| Sunday, 10th December 2023, 2:35 pm

വനിത സംവരണ ബില്‍ വോട്ട് നേടാനുള്ള സംഘപരിവാറിന്റെ ആയുധം; സമീപ കാലത്തൊന്നും നടപ്പിലാവില്ലെന്ന് ഗായത്രി വര്‍ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: 2024ലെ പൊതു തെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും രാഷ്ട്രീയ ആയുധം മാത്രമാണെന്ന് വനിതാ സംവരണ ബില്ലെന്ന് നടി ഗായത്രി വര്‍ഷ. വീടുകളിലെ അടുക്കളകളിലൂടെയും ടെലിവിഷനുകളിലൂടെയും പരസ്യങ്ങളിലൂടെയും സ്ത്രീകള്‍ക്ക് രാജ്യത്തെ എല്ലായിടങ്ങളിലും സംവരണമുണ്ടെന്ന് പറഞ്ഞുഫലിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഗായത്രി പറഞ്ഞു. ‘ദി ടാബ് ഇന്‍’ എന്ന യൂട്യൂബ് ചാനലിലെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗായത്രി വര്‍ഷ.

നടക്കാനിരിക്കുന്ന സെന്‍സസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ അംഗീകരിക്കപ്പെട്ട വനിതാ സംവരണ ബില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുള്ളുവെന്ന് സര്‍ക്കാര്‍ വാദിക്കുന്നതായി ഗായത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ വരുന്ന എല്ലാ വര്‍ഷങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഈ വാദം തുടരുമെന്നും അതിലൂടെ കൃത്യമായ പാര്‍ലമെറ്ററി വോട്ടുകള്‍ ബി.ജെ.പി നേടിയെടുക്കുമെന്നും ഗായത്രി പറഞ്ഞു.

വര്‍ഷങ്ങളായി നടപ്പിലാക്കാന്‍ കഴിയാതിരുന്ന ബില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടന വേളയില്‍ ഇന്ത്യയിലെ എല്ലാ സ്ത്രീകളേയും പരിഗണിച്ചുകൊണ്ട് പ്രഖ്യാപിക്കുമ്പോള്‍, ’28’ കഴിഞ്ഞാലും അത് നടപ്പിലാവാന്‍ പോവുന്നില്ലായെന്ന് നമുക്കറിയാമെന്ന് ഗായത്രി വ്യക്തമാക്കി. അതേസമയം സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടകള്‍ ഇന്ത്യയിലെ ആചാരങ്ങളിലൂടെയും മറ്റും വനിതാ സംവരണ ബില്‍ പ്രാവര്‍ത്തികമായെന്ന രീതിയില്‍ പ്രചരണം നടത്തുമെന്നും നടി ചൂണ്ടിക്കാട്ടി.

പുരുഷാധിപത്യ സമൂഹത്തില്‍ കൊടികുത്തി സമരം ചെയ്ത് നേടുന്ന സീറ്റുകള്‍ മാത്രമേ സ്ത്രീകള്‍ക്ക് ഉള്ളുവെന്നും അതല്ലാതെ സ്ത്രീകള്‍ക്കായി പുരോഗമനപരമായി ഇന്ത്യയില്‍ ഒരു മണ്ഡലവും രൂപീകരിക്കപ്പെടുന്നില്ലെന്നും ഗായത്രി പറഞ്ഞു.

അഭിനയ ജീവിതത്തില്‍ സീരിയലുകളില്‍ നിന്ന് മാറി നില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു. തൊഴിലിടങ്ങളിലെ അവകാശങ്ങള്‍ പലപ്പോഴും നിഷേധിക്കപെടുന്നുണ്ടെന്നും തുല്യ വേതനമെന്ന ആശയം നടപ്പിലാക്കാന്‍ ശ്വാസം മുട്ടുന്നതുകൊണ്ട് ആ കാര്യത്തെ മാറ്റി നിര്‍ത്തികൊണ്ട് സംസാരിക്കാമെന്നാണ് ഗായത്രി പറയുന്നത്.

അധിക സമയം ജോലി ചെയ്യുമ്പോള്‍ വേതനമല്ല ഒരു ഗ്ലാസ് വെള്ളം പോലും കൂടുതലായി തരുന്നില്ലായെന്നാണ് ഗായത്രി വ്യക്തമാക്കുന്നത്. പരിഗണിക്കപ്പെടാത്ത ഒരിടത്ത് അടിമയെ പോലെ ജോലി ചെയ്തിട്ട് ചില വിഷയങ്ങളില്‍ മൗനം പാലിക്കുകയെന്നത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും ഗായത്രി ചൂണ്ടിക്കാട്ടി.

content highlights; Actress Gayatri Varsha on Women reservation Bill

We use cookies to give you the best possible experience. Learn more