|

ആ നടിയെ പോലെ കഠിനാധ്വാനം ചെയ്യാൻ തയ്യാറായാൽ തമിഴ് സിനിമ ഒരിക്കലും മാറ്റിനിർത്തില്ല: ഗൗരി.ജി.കിഷൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

96 എന്നൊരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ വലിയ ശ്രദ്ധ നേടിയ നടിയാണ് ഗൗരി.ജി. കിഷൻ.
ചിത്രത്തിൽ തൃഷയുടെ കൗമാര കാലഘട്ടമായിരുന്നു ഗൗരി അവതരിപ്പിച്ചത്. ശേഷം മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ താരം നായികയായി എത്തിയിരുന്നു. കഴിഞ്ഞ വർഷമിറങ്ങിയ ഒരു സർക്കാർ ഉത്പന്നം എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിച്ചത്.

നന്നായി അധ്വാനിച്ച് ഭാഷയെല്ലാം പഠിച്ച് ഡബ്ബ് ചെയ്യുകയാണെങ്കിൽ തമിഴ് സിനിമ ഒരിക്കലും മാറ്റിനിർത്തില്ലെന്നും നടി അപർണ ബാലമുരളി അതിന്റെ ഉദാഹരണമാണെന്നും ഗൗരി പറയുന്നു.

കഴിവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ഭാഷ ഒരു പ്രശ്‌നമല്ലെന്നും മലയാളി നടിമാർ അന്യഭാഷാ നടിമാരെക്കാൾ ഒരുപടി മുകളിലാണെന്നും നാടകീയതയേക്കാൾ സ്വാഭാവിക അഭിനയത്തിലാണ് മലയാളികൾ ശ്രമിക്കുകയെന്നും ഗൗരി കൂട്ടിച്ചേർത്തു.

അഭിനയത്തിൽ മലയാളി നടിമാർ അന്യഭാഷാ നടിമാരെക്കാൾ ഒരു പൊടിക്ക് മുന്നിലാണ്
– ഗൗരി

‘അപർണച്ചേച്ചി ചെയ്തപോലെ കുറച്ച് അധ്വാനിച്ച്, ഭാഷ തന്മയത്വത്തോടെ പഠിച്ച് ഡബ്ബ് വരെ ചെയ്യാൻ തയ്യാറാവുമ്പോൾ, നമ്മൾ അവരുടെ ഇടയിൽനിന്ന് ഒരു കാരണവശാലും മാറ്റിനിർത്തപ്പെടില്ല. കഴിവും കഠിനാധ്വാനം ചെയ്യാനുള്ള മനസും ഉണ്ടെങ്കിൽ ഭാഷയുടെ അതിർവരമ്പുകൾ നമുക്ക് മറികടക്കാനാവും. തമിഴ് ഇൻഡസ്ട്രി ഞങ്ങളെപ്പോലെയുള്ളവരെ ക്ഷണിക്കുന്നത് തീർച്ചയായും വലിയ കാര്യമാണ്.

എന്റെ അനുഭവത്തിൽ അഭിനയത്തിൽ മലയാളി നടിമാർ അന്യഭാഷാ നടിമാരെക്കാൾ ഒരു പൊടിക്ക് മുന്നിലാണ്. നമ്മുടെ നടിമാർക്ക് സ്വാഭാവികമായി ഭാവങ്ങൾ വരുന്നപോലെ തോന്നിയിട്ടുണ്ട്. മറ്റ് ഭാഷകളേക്കാൾ റിയലിസ്റ്റിക് സിനിമകൾ നമ്മൾ എടുക്കുന്നതിൻ്റെ സ്വാധീനമായിരിക്കാം.

നാടകീയതയേക്കാൾ സ്വാഭാവിക അഭിനയത്തിനാണ് നമ്മൾ ശ്രമിക്കുക. അത് മനോഹരമായ ഒരു കാര്യമാണ്. ഞാൻ തന്നെ ചില ഭാവങ്ങൾ കൈയിൽ നിന്ന് പ്രയോഗിക്കുമ്പോൾ മറ്റ് ഭാഷകളിലെ സംവിധായകർ പറയാറുണ്ട്, ഇത് മലയാളിയായതിന്റെ ഗുണമാണെന്ന്. അത് കേൾക്കുമ്പോൾ വല്ലാത്ത അഭിമാനമാണ്,’ഗൗരി പറയുന്നു.

Content Highlight: Actress  Gouri About Thamiz Cinema And Aparna Balamurali