കൈ ഇങ്ങനെ തൂക്കി ഇടുന്നത് വൃത്തി കേടാണെന്ന് വന്നപ്പോള്‍ തന്നെ മമ്മൂക്ക പറഞ്ഞു, ആ കാര്യം ഞാന്‍ മറന്നു പോയതാണ്: ഗായത്രി അരുണ്‍
Entertainment news
കൈ ഇങ്ങനെ തൂക്കി ഇടുന്നത് വൃത്തി കേടാണെന്ന് വന്നപ്പോള്‍ തന്നെ മമ്മൂക്ക പറഞ്ഞു, ആ കാര്യം ഞാന്‍ മറന്നു പോയതാണ്: ഗായത്രി അരുണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 31st December 2022, 9:33 pm

പരസ്പരം എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി അരുണ്‍. വണ്‍ എന്ന മമ്മൂട്ടി ചിത്രത്തിലും ഒരു പ്രധാന വേഷം ഗായത്രി അവതരിപ്പിച്ചിട്ടുണ്ടായിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചതിനെക്കുറിച്ച് പറയുകയാണ് ഗായത്രി.

സെറ്റില്‍ എത്തിയ അന്നു മുതല്‍ മമ്മൂട്ടിയെ കാണാനുള്ള ആഗ്രഹത്തോടെയാണ് താന്‍ ഇരുന്നതെന്നും സ്‌ക്രീനില്‍ അദ്ദേഹത്തിന്റെ അഭിനയം കണ്ട് എങ്ങനെയാണോ അതിശയിച്ച് നില്‍ക്കുക അതുപോലെ തന്നെയാണ് സെറ്റില്‍ നേരിട്ട് കണ്ടപ്പോഴും താന്‍ നോക്കി നിന്നതെന്നുമാണ് ഗായത്രി പറഞ്ഞത്.

അദ്ദേഹത്തെ കണ്ട എക്‌സൈറ്റ്‌മെന്റില്‍ താന്‍ വന്ന് നിന്നത് കൈ താഴ്ത്താതെയായിരുന്നുവെന്നും കൈ തൂക്കി ഇടുന്നത് ഭയങ്കര വൃത്തി കേടാണെന്ന് വന്നപ്പോള്‍ തന്നെ മമ്മൂക്ക പറഞ്ഞു എന്നും ഗായത്രി പറഞ്ഞു.

”വണ്ണില്‍ ഞാന്‍ സീന എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സലീമേട്ടന്റെ മകളായിട്ടാണ് അതില്‍ അഭിനയിച്ചത്. തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ മാത്യൂ എന്റെ അനിയനായിരുന്നു. ആ സിനിമയില്‍ മൂന്ന് മെയിന്‍ ഫീമെയില്‍ കഥാപാത്രങ്ങളാണ് ഉള്ളത്. അതില്‍ മമ്മൂക്കക്ക് ഹീറോയിന്‍ ഇല്ല.

പ്രധാനപ്പെട്ട കഥാപാത്രം തന്നെയാണ് ഞാന്‍ ചെയ്തത്. എനിക്ക് ഒക്കെ പ്രതീക്ഷിക്കാന്‍ കഴിയുന്നതിലും അപ്പുറത്തുള്ള വലിയ ഓഫറായിരുന്നു ലഭിച്ചത്. ഞങ്ങള്‍ ഒരുമിച്ച് ഒരു സീന്‍ മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷെ സിനിമയില്‍ ആ സീനിന് നല്ല പ്രാധാന്യമുണ്ട്.

ഷൂട്ട് തുടങ്ങിയ അന്നുമുതല്‍ ഞാന്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്ന ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. ശരിക്കും സ്‌ക്രീനില്‍ അദ്ദേഹത്തിന്റെ അഭിനയം കണ്ട് എങ്ങനെയാണോ അതിശയിച്ച് നില്‍ക്കുക അതുപോലെ തന്നെയാണ് സെറ്റില്‍ നേരിട്ട് കണ്ടപ്പോഴും ഞാന്‍ നോക്കി നിന്നത്.

ആദ്യം തന്നെ ബാക്കില്‍ നിന്നുള്ള ഷോട്ടായത് കൊണ്ട് അദ്ദേഹം പെര്‍ഫോം ചെയ്യുന്നത് ഞാന്‍ ഇങ്ങനെ നോക്കി നിന്നു. ആ എക്‌സൈറ്റ്‌മെന്റില്‍ ഞാന്‍ വന്ന് നിന്നത് കൈ താഴ്ത്താതെയായിരുന്നു.

കൈ പിടിച്ച് നല്ല പോലെ വെക്കാന്‍ ഞാന്‍ മറന്ന് പോയി. കൈ ഇങ്ങനെ തൂക്കി ഇടുന്നത് ഭയങ്കര വൃത്തി കേടാണെന്ന് വന്നപ്പോള്‍ തന്നെ മമ്മൂക്ക പറഞ്ഞു. അടുത്ത ഷോട്ടില്‍ കൈ മാറ്റി പിടിച്ചാല്‍ കുറച്ച് നന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു,” ഗായത്രി അരുണ്‍ പറഞ്ഞു.

എന്നാലും ന്റൈളിയാ… എന്ന ചിത്രമാണ് അടുത്തതായി പുറത്തിറങ്ങാനുള്ള ഗായത്രിയുടെ സിനിമ. സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ സിദ്ദിഖ്, ലെന എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

content highlight: actress gayathri about mammootty