ദുല്‍ഖര്‍ സല്‍മാനൊപ്പം സെക്കന്‍ഡ് ഷോ എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഗൗതമി നായര്‍. പിന്നീട് ലാല്‍ജോസ് ചിത്രം ഡയമണ്ട് നെക്ലേസിലെ അഭിനയത്തിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിയെങ്കിലും 2016ന് ശേഷം താരം സിനിമയില്‍ നിന്നും ഒരു ബ്രേക്ക് എടുത്തിരുന്നു.
ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇപ്പോള്‍ പ്രജേഷ് സെന്‍- ജയസൂര്യ ചിത്രം മേരി ആവാസ് സുനോയിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഗൗതമി. താന്‍ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാനിടയായ കാരണം പറയുകയാണ് ഇപ്പോള്‍ ഗൗതമി. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
”എനിക്കാരും സിനിമ തരുന്നില്ലായിരുന്നു. അതാണ് സത്യാവസ്ഥ. ജാഡ ഇട്ടാല്‍ സിനിമ കിട്ടൂല. സത്യം പറഞ്ഞാല്‍ സിനിമ കിട്ടാത്തത് കൊണ്ടാണ്.
ഞാന്‍ കാര്യമാണ് പറഞ്ഞത്. എല്ലാവരും വിചാരിച്ചു ഞാന്‍ അഭിനയിക്കുന്നില്ല എന്ന്, ആരും പടം തന്നില്ല. അപ്പൊ ഞാന്‍ വീട്ടിലിരുന്നു.
സിനിമ ഇല്ലാത്തപ്പൊ വീട്ടില്‍ വെറുതെ കുത്തിയിരിക്കാന്‍ പറ്റത്തില്ലല്ലോ. അപ്പൊപ്പിന്നെ പഠിത്തമായി മുന്നോട്ട് പോകാമെന്ന് കരുതി ആ ട്രാക്ക് പിടിച്ചു, സൈക്കോളജി പഠിച്ചു,” ഗൗതമി പറഞ്ഞു.
മേരി ആവാസ് സുനോയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും ഗൗതമി അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
”ചിത്രത്തില്‍ ഞാന്‍ ഒരു ആര്‍.ജെയുടെ റോള്‍ ആണ് ചെയ്യുന്നത്. ആര്‍.ജെ. പോളി. കുറച്ച് ബബ്ലി ആയ ലൈവ്‌ലി ആയ ഓടിച്ചാടി നടക്കുന്ന കഥാപാത്രമാണ്. ഇതുവരെ ഞാന്‍ അങ്ങനെ ഒരു കഥാപാത്രം ചെയ്തിട്ടില്ല. കുറച്ച് വ്യത്യസ്തമാണ്. എവിടെയൊക്കെയോ ഞാന്‍ നില്‍ക്കുന്ന പോലെ കുറച്ച് കിളി പോയിട്ടുള്ള ഒരു കഥാപാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്. രസമുണ്ടായിരുന്നു ചെയ്യാന്‍,” ഗൗതമി പറഞ്ഞു.
ഇതുവരെ ചെയ്തതില്‍ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമേതാണെന്ന ചോദ്യത്തിന് ”തീര്‍ച്ചയായും അത് ഡയമണ്ട് നെക്ലേസാണ്. അത് എനിക്ക് അത്രയും പ്രിയപ്പെട്ടതാണ്,” എന്നും താരം മറുപടി പറഞ്ഞു.
മേയ് 13നായിരുന്നു മേരി ആവാസ് സുനോ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ജയസൂര്യ, മഞ്ജു വാര്യര്‍, ശിവദ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
Content Highlight: Actress Gauthami Nair about her break from movies