തൃശൂര്‍: കേരളത്തില്‍ ട്രോളുകളും സോഷ്യല്‍ മീഡിയ കമന്റുകളും നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് നടി ഗായത്രി സുരേഷ്. ഇന്‍സ്റ്റഗ്രാം ലൈവിലെത്തിയായിരുന്നു താരത്തിന്റെ ആവശ്യം.
ട്രോളുകള്‍ കാരണം താന്‍ അടിച്ചമര്‍ത്തപ്പെട്ടുവെന്നും ഉചിതമായ നടപടിയെടുക്കണമെന്നും ഗായത്രി പറയുന്നു.
‘ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ട്രോളുകള്‍ അത്ര അടിപൊളിയല്ല. സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ ട്രോളുകളും മോശം കമന്റുകളുമാണ്. ഒരാളെ അടിച്ചമര്‍ത്തുകയാണ്. അടിച്ചമര്‍ത്തുന്ന ജനതയെയല്ല നമുക്ക് വേണ്ടത്,’ ഗായത്രി പറഞ്ഞു.
സോഷ്യല്‍ മീഡിയ ജീവിതത്തെ ഭരിക്കുന്ന കാലമാണ്. കേരളത്തെ നശിപ്പിക്കാന്‍ വരെയുള്ള കരുത്ത് ഇവര്‍ക്കുണ്ടെന്നും എല്ലാവരും ഒപ്പം നില്‍ക്കണമെന്നുമാണ് താരത്തിന്റെ അഭ്യര്‍ത്ഥന.
‘എനിക്ക് പറയാനുള്ള പിണറായി വിജയന്‍ സാറിനോടാണ്. സാര്‍ ഇത് കേള്‍ക്കുമെന്ന് കരുതുന്നു. പറ്റുമെങ്കില്‍ നാടിനെ നന്നാക്കാന്‍ ട്രോള്‍ നിരോധിക്കണം, അതിനുള്ള നടപടി എടുക്കണം. എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടേയും കമന്റ് സെക്ഷന്‍ ഓഫ് ചെയ്ത് വെക്കാന്‍ നടപടിയുണ്ടാകണം,’ ഗായത്രി പറഞ്ഞു.
ലഹരിമരുന്നില്‍ നിന്നും പണം സമ്പാദിക്കുന്നത് നിയമവിരുദ്ധമാണെങ്കില്‍ ട്രോളുകളില്‍ നിന്നും പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേയെന്നും നടി ചോദിക്കുന്നു.