|

ആരോടും ആവസരങ്ങള്‍ ചോദിച്ചിട്ടില്ല, അതുകൊണ്ട് മാറ്റിനിര്‍ത്തപ്പെട്ടിട്ടില്ല: ഗായത്രി അരുണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ നിന്നും തനിക്ക് ഇതുവരെ വിവേചനങ്ങള്‍ ഒന്നും നേരിടേണ്ടി വന്നിട്ടില്ലെന്ന് നടി ഗായത്രി അരുണ്‍. താന്‍ ആരോടും ഇതുവരെ അവസരങ്ങള്‍ ഒന്നും ചോദിച്ചിട്ടില്ലെന്നും അതുകൊണ്ടായിരിക്കും വിവേചനങ്ങള്‍ നേരിടേണ്ടി വരാത്തതെന്നും ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഗായത്രി പറഞ്ഞു.

അത്തരത്തില്‍ വിവേചനങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ആശ ശരത്തിനേയും ലെനയേയും പോലെയുള്ളവര്‍ ഉയര്‍ന്നു വരില്ലായിരുന്നെന്നും ഗായത്രി പറഞ്ഞു. സീരിയലില്‍ നിന്ന് സിനിമയിലേക്ക് വരുന്നവരോട് വിവേചനപരമായാണോ പെരുമാറുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം.

‘എനിക്ക് ഇതുവരെ അങ്ങനെ തോന്നിയിട്ടില്ല. ഞാന്‍ ഇതുവരെ ആരോടും അവസരങ്ങള്‍ ചോദിച്ചിട്ടില്ല, ഒരുപക്ഷെ അതുകൊണ്ടായിരിക്കാം എനിക്ക് അങ്ങനെയൊന്നും നേരിടേണ്ടി വരാത്തത്. ഇവിടെ അത്തരത്തിലൊരു മാറ്റിനിര്‍ത്തലുണ്ടോയെന്ന് എനിക്കറിയില്ല. കാരണം ആശ ശരത്തിനെ പോലെയുള്ള ഉദാഹരണങ്ങള്‍ നമുക്ക് മുമ്പിലുണ്ട്.

ആശ ചേച്ചി സീരിയലില്‍ നിന്നല്ലേ സിനിമയിലേക്ക് വന്നത്. അത് മാത്രമല്ല ഈ സിനിമയില്‍ തന്നെയുള്ള ലെന ചേച്ചിയും വന്നത് സീരിയലില്‍ നിന്നാണ്. ആദ്യം സിനിമയില്‍ അഭിനയിച്ചിരുന്നെങ്കിലും ആളുകള്‍ അറിഞ്ഞ് തുടങ്ങുന്നത് സീരിയലിലൂടെയാണ്. സീരിയലില്‍ നിന്ന് വന്ന ഞാന്‍ ഈ സിനിമയില്‍ ലീഡ് റോളിലാണ് എത്തുന്നത്,’ ഗായത്രി അരുണ്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പരസ്പരം എന്ന സീരിയലിനുശേഷം അത്തരത്തിലുള്ള നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ ഒഴുവാക്കിയതാണെന്നും ഗായത്രി ഡൂള്‍ ന്യൂസിനോട് പറഞ്ഞു. സിനിമയാണ് തനിക്ക് കൂടുതല്‍ കംഫര്‍ട്ടബിളെന്നും ജീവിതത്തിലെ പലകാര്യങ്ങളും ചെയ്യാന്‍ സമയം കിട്ടുന്നത് സിനിമയില്‍ അഭിനയിക്കുമ്പോഴാണെന്നും ഗായത്രി പറഞ്ഞു.

‘ആ സീരിയല്‍ കഴിഞ്ഞതിനുശേഷം പിന്നീടിറങ്ങിയ ഒരുപാട് സീരിയലുകളിലേക്ക് എന്നെ വിളിച്ചിരുന്നു. ശരിക്കും ആ സീരിയല്‍ ഞാന്‍ കമ്മിറ്റ് ചെയ്യുമ്പോള്‍ ഒരു വര്‍ഷമോ അല്ലെങ്കില്‍ രണ്ട് വര്‍ഷമോ കാണുകയുള്ളു എന്നാണ് കരുതിയത്. എന്നാല്‍ അത് കുറേ വര്‍ഷം നീണ്ടുപോയി. എനിക്ക് സമയം പോലും കിട്ടാത്തവിധം ഞാന്‍ തിരക്കിലാവുകയും ചെയ്തു.

സീരിയല്‍ ചെയ്യുന്ന സമയത്ത് എന്റെ മകള്‍ വളരെ ചെറുതായിരുന്നു. അവളുടെയൊപ്പം കൃത്യമായി സമയം പോലും ചിലവഴിക്കാന്‍ സാധിച്ചില്ല. അങ്ങനെയാണ് പരസ്പരം സീരിയല്‍ കഴിഞ്ഞപ്പോള്‍ ഒന്നോ രണ്ടോ വര്‍ഷം റെസ്റ്റെടുക്കാമെന്ന് കരുതിയത്.

പിന്നീട് ഞാന്‍ സിനിമ ചെയ്യാന്‍ തുടങ്ങി. എനിക്ക് കുറച്ചുകൂടി കംഫര്‍ട്ടബിള്‍ സിനിമയാണ്. അതാകുമ്പോള്‍ ഫ്രീ ടൈം ഒരുപാട് കിട്ടും. എന്റേതായ പല കാര്യങ്ങളും ചെയ്യാന്‍ കഴിയും. എന്റെ എഴുത്ത് പരിപാടികള്‍ക്കെല്ലാം സമയം കിട്ടാറുണ്ട്,’ ഗായത്രി അരുണ്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

content highlight: actress gayathri arun talks about seraials