നടി ആക്രമിക്കപ്പെട്ട കേസില്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപ് വലിയ ദുഷ്ടനാണെന്ന് നടി ഗായത്രി സുരേഷ്. താനെന്നും അതിജീവിതക്കൊപ്പമാണെന്നും പരസ്യപ്രതികരണങ്ങള്‍ നടത്തിയില്ലെങ്കിലും അവര്‍ക്ക് മെസേജുകള്‍ അയക്കാറുണ്ടെന്നും ഗായത്രി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്കിയ അഭിമുഖത്തിലാണ് ഗായത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഞാനെന്നും അതിജീവിതക്കൊപ്പമാണ്. പരസ്യമായി ഒരു കേസിലും പ്രതികരിക്കാറില്ല. അതിജീവിതക്ക് മെസേജുകള്‍ അയക്കാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടിമാരില്‍ ഒരാളാണ്. അതിജീവിതയുടെ പോസ്റ്റ് ഞാന്‍ സ്റ്റോറിയാക്കിയിരുന്നു. അതല്ലാതെ ഒരു വിഷയത്തിലും ഇടപെടാത്ത ആളാണ് ഞാന്‍.
ദിലീപ് കുറ്റം ചെയ്തിട്ടുണ്ടോയെന്ന് അറിയില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപ് ദുഷ്ടനാണ്. ആ കുറ്റം വലിയ ശിക്ഷ അര്‍ഹിക്കുന്നുണ്ട്,’ ഗായത്രി പറഞ്ഞു.
‘ഡബ്ല്യൂ.സി.സിയെ പറ്റി നല്ല അഭിപ്രായമാണ്. ഒരു സംഘടനയിലും അംഗമല്ല, അമ്മയിലും ഇല്ല ഡബ്ല്യൂ.സി.സിയിലുമില്ല. ഒന്നിലും അംഗമാകാന്‍ താല്പര്യമില്ല. ഡബ്ല്യൂ.സി.സിയുടെയും അമ്മയുടെയും പ്രവര്‍ത്തനങ്ങള്‍ നല്ല രീതിക്ക് മുന്നോട്ട് പോകുന്നുണ്ട്,’ ഗായത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഗായത്രിയുടെ ഏറ്റവും പുതിയ ചിത്രം എസ്കേപ്പ് റിലീസിനൊരുങ്ങുകയാണ്.
നവാഗതനായ സര്‍ഷിക്ക് റോഷന് സംവിധാനം ചെയ്യുന്ന സൈക്കോ ത്രില്ലര്‍ ചിത്രമായ എസ്കേപ്പ് മാര്‍ച്ച് 25-നാണ് തിയേറ്ററുകളിലെത്തുന്നത്. ഗായത്രിക്കൊപ്പം ശ്രീവിദ്യ മുല്ലചേരിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ്.ആര്. ബിഗ്സ്ക്രീന്‍ എന്റര്‍ടൈന്‍മെന്റ് നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത് സര്‍ഷിക്ക് റോഷനാണ്.
Content Highlight: Actress Gayatri Suresh says that Dileep is a big villain if he has done anything wrong in actress attack case