവശ്യമായി മറ്റൊരാളുടെ ജീവിതത്തില്‍ ഇടപെടുകയാണെന്നും, മാധ്യമങ്ങള്‍ക്ക് മറ്റൊരാളുടെ സ്വകാര്യ ജീവിതത്തില്‍ എത്തി നോക്കാനുള്ള അവകാശമില്ലെന്നും ഗൗതമി പറഞ്ഞു.

ധന്യ വര്‍മയുമായി നടത്തിയ അഭിമുഖത്തിനിടെയാണ് താരം തന്റെ അഭിപ്രായം പങ്കുവെച്ചത്.

‘എന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍ പബ്ലിക് സ്പെയ്‌സില്‍ റിവീല്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ വര്‍ക്കിനെക്കുറിച്ച് ഇനി എത്ര ആര്‍ട്ടിക്കിളുകള്‍ വന്നാലും എനിക്ക് പ്രശ്‌നമില്ല. പക്ഷെ എന്റെ സ്വകാര്യ ജീവിതം പ്രൈവറ്റായി തന്നെ നിലനിര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ജനങ്ങള്‍ ഇല്ലാത്ത കാര്യത്തിനെക്കുറിച്ച് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. മറ്റൊരാളുടെ വീട്ടില്‍ എന്ത് പ്രശ്‌നം നടക്കുന്നു, അവിടെ അത് സംഭവിച്ചു, ഈ കാരണം കൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്നൊക്കെയുള്ള ഗോസിപ്പുകള്‍ പറഞ്ഞ് നടക്കും.

എന്റെ വീട്ടില്‍ എന്താണ് നടക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയില്ല. വേറെ ഒരാളുടെ വീട്ടില്‍ എന്ത് നടക്കുന്നു എന്നതിനെക്കുറിച്ച് മറ്റൊരാള്‍ക്ക് എങ്ങനെ പറയാന്‍ കഴിയും.

എതിരെ നില്‍ക്കുന്ന രണ്ടാളുകളെ ജഡ്ജ് ചെയ്യാനുള്ള അവകാശം ആര്‍ക്കുമില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മറ്റൊരാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഒന്നും തന്നെ നിങ്ങള്‍ അറിയാന്‍ ശ്രമിക്കാറില്ല. പിന്നെ എന്തിനാണ് ജഡ്ജ് ചെയ്യാന്‍ നില്‍ക്കുന്നത്. മീഡിയയിലുള്ള ഒരാളാണെന്ന് വെച്ച് മറ്റൊരാളെ ജഡ്ജ് ചെയ്യാനോ, സ്വകാര്യ ജീവിതത്തില്‍ നില്‍ക്കരുത്.

ഈയടുത്ത് ഒരു പ്രമുഖ ഓണ്‍ലൈന്‍ ചാനലില്‍ അര്‍ജുന്‍ കപൂറിനെ കുറിച്ച് ഒരു വാര്‍ത്ത കണ്ടു. ഇത്രയും വര്‍ഷം മൂവി ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിട്ടും വലിയ ഫ്‌ളോപ്പ് താരമാണ് അയാളെന്നായിരുന്നു കമന്റുകള്‍. എങ്ങനെയാണ് ജനങ്ങള്‍ക്കത് പറയാന്‍ സാധിക്കുന്നത്. ഞാനിതേ പോലെ ഒരു ഭാഗത്തിരുന്ന് കൊണ്ട് നിങ്ങളെ ജഡ്ജ് ചെയ്താല്‍ എങ്ങനെയുണ്ടാവും,’ ഗൗതമി ചോദിച്ചു.

സെക്കന്റ് ഷോയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ഡയമണ്ട് നെക്‌ലെസ്, ചാപ്‌റ്റേഴ്‌സ്, മേരി ആവാസ് സുനോ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Content Highlight:  Actress Gouthami Nair comments on her struggles

Latest Stories

We use cookies to give you the best possible experience. Learn more