സീരിയലുകളിലെ ജാതീയതയും വിവേചനവും തുറന്നുപറഞ്ഞ് അഭിനേത്രി ഗായത്രി. ആറുമണി മുതൽ 10 മണി വരെ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളിൽ ന്യൂനപക്ഷക്കാരന്റെയോ ദളിതന്റെയോ മുസ്ലിമിന്റെയോ കഥപറയാൻ ശ്രമിക്കുന്നുണ്ടോ എന്ന് ഗായത്രി ചോദിച്ചു. സീരിയലുകളിലെയും മറ്റും രാഷ്ട്രീയം ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള ഗായത്രിയുടെ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘ഞാനടക്കമുള്ളവർ അഭിനയിക്കുന്ന സീരിയലുകളിൽ ഒരു ന്യൂനപക്ഷ കഥയുണ്ടോ? മുസ്ലിമിന്റെയോ ക്രിസ്ത്യൻന്റെയോ കഥയുണ്ടോ? നാല്പതോളം എന്റർടൈൻമെന്റ് ചാനലുകൾ മലയാളത്തിലുണ്ട്. ഒരു ദിവസം മുപ്പത്തിയഞ്ചോളം സീരിയലുകൾ എല്ലാവരും കാണുന്നുണ്ട്.
ഓരോരുത്തരും അത്രയും കാണുന്നു എന്നല്ല, നമ്മളെ അവർ കാണിക്കുന്നു എന്നാണ്. ആറുമണി മുതൽ പത്തുമണിവരെയുള്ള എല്ലാ സീരിയലുകളും കാണുന്നവർ നമുക്കിടയിൽ തന്നെയുണ്ട്. ഇതിനകത്ത് ഏതെങ്കിലും ഒരു സീരിയലിൽ ഒരു മുസൽമാൻ കഥാപാത്രമുണ്ടോ? ഒരു ചട്ടയും മുണ്ടുമുടുത്ത അമ്മ കഥാപാത്രം ഉണ്ടോ? ഒരു പള്ളീലച്ഛനോ മൊല്ലാക്കയോ ഉണ്ടോ? ഒരു ദളിതനുണ്ടോ?
മാറ് മുറിച്ച് എന്റെ നഗ്നത മറയ്ക്കാനുള്ള അവകാശം എനിക്ക് വേണമെന്ന് പറഞ്ഞ നങ്ങേലിയേയും അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കൊയ്ത്തരിവാൾ പാട്ടുപാടുന്ന ഒരു പെണ്ണിനെയും ടെലിവിഷനിൽ നമ്മൾ കാണുന്നുണ്ടോ? ഇല്ല. എന്തുകൊണ്ടാണത്?
അവരാരും കാണാൻ കൊള്ളില്ലേ? എന്റെയൊക്കെ തലമുറ സിനിമ കണ്ടു വളർന്നിരുന്ന സമയത്ത് ഏറ്റവും വലിയ സുന്ദരി ആരായിരുന്നു എന്ന് ചോദിച്ചാൽ ഞാൻ സൂര്യ എന്ന നടിയാണെന്ന് പറയും. നല്ല കറുത്ത മേനിയഴകുള്ള നടിയാണ് സൂര്യ.
ആദാമിന്റെ വാരിയെല്ലിലെ പട നായിക. നല്ല ആർജ്ജവമുള്ള പെണ്ണായിരുന്നില്ലേ അവൾ. അങ്ങനെയൊരു നായികയെ നിങ്ങൾ ഏതെങ്കിലും സീരിയലിൽ കാണുന്നുണ്ടോ. സുന്ദരി എന്ന പേരിട്ട് ഒരു കറുത്ത പെണ്ണിനെ കൊണ്ടുവന്നപ്പോഴും അവളെ വെളുപ്പിച്ചിട്ടാണ് കാണിച്ചിട്ടുള്ളത്.
പൊട്ട് തൊടിയിച്ച് പട്ട് സാരി ഉടുപ്പിച്ച് സിന്ദൂരം കുറിയണിയിച്ച് ഒരു സവർണ്ണ മേധാവിത്വം തോന്നിപ്പിക്കുന്ന തരത്തിലാണ് അവളെ ഇറക്കുന്നത്. ചുമ്മാതെയാണോ അങ്ങനെ ഇറക്കുന്നത്. അതൊന്നും വെറുതെയല്ല.
ഒരു ട്രയാങ്കിൾ ആണ് അതെല്ലാം തീരുമാനിക്കുന്നത്. നമ്മൾ എപ്പോഴും കരയുന്നതും എപ്പോഴും ഭയപ്പെടുന്നതും ഭീതിപ്പെടുന്നതും എങ്ങനെ ജീവിക്കും എന്ന് പേടിപ്പെടുത്തുന്നതുമായ 126 പേരടങ്ങുന്ന ഒരു ഗ്രൂപ്പുണ്ട്. ഇന്ത്യയിലെ ആ 126 വ്യക്തികൾക്ക് വേണ്ടിയാണ് ഈ രാജ്യം ഭരിക്കപ്പെടുന്നത്, കോർപ്പറേറ്റുകൾ.
ഇതിൽ ഒന്നോ രണ്ടോ മൂന്നോ കോർപ്പറേറ്റുകൾ കാര്യങ്ങൾ തീരുമാനിക്കും, റിലയൻസ് തീരുമാനിക്കും അദാനിയും അംബാനിയും തീരുമാനിക്കും വേണമെങ്കിൽ ടാറ്റയും തീരുമാനിക്കും. അതാണ് ത്രികോണത്തിന്റെ ഒരു കോൺ.
ഈ ട്രയാങ്കിളിന്റെ രണ്ടു കോണുകളെയും ബന്ധിപ്പിക്കുന്ന ആ ഒരു ബേസ് തീരുമാനിക്കുന്നത് നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും സവർണ്ണ ഫാസിസ്റ്റ് ഭരണകൂടമാണ്. ഇതിനിടയിലെ ആ ത്രികോണത്തിൽ നമ്മുടെ ഏഷ്യാനെറ്റ് കാണും, സ്റ്റാറുണ്ടാവും സീ ടി.വിയും സൺ ഗ്രുപ്പുമുണ്ടാവും, അങ്ങനെ ബാക്കിയുള്ള ചാനലുകളും അതിലെ വിഭവങ്ങളെല്ലാം കാണും,’ ഗായത്രി പറഞ്ഞു.
ഈ പറഞ്ഞ കോർപ്പറേറ്റ് ആണ് ചാനലുകൾക്ക് ഉപാധികളില്ലാതെ പൈസ കൊടുക്കുന്നതെന്നും ഏറ്റവും സ്വകാര്യമായി വെച്ചിരിക്കുന്ന ക്രോസ്സ് മീഡിയ ഓണർഷിപ്പിലൂടെ അവർ ചാനലുകൾക്ക് സാമ്പത്തിക സഹായം നൽകുന്നതെന്നും നടി പറഞ്ഞു.
ഗവൺമെന്റിന്റെ ഗ്യാരണ്ടിയിലാണ് കോർപ്പറേറ്റുകൾ പൈസ നൽകുന്നതെന്ന് പറഞ്ഞ ഗായത്രി ഗവൺമെന്റ് കോർപ്പറേറ്റിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുന്നുവെന്നും വിമർശിച്ചു. നരേന്ദ്രമോദിയുടെ ഭരണകൂടം കോർപ്പറേറ്റ് വേൾഡുകൾക്ക് മുന്നിൽ ചെന്ന് വേണ്ടതെല്ലാം ചെയ്തുകൊടുക്കുകയും നമ്മുടെ സാംസ്കാരിക ലോകത്തെ കോർപറേറ്റുകൾക്ക് മുന്നിൽ ഭരണകൂടം അടിയറവുവെക്കുന്നതായും ഗായത്രി കൂട്ടിച്ചേർത്തു.
Content Highlight: Actress Gayathri Talk About Cast System In Television Serials