| Sunday, 26th February 2023, 9:42 am

സീരിയലുകള്‍ ടോക്‌സിക്കാണ്, സെന്‍സറിങ് അത്യാവശ്യം: ഗൗതമി നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമകള്‍ക്ക് സെന്‍സറിങ് ഉള്ളത് പോലെ ടി.വി സീരിയലുകള്‍ക്കും സെന്‍സര്‍ബോര്‍ഡ് വേണമെന്ന് നടി ഗൗതമി നായര്‍. ടീ.വി സീരിയലുകള്‍ എപ്പോഴും സ്ത്രീകളുടെ നിറം, വിവാഹശേഷമുള്ള ബന്ധങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രീകരിക്കുന്നതെന്നും ഗൗതമി പറഞ്ഞു.

ഇതെല്ലാം ടോക്‌സിക്കാണെന്നും ഇവിടത്തെ സീരിയലുകളുടെ കണ്ടന്റുകള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ഗൗതമി പറഞ്ഞു. അയാം വിത്ത് ധന്യവര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗൗതമി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എനിക്ക് എന്നോട് എപ്പോഴും സത്യസന്ധതയോടെ ഇരിക്കണമെന്ന നിര്‍ബന്ധമുണ്ട്. ആരും പെര്‍ഫക്ടല്ല. മെന്റല്‍ ഡിസോഡറുകള്‍ എല്ലാം ഒരിക്കലും ഭ്രാന്ത് അല്ല. വയറിനും കിഡ്‌നിക്കും എല്ലാം പ്രശ്‌നം വരുമ്പോള്‍ ഡോക്ടറെ കാണുന്നപോലെ തന്നെ വളരെ സിംപിളാണ് മനസിന് പ്രശ്‌നം വരുമ്പോള്‍ ഡോക്ടറെ കാണുന്നതും. അത് അങ്ങനെ എടുത്താന്‍ മതി.

മാത്രമല്ല ചില ടിവി സീരിയലുകളും ആളുകളെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. സിനിമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡുണ്ട്. പക്ഷെ അത് ടിവി സീരിയലുകള്‍ക്ക് ഇല്ല. ഒട്ടനവധി വിഷയങ്ങള്‍ സമൂഹത്തിലുണ്ട്. എന്നിട്ടും എന്തിനാണ് ടിവി സീരിയലുകള്‍ എപ്പോഴും പെണ്ണിന്റെ നിറം, വിവാഹശേഷമുള്ള ബന്ധങ്ങള്‍ എന്നിവയെ മാത്രം അടിസ്ഥാനപ്പെടുത്തി ചിത്രീകരിക്കുന്നത്.

ഇതെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ടോക്‌സിക്കാണ്. ഞാനും ഇന്റര്‍നാഷണല്‍ ടിവി സീരിയലുകള്‍ കാണാറുണ്ട്. പക്ഷെ ഇവിടുത്തെ സീരിയലുകളുടെ കണ്ടന്റ് കുറച്ച് കൂടി മെച്ചപെടേണ്ടതുണ്ട്. മുതിര്‍ന്നവര്‍ കാണുമ്പോള്‍ കുട്ടികളും സീരിയലുകള്‍ കാണാനും അത് അവരെ സ്വാധീനിക്കാനും കാരണമാകും’. ഗൗതമി പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തിയ സെക്കന്റ് ഷോയിലൂടെയാണ് ഗൗതമി സിനിമയിലേക്ക് എത്തിയത്. ഗീതാഞ്ജലി ജനാര്‍ദ്ദനന്‍ എന്ന റോളിലാണ് താരം അഭിനയിച്ചത്. പിന്നീട് ഡയമണ്ട് നെക്‌ലേസ്, ചാപ്റ്റര്‍, കൂതറ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

CONTENT HIGHLIGHT: ACTRESS GOUTHAMI ABOUT SERIALS

We use cookies to give you the best possible experience. Learn more