Entertainment
നാലുമക്കളുടെ അമ്മയാകാൻ മടിച്ചാണ് ഞാൻ ആ സൂപ്പർഹിറ്റ് ചിത്രം വേണ്ടെന്ന് വെച്ചതെന്ന് അന്ന് വാർത്ത വന്നു: ഗീത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 26, 03:22 am
Wednesday, 26th February 2025, 8:52 am

വിവിധ ഭാഷകളിലായി മികച്ച കഥാപാത്രങ്ങളുടെ ഭാഗമായിട്ടുള്ള നടിയാണ് ഗീത. മലയാളത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മികച്ച സിനിമകളിൽ അഭിനയിക്കാൻ ഗീതയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. വാത്സല്യം, പഞ്ചാഗ്നി, സുഖമോ ദേവി, ഒരു വടക്കൻ വീരഗാഥ തുടങ്ങിയവയെല്ലാം ഗീത നായികയായി എത്തിയ മലയാള സിനിമകളായിരുന്നു. വലിയ ഇടവേളയ്ക്ക് ശേഷമുള്ള രണ്ടാംവരവിലും ഗീത മലയാളത്തിൽ അഭിനയിച്ചിരുന്നു.

തനിക്ക് ശക്തമായ കഥാപാത്രങ്ങൾ തന്നത് മലയാളമാണെന്നും നായകന്മാരെ പോലും ചോദ്യം ചെയ്യുന്ന നായികാ വേഷങ്ങൾ മലയാളത്തിൽ ലഭിച്ചെന്നും ഗീത പറയുന്നു. സിബി മലയിൽ സംവിധാനം ചെയ്ത ആകാശദൂത് എന്ന സിനിമ തന്നെ തേടി വന്നിരുന്നുവെന്നും അത് ചെയ്യാൻ കഴിയാതെ വന്നപ്പോൾ, നാലുമക്കളുടെ അമ്മയാകാൻ മടിച്ചാണ് ആ വേഷം ഗീത വേണ്ടെന്ന് വെച്ചതെന്നെല്ലാം വാർത്ത വന്നിരുന്നുവെന്നും ഗീത പറയുന്നു. തടവുകാരിയുടെ വേഷങ്ങൾ ഏറ്റവും കൂടുതൽ ചെയ്തിട്ടുള്ളത് താനായിരിക്കുമെന്നും ഷൂട്ടിന്റെ ഭാഗമായി പല ജയിലുകളിലും പോയിട്ടുണ്ടെന്നും ഗീത കൂട്ടിച്ചേർത്തു.

‘മലയാളമാണ് എനിക്ക് ശക്തമായ വേഷങ്ങൾ തന്നത്. മറ്റുഭാഷകളധികവും നായകനോട് ചേർന്നുനിൽക്കുന്ന മോഡേൺ കഥാപാത്രങ്ങളായിരുന്നു. സംഭാഷണത്തിൻ്റെ കരുത്തിൽ മലയാളം കൈയടി നേടിത്തന്നു. നായകനെപോലും ചോദ്യം ചെയ്ത‌ നായികയായിരുന്നു ഞാൻ. ഇവിടുത്തെ സംവിധായകരിൽ നിന്നാണ് കൃത്യമായ നിർദേശം ലഭിച്ചത്. കഥാപാത്രത്തിൻ്റെ നോട്ടം, നടത്തം, സംസാരത്തിൻ്റെ താളം എന്നിവയിലെല്ലാം ശ്രദ്ധിക്കണമെന്ന് അവരെന്നെ പഠിപ്പിച്ചു.

മലയാളത്തിൽ എന്നെ തേടി വന്ന സിനിമയായിരുന്നു ആകാശദൂത്. നാലുമക്കളുടെ അമ്മയാകാൻ മടിച്ചാണ് ഞാൻ ആകാശദൂതിലെ വേഷം വേണ്ടെന്നു വെച്ചതെന്നെല്ലാം അന്ന് വാർത്തകൾ ഉണ്ടായിരുന്നു. നായികാ പ്രാധാന്യമേറെയുള്ള അത്തരമൊരു വേഷം ഒരു നടിയും വേണ്ടെന്നുവെക്കില്ല.

ഒരുപക്ഷേ, ഇത്രയേറെ തടവുകാരിയുടെ വേഷങ്ങൾ അവതരിപ്പിച്ച നടി മലയാളത്തിൽ ഉണ്ടാകില്ല. ആദ്യ സിനിമയായ പഞ്ചാഗ്‌നിയിൽനിന്നു തുടങ്ങുന്നു തടവറയിലെ അഭിനയം. തിരുവനന്തപുരത്തെയും കൊച്ചിയിലെയും കണ്ണൂരിലെയുമെല്ലാം ജയിലുകളിലാണ് കൂടുതൽ സിനിമകൾ അന്ന് ചിത്രീകരിച്ചത്. ചിത്രീകരണത്തിനെത്തുമ്പോൾ ജയിൽ പരിപാടികളിലെല്ലാം ഞാൻ എത്രയോ തവണ പങ്കെടുത്തു. തടവുപുള്ളികളുമായി സംസാരിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. ഒരു നിമിഷത്തെ മാനസിക പ്രേരണയിൽ അവർ ചെയ്‌തു പോയ തെറ്റിനെക്കുറിച്ച് പലരും ദീർഘനേരം എന്നോട് സംസാരിച്ചിട്ടുണ്ട്.

മലയാളത്തിൽ സിനിമകൾ ഏറെ ഉണ്ടായിരുന്നെങ്കിലും ശക്തമായ സൗഹൃദങ്ങൾ കുറവാണ്. സിനിമാ സെറ്റിൽ പോയാൽ കഥാപാത്രത്തെക്കുറിച്ചും അടുത്തകാലത്തിറങ്ങിയ മറ്റു സിനിമകളെക്കുറിച്ചുമെല്ലാമാണ് സംസാരിക്കാറ്. അനാവശ്യമായി കൂടുതൽ സമയം സെറ്റിൽ ചെലവിടാൻ താത്പര്യം കാണിക്കാറില്ല. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം ഒരുപാട് സിനിമകൾ ചെയ്തെങ്കിലും കൂടുതലായി അവരുമായൊന്നും സംസാരമില്ലായിരുന്നു,’ഗീത പറയുന്നു.

 

Content Highlight: Actress Geetha About Aakashdooth Movie