|

'നടന്നത് വിശ്വാസ വഞ്ചന'; ബി.ജെ.പിയില്‍ നിന്നും രാജി വെച്ച് നടി ഗൗതമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: നടി ഗൗതമി ബിജെപി അംഗത്വം രാജിവച്ചു. തിങ്കളാഴ്ചയാണ് ഗൗതമി രാജി പ്രഖ്യാപിച്ചത്. തന്നെ വഞ്ചിച്ചയാളെ പാര്‍ട്ടി വൃത്തങ്ങള്‍ സംരക്ഷിക്കുന്നുവെന്നരോപിച്ചാണ് 25 വര്‍ഷത്തെ പാര്‍ട്ടി ബന്ധം ഗൗതമി അവസാനിപ്പിച്ചത്.

വ്യക്തിപരമായ പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ തന്റെ സ്വത്തുകള്‍ തട്ടിയെടുത്ത വ്യക്തിയെ പാര്‍ട്ടി അംഗങ്ങള്‍ പിന്തുണച്ചുവെന്നും രാജിക്കത്തില്‍ ഗൗതമി ആരോപിച്ചു.

20 വര്‍ഷം മുമ്പ് തന്റെ വസ്തുക്കളും മറ്റും കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ച സി.അളകപ്പന്‍ വിശ്വാസവഞ്ചന നടത്തിയെന്നും അതിനെതിരായുള്ള നിയമ പോരാട്ടത്തില്‍ പാര്‍ട്ടി തനിക്കൊപ്പം നിന്നില്ലെന്നുമാണ് ഗൗതമിയുടെ ആരോപണം.

തന്റെ പേരിലുള്ള 46 ഏക്കര്‍ ഭൂമിയുടെ വില്പനയുമായി ബന്ധപ്പെട്ട് 25 കോടിയോളം രൂപ ബില്‍ഡര്‍ അളകപ്പനും പങ്കാളിയും ചേര്‍ന്ന് തട്ടിയെടുതെന്നാണ് പരാതി. അളകപ്പനും സംഘവും തന്നെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി അവര്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഒളിവില്‍ ആയ അളകപ്പനെ സംരക്ഷിക്കുന്നത് ബി.ജെ.പി ആണെന്ന് ഗൗതമി ആരോപിച്ചു.

അതേസമയം 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തനിക്ക് രാജപാളയം മണ്ഡലത്തില്‍ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാല്‍ അവസാന നിമിഷം വാക്കുമാറ്റിയെന്നും ഗൗതമി കത്തില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും നീതി ലഭിക്കുമെന്ന് വിശ്വാസമുണ്ടെന്നും അവര്‍ കത്തില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Actress Gauthami resigned from B.J.P party