| Friday, 27th December 2024, 10:00 pm

അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുത്; കേസുമായി ബന്ധമില്ല; ബിജു സോപാനത്തിനും എസ്.പി. ശ്രീകുമാറിനുമെതിരായ കേസില്‍ ഗൗരി ഉണ്ണിമായ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടന്മാരായ ബിജു സോപാനം, എസ്.പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയത് താനല്ലെന്ന് അറിയിച്ച് അഭിനേത്രി ഉണ്ണിമായ ഗൗരി.

പലയിടങ്ങളിലും തനിക്കെതിരെ വിദ്വേഷം പ്രചരിക്കുന്നുണ്ടെന്നും തനിക്ക് ഈയൊരു കേസുമായി ഒരു ബന്ധമില്ലെന്നും ഗൗരി പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് ഗൗരി ഇക്കാര്യം പറഞ്ഞത്.

‘ഒരു യാത്ര പോയതുകൊണ്ടാണ് കഴിഞ്ഞ കുറച്ച് എപ്പിസോഡുകളില്‍ ഞാന്‍ ഇല്ലാതിരുന്നത്. ഡിസംബര്‍ 22ന് തിരിച്ചെത്തിയിട്ടുള്ളു. തുടര്‍ന്ന് ഷൂട്ടില്‍ ജോയിന്‍ ചെയ്തിട്ടുമുണ്ട്.

24 വരെയുള്ള എപ്പിസോഡുകളില്‍ ഞാനും ഭാഗമാണ്. ടെലികാസ്റ്റ് ചെയ്യാനിരിക്കുന്ന എപ്പിസോഡുകളിലും ഞാന്‍ ഉണ്ടാകും,’ എന്നാണ് ഗൗരി ഉണ്ണിമായ പറഞ്ഞത്. പരാതി നല്‍കിയ നടി താനല്ലെന്നും ഗൗരി പറഞ്ഞു.


അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കമന്റുകള്‍ ചെയ്ത് വിഷയങ്ങളുണ്ടാക്കരുതെന്നും ഗൗരി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ പരാതി നല്‍കിയത് ഗൗരിയാണോ എന്ന രീതിയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് ഗൗരി ഉണ്ണിമായ പ്രതികരണവുമായി രംഗത്തെത്തിയത്.

ഇന്നലെയാണ് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ ബിജു സോപാനം, എസ്.പി ശ്രീകുമാര്‍ എന്നിവരെക്കതിരെ കേസെടുത്തത്.

ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

നടിയുടെ പരാതിയില്‍ നടന്മാരില്‍ ഒരാള്‍ ലൈംഗികാതിക്രമം നടത്തിയെന്നും മറ്റൊരാള്‍ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെയാണ്നടി പരാതി അറിയിച്ചത്.

എസ്.ഐ.ടിയുടെ നിര്‍ദേശം പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത ഇന്‍ഫോ പാര്‍ക്ക് പൊലീസ് പിന്നീടിത് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. നിലവില്‍ കേസ് പരിഗണിക്കുന്നത് തൃക്കാക്കര പൊലീസാണ്. പ്രത്യേക അന്വേഷണ സംഘവും നടിയുടെ പരാതിയില്‍ അന്വേഷണം നടത്തും.

Content Highlight: Actress Gouri Unnimaya reacts to the case against Biju Sopanam and SP Sreekumar

We use cookies to give you the best possible experience. Learn more