ഹീറോ എന്ന വാക്ക് ചേരുക പുരുഷന് മാത്രമല്ലെന്നും തന്റെ ഹീറോകളെല്ലാം സ്ത്രീകളാണെന്നും നടി ഗൗതമി. ജീവിതത്തിലെ പ്രതിസന്ധികളില്‍ എനിക്ക് തുണയായി നിന്നവരെല്ലാം സ്ത്രീകളാണ്. അമ്മ മുതല്‍ ഒരുപാട് സ്ത്രീമുഖങ്ങളാണ് തന്റെ മനസില്‍ ഓര്‍മ്മവരുന്നതെന്നും ഗൗതമി പറയുന്നു.
ജീവിതം ജീവിക്കാനുള്ളതാണ്. ഒരുപാട് പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അത് പരിഹരിക്കാനും ഒരുപാട് മാര്‍ഗങ്ങള്‍ മുന്നില്‍ തെളിഞ്ഞു. ഏറ്റവും പ്രയാസമുള്ള വഴി തന്നെയാണ് ഞാന്‍ സ്വീകരിച്ചത്. പക്ഷേ ആ വഴി തന്നെയാണ് ശരിയെന്ന് എനിക്ക് ഉറപ്പുണ്ട്- ഗൗതമി പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ഗൗതമിയുടെ പരാമര്‍ശം.
കമല്‍ഹാസനും ഞാനും ഇനി ഒരുമിച്ചല്ല എന്ന വാര്‍ത്ത ആയിരം പേര്‍ രണ്ടായിരം രീതിയിലാണ് പറഞ്ഞു പ്രചരിപ്പിച്ചത്. സോഷ്യല്‍മീഡിയയും മറ്റുമാധ്യമങ്ങളും പലരീതിയില്‍ വ്യാഖ്യാനിച്ചു. എന്റെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് തുറന്നു പറയേണ്ട ആള്‍ ഞാന്‍ തന്നെയാണ്.
പൊതു ജനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതു കൊണ്ടുതന്നെ എന്റെ ജീവിതത്തില്‍ എന്തു സംഭവിച്ചു എന്ന് അവര്‍ക്കുമുന്നില്‍ തുറന്നു പറയേണ്ടിവരും. അതുകൊണ്ടാണ് വേര്‍പിരിയലിനെക്കുറിച്ച് ബ്‌ളോഗില്‍ ആ കുറിപ്പ് തയാറാക്കിയത്. സിംപതി ആഗ്രഹിച്ചോ കുറ്റപ്പെടുത്തിയോ അല്ല ഇത്തരമൊരു കുറിപ്പു തയാറാക്കിയത്.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പേ ഈയൊരു കടുത്ത തീരുമാനത്തിലേക്കുള്ള യാത്രയിലായിരുന്നു ഞാന്‍. ജീവിതത്തില്‍ എടുത്ത ഏറ്റവും വേദനിപ്പിക്കുന്ന തീരുമാനം, ആരെ സംബന്ധിച്ചും ലളിതമായ ഒന്നായിരിക്കില്ലല്ലോയെന്നും ഗൗതമി ചോദിക്കുന്നു.
കമല്‍ഹാസുമായി ഉണ്ടായിരുന്നത് പാര്‍ട്ണര്‍ഷിപ് ആയിരുന്നു. ഒന്നിച്ച് ഒരു പാതയില്‍ സഞ്ചരിച്ച രണ്ടുപേര്‍. ഒരു പ്രത്യേക ബിന്ദുവിലെത്തിയപ്പോള്‍ രണ്ടുപേരുടെയും വഴി ഒന്നല്ല എന്നു തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിലാണ് പിരിയാന്‍ തീരുമാനിച്ചത്.- ഗൗതമി പറയുന്നു.
എല്ലാവരും ജീവിതത്തില്‍ “സെറ്റില്‍” ചെയ്യുന്ന സമയമാണിത്. ആ സമയത്താണ് ജീവിതം തന്നെ ഞാന്‍ വീണ്ടും തുടങ്ങുന്നത്. ഇതൊരു വെല്ലുവിളി ആണ്. അത് ഞാനിഷ്ടപ്പെടുന്നു, ഏറ്റെടുക്കുന്നു.
ഇതല്ലാതെ മറ്റൊരു വഴി എനിക്കു മുന്നിലുണ്ടായിരുന്നില്ല. ഞാനൊരമ്മയാണ്. മകള്‍ക്കുമുന്നില്‍ ഒരു നല്ല അമ്മയായി ആ ചുമതല നല്ല രീതിയില്‍ നിര്‍വഹിക്കണം.- ഗൗതമി പറയുന്നു.