‘എന്നാലും ന്റെളിയാ’ എന്ന സിനിമയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങുമ്പോള്‍ അതിന്റെ പേര് ‘ലവ് ജിഹാദ്’ എന്നായിരുന്നു. എന്നാല്‍ സിനിമയുടെ പേര് പിന്നീട് മാറ്റി. എന്തുകൊണ്ടാണ് അത്തരത്തില്‍ പേര് മാറ്റിയത് എന്ന ഡൂള്‍ന്യൂസ് പ്രതിനിധി കാര്‍ത്തികയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് സിനിമയിലെ നായികയായ ഗായത്രി അരുണ്‍.
സിനിമയുടെ നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെ നിര്‍ദേശപ്രകാരമാണ് ലവ് ജിഹാദ് എന്ന പേര് മാറ്റിയതെന്ന് താരം പറഞ്ഞു. ആദ്യത്തെ പേര് പ്രൊമോഷന്റെ ഭാഗമായി വെറുതെ ഇട്ടിരുന്നതാണെന്നും ‘എന്നാലും ന്റെളിയാ’ എന്ന പേരാണ് സിനിമയുടെ കഥക്ക് ചേരുന്നതെന്നും ലിസ്റ്റിന്‍ പറഞ്ഞിരുന്നെന്നും ഗായത്രി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘ശരിക്കും സിനിമയുടെ പേര് മാറ്റിയെന്ന് പറയാന്‍ പറ്റില്ല. പ്രൊമോഷന്റെ ഭാഗമായി വെറുതെ ഇട്ടിരുന്ന പേരായിരുന്നു അത്. അപ്പോഴൊന്നും ആ പേര് സിനിമക്ക് ഇടണമെന്ന് ഉറപ്പിച്ചിരുന്നില്ല. പിന്നീടാണ് ഈ സിനിമ ലിസ്റ്റിന്‍ ഏറ്റെടുക്കുന്നത്. ലിസ്റ്റിനാണ് സിനിമയുടെ പേര് മാറ്റാമെന്ന് പറഞ്ഞത്.
ലവ് ജിഹാദ് എന്ന പേരിനേക്കാളും ‘എന്നാലും ന്റളിയാ’ എന്ന പേരാണ് നല്ലതെന്ന് ലിസ്റ്റിന്‍ പറഞ്ഞു. കാരണം എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും വേഗം മനസിലാകുന്ന പേര് ഇതായിരിക്കും, ഈ സിനിമയുടെ സ്വഭാവത്തിന് നല്ലത് ഈ പേരാണെന്നും ലിസ്റ്റിന്‍ പറഞ്ഞു. അങ്ങനെയാണ് ഈ പേര് മാറ്റം സംഭവിക്കുന്നത്,’ ഡൂള്‍ന്യൂസിനോട് ഗായത്രി അരുണ്‍ പറഞ്ഞു.
സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം എന്താണെന്ന ചോദ്യത്തിനും ഗായത്രി മറുപടി നല്‍കി. നാട്ടുകാര്‍ എന്ത് വിചാരിക്കുമെന്ന തോന്നലുകള്‍ വേണ്ടായെന്നാണ് സിനിമ പറയുന്നതെന്നും ആ ആശയം പങ്കുവെക്കാനായി പ്രണയത്തെയാണ് സിനിമ തെരഞ്ഞെടുത്തിരിക്കുന്നതെന്നും ഗായത്രി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘ മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്ന തോന്നലുകള്‍ നമുക്ക് ആവശ്യമില്ലെന്ന് സിനിമയില്‍ പലപ്പോഴായി പറയുന്നുണ്ട്. അത് തന്നെയാണ് ഈ സിനിമ പറയാന്‍ ഉദ്ദേശിക്കുന്ന കാതലായ കാര്യവും. പ്രണയത്തെ കുറിച്ച് മാത്രമല്ല സൗഹൃദത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ ഇത്തരത്തില്‍ തന്നെയാണ് സിനിമ പറയാന്‍ ശ്രമിക്കുന്നത്. ഈ ഒരു ആശയം പങ്കുവെക്കാനായി പ്രണയം ഒരു വിഷയമായി എടുത്തു എന്ന് മാത്രമേയുള്ളു,’ ഗായത്രി അരുണ്‍ പറഞ്ഞു.
content highlight: actress gayathri arun talks about love jihad