കാണേണ്ട പോലെ കാണേണ്ടി വരുമെന്ന് ആ നടന്‍ പറഞ്ഞപ്പോള്‍ ഫോണ്‍ വെച്ചിട്ട് പോടാ എന്ന് ഞാന്‍ പറഞ്ഞു: ഗായത്രി
Entertainment news
കാണേണ്ട പോലെ കാണേണ്ടി വരുമെന്ന് ആ നടന്‍ പറഞ്ഞപ്പോള്‍ ഫോണ്‍ വെച്ചിട്ട് പോടാ എന്ന് ഞാന്‍ പറഞ്ഞു: ഗായത്രി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th December 2023, 3:11 pm

ഈയിടെ ഒരു പൊതുവേദിയില്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളിലൂടെ വലിയ രീതിയില്‍ ചര്‍ച്ചാവിഷയമായതാണ് നടി ഗായത്രി വര്‍ഷയുടെ നിലപാടുകള്‍. സാംസ്‌കാരിക മേഖലയിലേക്കുള്ള സംഘപരിവാര്‍ കടന്നുകയറ്റങ്ങളെ കുറിച്ചും ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിലെ ജാതീയതയെക്കുറിച്ചുമെല്ലാമായിരുന്നു ഗായത്രി തുറന്ന് പറഞ്ഞത്. ഇപ്പോഴിതാ സിനിമയിലെ ഒരു നടനില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് പറയുകയാണ് ഗായത്രി.

മുമ്പൊരിക്കല്‍ ഒരു ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി താന്‍ സംസാരിച്ചത് കണ്ട് സിനിമയില്‍ ക്യാരക്ടര്‍ വേഷങ്ങള്‍ ചെയ്യുന്ന ഒരു നടന്‍ തന്നെ വിളിച്ച് ഒരുപാട് അഭിനന്ദിച്ചെന്നും അടുത്ത സിനിമയില്‍ സംവിധായകനോട് പറഞ്ഞ് നല്ല വേഷം നല്‍കാമെന്നും പറഞ്ഞെന്നാണ് നടി പറയുന്നത്. തിരിച്ചയാളോട് നന്ദി പറഞ്ഞപ്പോള്‍, ഗായത്രി കാണേണ്ട പോലെ കാണണം എന്നായിരുന്നു അയാളുടെ മറുപടിയെന്നും ദി ടാബ് ഇനിന് നല്‍കിയ അഭിമുഖത്തില്‍ ഗായത്രി പറഞ്ഞു.

‘സിനിമകളില്‍ ക്യാരക്ടര്‍ റോള്‍ ചെയ്യുന്ന ഒരു നടന്‍ ഞാന്‍ ഏതോ ഒരു ഇലക്ഷന്‍ പ്രചരണത്തിന് നടത്തിയ പ്രസംഗം കണ്ടിട്ട് വേഗം എന്നെ വിളിച്ചു. അയാള്‍ വിളിച്ചിട്ട് എന്നോട് ചോദിച്ചു, താന്‍ ഇങ്ങനെയൊക്കെ സംസാരിക്കുമോ, താന്‍ പുസ്തകമൊക്കെ വായിക്കുമോ? താന്‍ ഭയങ്കര മിടുക്കിയാണല്ലോ. താന്‍ ഇങ്ങനെയൊന്നും നിന്നാല്‍ പോര കേട്ടോ നല്ല നല്ല വേഷങ്ങള്‍ ചെയ്ത് സ്‌ക്രീനില്‍ നല്ല തെളിഞ്ഞു വരണം. ഞാന്‍ എന്റെ അടുത്ത പടത്തില്‍ സംവിധായകനോട് തന്റെ കാര്യം പറയുന്നുണ്ട് എന്ന് പറഞ്ഞു.

അത് കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു, വലിയ സന്തോഷം ചേട്ടാ, ഈ വിളിച്ചതിലും ഒരുപാട് സന്തോഷമെന്ന്. അതൊരു ഹിറ്റ് സിനിമയാണ്. അയാള്‍ അതില്‍ ഒരു പ്രധാന വേഷത്തിലും അഭിനയിച്ചിട്ടുണ്ട്.

പെട്ടെന്ന് അയാള്‍ എന്നോട് പറഞ്ഞു, പക്ഷെ ഒരു കാര്യമുണ്ട്, ഗായത്രി കാണേണ്ട പോലെ കാണേണ്ടി വരുമെന്ന്. അയാളില്‍ നിന്ന് അടുത്ത നിമിഷം ഉണ്ടായ വാക്കുകള്‍ ആണത്.

ഞാന്‍ അപ്പോള്‍ തന്നെ തിരിച്ച് പറഞ്ഞത്, ചേട്ടാ നിങ്ങള്‍ ക്യാമറ കാണുന്നതിന് മുന്‍പ് കാണാന്‍ തുടങ്ങിയതാണ് ഞാന്‍. ഇതിലും വലിയ സൂപ്പര്‍ സ്റ്റാറുകളുടെയും സംവിധാകരുടെയും കൂടെ സിനിമ ചെയ്തിട്ടുള്ളതാണ്. അവരെ ആരെയും വേണ്ടപോലെ കാണാത്തത് കൊണ്ട് ഇപ്പോഴും ഇവിടെ നില്‍ക്കുന്ന ഒരു ഗായത്രിയുണ്ട്. വെച്ചിട്ട് പോടാ ഫോണ്‍ എന്ന് പറഞ്ഞ് നിര്‍ത്തിയ ആളാണ് ഞാന്‍,’ഗായത്രി പറയുന്നു.

content highlights: Actress Gayatri Varsha on an actor talking badly on the phone